തൃശൂർ. പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ർക്കെതിരെ അന്വേഷണറിപ്പോർട്ട്. കുട്ടിക്ക് ആന്റി സ്നേക് വെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തിട്ടും മൗനം തുടർന്ന് ആരോഗ്യവകുപ്പ്.
2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കൽ ബിനോയുടെ മകൾ അൻവറിൻ ബിനോയ് എന്ന മൂന്നുവയസുകാരിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പാമ്പുകടിക്കുന്നത്. ബിനോയുടെ മാതാപിതാക്കൾ കുഞ്ഞിനെ കയ്യിൽ വാരിയെടുത്ത് ഇരുചക്രവാഹനത്തിൽ ആശുപത്രിയിൽ എത്തി. എന്നാൽ ചീട്ട് എടുക്കാൻ പറഞ്ഞ് കുടുംബത്തെ ക്യൂവിൽ നിർത്തി. കുട്ടിക്ക് പാമ്പുകടിയേറ്റു എന്ന പലതവണ പറഞ്ഞെങ്കിലും ആന്റി വെനം ഉൾപ്പെടെ നൽകിയില്ല.
ബിനോയ് ഫോണിലൂടെ ഡോക്ടറെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പാമ്പുകടിയേറ്റത്തിന്റെ ചികിത്സ നൽകിയില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ മറ്റൊരാശുപത്രിയിലേക്ക് റഫർ ചെയ്തു. അടിമുടി വീഴ്ച ഉണ്ടായെന്ന കുടുംബത്തിൻറെ പരാതി ശരിവയ്ക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.
ഡോക്ടർക്കെതിരെ നടപടിക്ക് റിപ്പോർട്ടിൽ ശുപാർശ ഉണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇപ്പോഴും മൗനം തുടരുകയാണ്. കുരുന്നു ജീവൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ നിന്ന് മോചിതരാകാതെ കണ്ണീരിലാണ് കുടുംബം




































