നിപ്പ: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും

Advertisement

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ പൊതു പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ തുടർച്ചയായ അവധി കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഓൺലൈനായി ക്ലാസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അവധിദിനങ്ങളിൽ കുട്ടികൾ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

Advertisement