തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ തെരഞ്ഞെടുപ്പുകളുടെ ആരവങ്ങൾ ഉയരുകയാണ്. തുടർഭരണത്തിന് തുടർച്ചയാണ് ഇടതു മുന്നണി ലക്ഷ്യം. പത്തു വർഷം കൈവിട്ടു പോയ ഭരണം തിരിച്ചു പിടിക്കാൻ പ്രതിപക്ഷവും ഒരുങ്ങുന്നു. പതിവു കളികൾ മാറ്റി മറിക്കാൻ ബിജെപിയും കരുക്കൾ നീക്കിയതോടെ കേരള രാഷ്ട്രീയം കാൽ വയ്ക്കുന്നത് ആവേശകരമായ ഒരു വർഷത്തിലേയ്ക്കാണ്.
മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിൻറെ പേര് കടമെടുത്താണ് അഞ്ചാം വർഷമാകും മുൻപേ സിപിഎം സാമൂഹ്യ മാധ്യമ പ്രചാരണം തുടങ്ങി. തുടർച്ചയായി മൂന്നാമതും ഇടതു സർക്കാർ എന്നതാണ് സിപിഎം സമ്മേളനങ്ങളിലും നടന്ന പ്രധാന ചർച്ച. നവകേരളത്തിനായി പാർട്ടി പുതുവഴികൾ വെട്ടുന്നതും തുടർഭരണം ലക്ഷ്യമിട്ടാണ്.
എന്നാലും തൊഴിലാളികളെ മറന്ന് സ്വകാര്യ മൂലധനത്തിൽ കണ്ണുവച്ചാൽ എന്താകുമെന്ന ആശങ്കയോട് ഒറ്റയടിക്ക് കടക്ക് പുറത്തെന്ന് പറയാനും എൽഡിഎഫ് സർക്കാർ തയ്യാറല്ല. ഒന്നാം പിണറായി സർക്കാരിൽ എന്നപോലെ രണ്ടാം സർക്കാരിലെ മന്ത്രിമാർ അത്ര പോരെന്ന വിമർശനമുണ്ട്. എന്നാൽ പാർട്ടിയുടെ നോട്ടത്തിൽ മുഖ്യമന്ത്രിയുടെ റേറ്റിങ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഒരു പരിധിയും വയ്ക്കാതെ അടുത്ത തെരഞ്ഞെടുപ്പിൻറെയും നായകനായി പിണറായിയെ നിയോഗിക്കുന്നതും ഈ വിശ്വാസത്തിലാണ്.
സംസ്ഥാനത്ത് ആദ്യം വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്. ഇടത്തോട്ട് ചരിവെന്ന തദ്ദേശ വോട്ടു ചരിത്രം മാറ്റി സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് പരിശ്രമം. തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റുകളെ കോൺഗ്രസ് താക്കോൽ സ്ഥാനം ഏൽപിച്ചതും ഇതുകൊണ്ടാണ്. ചോർന്ന വോട്ടുകൾ തിരിച്ചു പിടിക്കാനും ഇനി ചോരാതിരിക്കാനും സാമുദായിക ചേരുവകൾ ശരിയാക്കിയുള്ള നേതൃനിരയെയാണ് രംഗത്തിറക്കിയത്. അപ്പുറം പോയ കക്ഷികളെ ഇപ്പുറമെത്തിക്കാമെന്ന പ്രതീക്ഷയും യുഡിഎഫിലുണ്ട്. തമ്മിലടിയെന്ന ദുഷപ്പേര് മാറ്റലാണ് പ്രധാന ലക്ഷ്യം.
പ്രൊഫഷണലിനെ പ്രസിഡണ്ടാക്കി സാധാരണ പോരല്ല ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കുന്നു. തൃശൂർ മോഡലിൽ എന്തൊക്കെ ബിജെപി പിടിക്കുമെന്നത് നിർണ്ണായകം. എന്നാൽ ഗ്രൂപ്പിസമെന്ന തലവദന ബിജെപിയിൽ പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇനി ഒരു വർഷം രാഷ്ട്രീയകേരളം കാണാൻ പോകുന്നത് അസാധാരണ പോരാട്ടമാണെന്നത് വ്യക്തമാക്കുന്നതാണ് ഇത്.
വിപുലമായ ആഘോഷം
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിപുലമായ ആഘോഷ പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചിൽ കേക്കു മുറിച്ച് അഞ്ചാം പിറന്നാൾ ആഘോഷിക്കും. രാവിലെ 9ന് ആണ് പരിപാടി. ഏപ്രിൽ 21ന് തുടങ്ങിയ ജില്ലാതല വാർഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും.
കരിദിനമായി ആചരിക്കാൻ യുഡിഎഫ്
പിണറായി സർക്കാറിന്റെ നാലാം വാർഷികം ഇന്ന് കരിദിനമായി യുഡിഎഫ് ആചരിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് പ്രതിഷേധം. പ്രധാന നേതാക്കൾ എല്ലാം മണ്ഡലങ്ങളിൽ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമാകും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും.