തിരുവനന്തപുരം. തടവറയില്‍ കിടന്ന് അധോലോകം നിയന്ത്രിക്കുന്ന പലരില്‍ ഒരുവന്‍ ആകാം, എന്നാലും രജീഷ് ഇത്രവലിയ മീനാണോ എന്ന് ഉദ്യോഗസ്ഥര്‍ക്കും ശങ്ക. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ടി കെ രജീഷിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ജയിലിൽ എത്തി രജീഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് ബാംഗ്ലൂരിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിക്കവേ മലയാളിയായ നീരജ് ജോസഫിനെ ബംഗളൂരു കബ്ബൺ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പിസ്റ്റലുകളും 99 ബുള്ളറ്റുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് ഇയാൾ തോക്കുകൾ കടത്തിയതെന്നാണ് നിഗമനം. ടി കെ രജീഷിന്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. പിന്നാലെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് കബൺപാർക്ക് പോലീസ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.
കസ്റ്റഡിയിലെടുത്ത രജീഷിനെ ബംഗളൂരുവിൽ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. രജീഷിന്റെ നിർദ്ദേശപ്രകാരം മുൻപും ആയുധക്കടത്ത് നടത്തിയെന്ന് പ്രതി പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. തടവ് ശിക്ഷ അനുഭവിക്കവെ ടി പി വധക്കേസ് പ്രതികൾ തുടർച്ചയായി കേസുകളിലും ആരോപണങ്ങളിലും ഉൾപ്പെടുന്നു. ടിപി വധക്കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി കിർമാണി മനോജ് എന്നിവർ ജയിലിലിരുന്ന് ക്വട്ടേഷൻ നിയന്ത്രിക്കുകയും ഫോൺ ഉപയോഗിക്കുകയും ചെയ്തുവെന്ന ആരോപണങ്ങൾ അനവധി. മുഹമ്മദ് ഷാഫിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് കൊടി സുനിക്കെതിരെ കേസെടുത്തിരുന്നു. കിർമാണി മനോജാകട്ടെ പരോളിൽ ഇറങ്ങി വയനാട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുത്തതിനും അറസ്റ്റിലായി. ഇതിനിടെയാണ് ടി കെ രജീഷിനെതിരായ പുതിയ കേസ്.