തൃശ്ശൂർ.ബൂസ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 10 വയസ്സുകാരനെ ലൈംഗികമായി പീഢിപ്പിച്ച 52 കാരന് 130 വർഷം കഠിന തടവും, എട്ട് ലക്ഷത്തി 75,000 രൂപ പിഴയും ശിക്ഷ.. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.
2023 ഏപ്രിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെ ബൂസ്റ്റ് തരാം എന്നു പറഞ്ഞാണ് ഇയാൾ വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്.
പിന്നീട് ഒരു പാക്കറ്റ് ബൂസ്റ്റും നൽകി കുട്ടികളെ വീട്ടിൽനിന്നും ഇറക്കിവിടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവം നടന്ന് മാസങ്ങൾക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായ അഭിപ്രായം കേട്ട കുട്ടിയുടെ അമ്മ കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ CPO പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും
എസ്.ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് FIR രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും ചെയ്തു.ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവർ ഹാജരായി.
സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.





































