തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി; പരാതിയിൽ ഉറച്ച് ഡോക്ടർ ഹാരിസ്, പിന്തുണയ്ക്കാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍

83
Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടർ ഹാരിസ് ചിറക്കല്‍. പരാതിയിൽ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി.

ഡോക്ടർ ഹാരിസ് ചിറക്കലിൻ്റെ തുറന്ന് പറച്ചിലിൽ വൻ പ്രതിരോധത്തിലായതോടെയാണ് അന്വേഷണ സമിതിയെ രൂപീകരിച്ചത്. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധരടങ്ങിയ സംഘം അന്വേഷണം തുടങ്ങി. എല്ലാം തുറന്ന് പറഞ്ഞ ഡോക്ടര്‍ ഹാരിസ് ചിറക്കലിന്‍റെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ച് നില്‍ക്കുകയാണ് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍‍. ഒരു വര്‍ഷമായി ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കെന്ന് ഹാരിസ് വിദഗ്ധസമിതിയെ അറിയിച്ചു. എന്നാല്‍, ഹാരിസിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ പിന്തുണച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രമെന്നാണ് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയെ അറിയിച്ചത്. സൂപ്രണ്ടും പ്രിന്‍സിപ്പലും ഹാരിസിന്‍റെ വാദം തള്ളി കൊണ്ട് മൊഴി നല്‍കി. രേഖകള്‍ മുഴുവന്‍ വിലയിരുത്തിയ ശേഷം വിദഗ്ധ സംഘം വീണ്ടും തെളിവെടുപ്പിനെത്തും.

അതേസമയം, യൂറോളജി വകുപ്പില്‍ ഇന്ന് നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മുടക്കം കൂടാതെ നടക്കുന്നു എന്നാണ് വിവരം. മറ്റുവകുപ്പുകളിലെ അവസ്ഥ കൂടി സമിതി പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലേക്ക് വന്നാൽ എല്ലാം ഒകെയാണെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ കെഎച്ച്ആർ ഡബ്ള്യുഎസിൻ്റെ ഒരു കാത്ത് ലാബ് 8 മാസമായി പ്രവർത്തിക്കുന്നില്ല. അറ്റകുറ്റപ്പണി നടക്കാത്തതാണ് കാരണം. മാസ്റ്റർപ്ലാനിൻ്റെ ഭാഗമായുള്ള എംആർഐ സ്കാൻ യന്ത്രത്തിൻ്റെ പ്രവർത്തനവും തുടങ്ങിയിട്ടില്ല.

Advertisement