മലപ്പുറം. ട്രിപ്പ് പോവാത്തതിൽ വിരോധം. ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ഡ്രൈവറെയും മകനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വണ്ടൂർ പുളിയെക്കുന്നൻ അജ്മൽ ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം . ഓട്ടോ ഡ്രൈവർ ആയ കാളികാവ് സ്വദേശി ഇല്യാസ് വണ്ടൂർ അങ്ങാടിയിൽ ബസ്റ്റാൻഡിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇല്ലാസിന്റെ ഓട്ടോറിക്ഷയിൽ കയറി ട്രിപ്പ് പോകണമെന്ന് പ്രതി അജ്മൽ ബാബു ആവശ്യപ്പെട്ടു. എന്നാൽ താൻ മറ്റൊരു ട്രിപ്പിന് പോവുകയാണെന്ന് അറിയിച്ചതോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതി പ്രകോപിതനാവുകയും ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ ഇല്യാസിന്റെ മകനും മർദ്ദനമേറ്റു. കല്ല് ഉടുമുണ്ടിൽ കെട്ടി അത് ഉപയോഗിച്ച് തലക്കും മുഖത്തും മർദ്ദിച്ചെന്ന് ഇല്യാസ് . കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു വെന്നും ഓട്ടോ ഡ്രൈവർ പോലീസിൽ നൽകിയ പരാതിയിൽ ഉണ്ട്. പ്രതിക്കെതിരെ വണ്ടൂർ പോലീസ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.






































