സാൻഫ്രാൻസിസ്കോ: ബ്രിട്ടീഷ് എയർവേയ്സ് ക്യാബിൻ ക്രൂ ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ച് അധികൃതർ. ജോലിയുടെ ഭാഗമായി സാൻ ഫ്രാൻസിസ്കോയിലെത്തി ഒരു വിമാനത്തിലെ ഡ്യൂട്ടി അവസാനിച്ച് ഹോട്ടൽ മുറിയിലേക്ക് പോയ ജീവനക്കാരൻ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ജോലി ചെയ്യേണ്ടിയിരുന്ന വിമാനത്തിന്റെ തുടർ യാത്ര റദ്ദാക്കേണ്ടി വരികയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് ജീവനക്കാർ തങ്ങിയിരുന്നത്. ഒരു ദിവസം അവധിക്ക് ശേഷം തൊട്ടടുത്ത ദിവസം ജോലിക്കായി ജീവനക്കാരൻ എത്തിയില്ല. ഇക്കാര്യം മറ്റ് ജീവനക്കാർ അധികൃതരെ അറിയിക്കുകയും ഹോട്ടൽ മാനേജ്മെന്റുമായി ബന്ധപ്പെടുകയുമായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സഹപ്രവർത്തകന്റെ ആകസ്മിക മരണം മറ്റ് ജീവനക്കാർക്കുണ്ടാക്കിയ മാനസിക ആഘാതം പരിഗണിച്ച് സാൻഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് സർവീസ് റദ്ദാക്കേണ്ടി വന്നതായും കമ്പനി അറിയിച്ചു. ഇതേ തുടർന്ന് 850 യാത്രക്കാരുടെ യാത്രാ പദ്ധതികൾ മാറ്റേണ്ടി വന്നു. ഇവർക്ക് ഹോട്ടൽ മുറികൾ നൽകി. പകരം യാത്രാ സംവിധാനങ്ങൾ സജ്ജീകരിച്ചുവെങ്കിലും യാത്രക്കാരോട് വിമാനം റദ്ദാക്കേണ്ടി വന്ന സാഹചര്യം അധികൃതർ വിശദീകരിച്ചില്ല.
മരണപ്പെട്ട ജീവനക്കാരന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായി ബ്രിട്ടീഷ് എയർവേയ്സ് ഒരു മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. മരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ബലപ്രയോഗമോ മറ്റെന്തെങ്കിലും ദുരൂഹമായ പ്രവൃത്തികളോ നടന്നതായി പ്രഥമിക പരിശോധനകളിൽ കണ്ടെത്താനായിട്ടില്ല. അധികൃതരുടെ അന്വേഷണവുമായി കമ്പനി സഹകരിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.