തിരുവനന്തപുരം: കുവൈത്തിൽ നിന്ന് രണ്ടു ദിവസം മുൻപ് നാട്ടിലെത്തിയ ആൾ നാഗർകോവിൽ ഭൂതപ്പാണ്ടിക്കു സമീപം കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റോഫർ (51) ആണ് മരിച്ചത്. ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്സാണ്. മക്കൾ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനഷീലയുടെ മാതാവിനോടൊപ്പമാണ് താമസം.
രണ്ടു ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റോഫർ ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. മടക്കയാത്രയിൽ നാവൽക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാർ റോഡരികിലെ അരശിയർ കനാലിലേക്കു മറിയുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ ക്രിസ്റ്റോഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.