കോഴിക്കോട്. കല്ലാച്ചിയിൽ വിവാഹ സംഘത്തെ ആക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടുന്ന കുടുംബത്തെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിലാണ് വളയം പൊലീസ് കേസെടുത്തത്.
ജാതിയേരി -വിഷ്ണുമംഗലം പാലത്തിന് സമീപം കല്ലുമ്മലിൽ വിവാഹ വണ്ടികൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് വ്യത്യസ്ത വിവാഹങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറും ജീപ്പും തമ്മിൽ ഉരസിയതാണ് സംഘർഷത്തിന് വഴി വച്ചത്. ചൊക്യാട് സ്വദേശികളായ പുളിയാവിലെ ചാലിൽ നിധിൻ ലാൽ, ഭാര്യ ആതിര, ഏഴു മാസം പ്രായമുള്ള ഇവരുടെ മകൾ നിതാര എന്നിവർക്കും മറ്റ് രണ്ടുപേർക്കും പരുക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാർ ആക്രമിസംഘം അടിച്ചു തകർക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഘർഷത്തിനിടെ കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അക്രമ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികൾ രക്ഷപ്പെട്ട ഥാർ ജീപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർശനമായ നടപടി ഉടൻ ഉണ്ടാകുമെന്നും വളയം പോലീസ് പറഞ്ഞു.