ഫ്ലോറിഡ: നാസയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ആൽടെമിസ് 2 വിക്ഷേപണം വിജയകരം. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പദ്ധതി. യുഎസിലെ ഫ്ലോറിഡയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.6ന് ആയിരുന്നു വിക്ഷേപണം. നാല് ബഹിരാകാശസഞ്ചാരികളുമായി എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നു.
ദൗത്യത്തിന്റെ ഭാഗമായ ഒറിയോൺ പേടകത്തെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചു. നിലവിൽ യാത്രക്കാരുമായി ഭൂമിയെ വലം വയ്‌ക്കുകയാണ് പേടകം. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നാസ പ്ലസ്, നാസ ടിവി പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ചു.
കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ. ഇവർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം യാത്രക്കാരുമായി ഒറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റും. മൂന്ന് ദിവസം യാത്ര ചെയ്താണ് ഒറിയോൺ ചന്ദ്രന്റെ അടുത്തെത്തുക. അവിടെ നാലു ദിവസം. മൂന്ന് ദിവസം യാത്ര ചെയ്ത് തിരികെ ഭൂമിയിലേക്ക്. ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങൾ പരീക്ഷിക്കും.
ബഹിരാകാശ വികിരണങ്ങൾ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കും. ഭൂമിയിലേക്ക് തിരിക്കുംമുമ്പ് ഒരു തവണ ചന്ദ്രനെ പേടകം വലംവയ്ക്കും. യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്ന് 7600 കിലോമീറ്റർ അടുത്തു വരെയെത്തും.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ മനുഷ്യ സാന്നിദ്ധ്യമുള്ള ഒരു താവളം ഒരുക്കാനാണ് ആർട്ടെമിസ് പദ്ധതിയുടെ ലക്ഷ്യം. സ്പേസ് സ്റ്റേഷൻ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണെങ്കിൽ ചന്ദ്രൻ നാലു ലക്ഷം കിലോമീറ്റർ അകലെയാണ്.
10ദിവസത്തിനുള്ളിൽ
പേടകം ഭൂമിയിൽ തിരിച്ചെത്തും.ദൗത്യം പരിപൂർണമായാൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മറ്റ് നാല് പേർ ചന്ദ്രനിൽ ഇറങ്ങും. ആർട്ടെമിസ് 3 ദൗത്യം 2028ൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.2022ൽ ആർട്ടെമിസ് 1 ദൗത്യത്തിൽ ഒറിയോൺ പേടകം മനുഷ്യരില്ലാതെ ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയിരുന്നു. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യർ അവസാനമായി ചന്ദ്രനിലിറങ്ങിയത്.





























