വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതി, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന് വിദഗ്ധസംഘത്തിന്‍റെ വിലയിരുത്തല്‍

Advertisement

വയനാട്. ജില്ലയുടെ വികസനത്തില്‍ നാഴികക്കല്ലായേക്കുമെന്ന് വിലയിരുത്തിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് തിരിച്ചടി. എയര്‍ സ്ട്രിപ്പിനായി പരിഗണിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അനുയോജ്യമല്ലെന്നാണ് വിദഗ്ധസംഘത്തിന്‍റെ വിലയിരുത്തല്‍. ഇതോടെ പകരം ഭൂമി കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പദ്ധതി വയനാടിന്‍റെ അനിവാര്യതയെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കുമെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു

വയനാടിന്‍റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ കല്‍പ്പറ്റ ബൈപാസിനടുത്തുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ സാധ്യതയില്ലെന്നാണ് വിദഗ്ധസംഘം വിലയിരുത്തിയത്. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളെ എംഡി ദിനേശ് കുമാര്‍, റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സാധ്യതാപഠനത്തിനെത്തിയത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ വിസ്ത്രീര്‍ണം 1800 മീറ്ററാണ്. ഒരു ഭാഗം വനപ്രദേശമാണ്. മറ്റൊരു വശം കുന്നാണ്. വനത്തിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് താഴ്ന്ന് പറക്കുകയെന്നത് പ്രായോഗികതയല്ല. 1000 മീറ്റര്‍ മാത്രമേ റണ്‍വേക്കായി ഉപയോഗിക്കാന്‍ കഴിയൂ. 1800 മീറ്ററെങ്കിലും നീളമുള്ള എയര്‍സ്ട്രിപ്പ് ഉണ്ടാക്കിയാലേ പദ്ധതി പ്രയോജനകരമാകൂ എന്ന വിലയിരുത്തലാണ് വിദഗ്ധസംഘത്തിനുള്ളത്. ഹെലിപാഡ് ഒരുക്കാനുള്ള സൌകര്യമാത്രമാണ് ഈ എസ്റ്റേറ്റിനുള്ളതെന്നും വിലയിരുത്തലുണ്ട്. പദ്ധതി വയനാടിന്‍റെ വികസനത്തിന് അനിവാര്യതയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പദ്ധതി നടത്തിപ്പുമായിബന്ധപ്പെടുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കും

കല്‍പ്പറ്റ, വൈത്തിരി മേഖലയില്‍ പുതിയ സ്ഥലം കണ്ടെത്താനാണ് വിദഗ്ധസംഘത്തിന്‍റെ നിര്‍ദേശം. നേരത്തെ പരിഗണിച്ചിരുന്ന വാര്യാട്, ചേലോട് എസ്റ്റേറ്റുകളില്‍ കൂടി സാധ്യതാപഠനം നടത്താനാണ് നീക്കം. നേരത്തെ പനമരം,ബത്തേരി,ചിക്കല്ലൂര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു

Advertisement