മോഹൻലാലിനെ കാണാൻ കാത്തിരിപ്പു മതിയാക്കി മാധവിയമ്മ വിടവാങ്ങി

Advertisement

പാലക്കാട്: പ്രിയ നടൻ മോഹൻലാലിനെ കാണാനുള്ള ആഗ്രഹം ബാക്കിയാക്കി ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ (കുട്ടുഅമ്മ–108) യാത്രയായി. 10 വർഷത്തോളമായി ഒലവക്കോട് ചുണ്ണാമ്പുത്തറ ശാന്തിനികേതനം ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള സദനത്തിലെ താമസക്കാരിയായിരുന്നു മാധവിയമ്മ.

കുന്നത്തൂർമേട് റോഡിൽ വഴിതെറ്റി അലഞ്ഞുതിരിഞ്ഞ അമ്മയെ ജനമൈത്രി പൊലീസാണ് ഇവിടെ എത്തിച്ചത്. 2017 സെപ്റ്റംബറിൽ ഷാഫി പറമ്പിൽ എംഎൽഎ ശാന്തിനികേതനം സദനത്തിലെ ഓണാഘോഷത്തിൽ അതിഥിയായി എത്തിയപ്പോഴാണു സ്വപ്നം ഈ അമ്മ പങ്കുവച്ചത്. നടൻ മോഹൻലാലിനെ കാണണമെന്നും അടുത്ത് ഇരുന്നു സംസാരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎ സമൂഹമാധ്യമങ്ങളിലൂടെ മാധവിയമ്മയെ പുറംലോകത്തിനു പരിചയപ്പെടുത്തി. ലാലേട്ടന്റെ താടിയുടെയും മൂക്കിന്റെയും ഭംഗി പോലും എടുത്തുപറഞ്ഞ അമ്മയും ആ നിറചിരിയും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.‘ഒടിയൻ’ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട്ടെത്തുമ്പോൾ മാധവിയമ്മയെ കാണാൻ മോഹൻലാൽ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും തിരക്കു കാരണം സാധിച്ചില്ല.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അമ്മയെ ഷൂട്ടിങ് സ്ഥലത്ത് എത്തിക്കാനും സാധിച്ചില്ല. ശാന്തിനികേതനം സദനത്തിലെ ടിവിയിൽ മോഹൻലാലിന്റെ സിനിമയാണെങ്കിൽ ഒരു മിനിറ്റുപോലും ടിവിക്കു മുന്നിൽനിന്നു മാറാതെ അമ്മ ഇരിക്കാറുണ്ടെന്നും ചാനൽ മാറ്റിയാൽ പിണങ്ങാറുണ്ടെന്നും ശാന്തിനികേതനം ട്രസ്റ്റിലെ സിസ്റ്റർ റസിയ ബാനു പറഞ്ഞു. ഇന്നലെ രാവിലെയായിരുന്നു മരണം. ജൈനിമേട് ശ്മശാനത്തിൽ സംസ്കരിച്ചു.

Advertisement