കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വയോധികക്ക് നേരെ ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലാണ്. കൂളിബസാറിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രതിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശ്ശേരി എരഞ്ഞോളിയിലെ കൂളി ബസാറിൽ വാടക ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുന്ന അറുപതുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
അവരുടെ സുഹൃത്തായ സ്ത്രീയാണ് ക്വാർട്ടേഴ്സിൽ രക്തം വാർന്ന് കിടക്കുന്ന രീതിയിൽ വയോധികയെ കണ്ടത്. ഇരുവരും കൂടി ഒരിടത്ത് പോകാൻ തീരുമാനിച്ചിരുന്നു. കാണാതെ വന്നപ്പോൾ അന്വേഷിച്ചു വന്നതാണ് സുഹൃത്തായ സ്ത്രീ. അപ്പോഴാണ് പരിക്കേറ്റ നിലയിൽ രക്തം വാർന്ന നിലയിൽ ഇവരെ കാണുന്നത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
തലയിൽ കല്ലുകൊണ്ടോ മറ്റോ അടിച്ച രീതിയിലാണ് പരിക്കെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമത്തിനിടെയാണോ അക്രമമെന്ന് സംശയമുണ്ട്. ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരിലൊരാളായ ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.






































