വാഷിങ്ടണ്‍: വെന്വസ്വേലയില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്ക. പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും. രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
































