മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണം, എന്തും വിളിച്ച് പറയരുത്: വി മുരളീധരനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം:
കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ മോശമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വി മുരളീധരൻ കള്ളം പറയുകയാണ്. അർഹമായ കേന്ദ്രവിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്ന് വിളിച്ചു പറയുകയാണ് മന്ത്രി.

കേന്ദ്രവിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓർക്കണം. റവന്യു കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടുത്തെ ധൂർത്ത് കണ്ടുപിടിക്കാൻ സിഎജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആർക്കാണ് അതിൽ തർക്കമുള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.

ഗവർണർ പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. പ്രതികരണങ്ങൾ കേട്ടാൽ അങ്ങനെയാണ് തോന്നുകയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണക്ക് ചോദിച്ചാൽ മറുപടിയില്ലാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്ന വി മുരളീധരന്റെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു എംവി ഗോവിന്ദൻ.

Advertisement