കൊച്ചി. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാൻ ഒരുങ്ങി പോലീസ്. ഹർജി നൽകിയ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനോട് മൊഴി നൽകാൻ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. അതേസമയം സംഘടനാ തിരക്കുകളാൽ നാളെ മാത്രമേ മൊഴി നൽകാൻ എത്തുകയുള്ളൂ എന്ന് പരാതിക്കാരനും സാക്ഷികളും പോലീസിനെ അറിയിച്ചു.
എറണാകുളം സി.ജെ.എം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരാതിക്കാരൻ മുഹമ്മദ് ഷിയാസിന്റെയും കോൺഗ്രസുകാരായ രണ്ട് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. ഇതിൻെറ ഭാഗമായി
എറണാകുളം സെൻട്രൽ പോലീസ് മൊഴിയെടുക്കാൻ ഹാജരാകാൻ ഫോൺ മുഖേന മൂവർക്കും നിർദ്ദേശം നൽകി. എന്നാൽ പരാതിക്കാരനും രണ്ട് സാക്ഷികളും ഇന്ന് ഹാജരായിട്ടില്ല.
പാർട്ടി പരിപാടി നടക്കുന്നതിനാൽ നാളെയേ ഹാജരാകാൻ ആകൂ എന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി ഉൾപ്പെടുത്തിയാണ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകേണ്ടത്.
നേരത്തെ കേസിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ അല്ല വിവാദ പരാമർശം നടന്നതെന്ന് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചെങ്കിലും മൊഴിയെടുക്കൽ നടക്കാത്തതിനാൽ വൈകാനാണ് സാധ്യത





































