ഇസ്രയേലിനെതിരായ ആക്രമണത്തിൽ ആഘോഷപ്രകടനം; ലണ്ടനിൽ പട്രോളിങ് ശക്തമാക്കി– വിഡിയോ

ലണ്ടൻ: പലസ്തീൻ അനുകൂല സായുധ പ്രസ്ഥാനമായ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേലിനു ലോകരാജ്യങ്ങളുടെ ഉറച്ച പിന്തുണ ലഭിക്കുമ്പോഴും, ഇസ്രയേലിനെതിരായ ആക്രമണത്തിൽ ആഘോഷപ്രകടനങ്ങളും വ്യാപകം. ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഉൾപ്പെടെ, പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേലിനെതിരായ ആക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ആഘോഷങ്ങൾ നടന്നു.

ഇതേത്തുടർന്ന് ലണ്ടനിൽ പൊലീസ് പട്രോളിങ് ശക്തമാക്കി. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ഉൾപ്പെടെ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. യുഎസും യുകെയും ഇസ്രയേലിനു പരിപൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്.

അതിനിടെ, ലണ്ടനിൽ ഉൾപ്പെടെ തെരുവുകളിൽ ഹമാസിനു പിന്തുണ നൽകി ആളുകൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പലസ്തീൻ പതാകകൾ കയ്യിലേന്തിയും കാറിന്റെ ഹോണുകൾ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെ നഗരത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പട്രോളിങ് ശക്തമാക്കി.

ഗാസയിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. സംഘർഷം രൂക്ഷമാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രതിഷേധിക്കാനുള്ള ലണ്ടൻ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തുർക്കി, ഇറാൻ, ഇറാഖ്, ജോർദൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഹമാസ് ആക്രമണത്തെ പിന്തുണച്ച് ആഘോഷപ്രകടനങ്ങൾ നടന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാൻ, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പലസ്തീന്റെയും ജറുസലമിന്റെയും വിമോചനം യാഥാർഥ്യമാകുന്നത് വരെ പലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് അലി ഖമനയിയുടെ ഉപദേശകൻ യഹ്‌യ റഹിം സഫാവി പറഞ്ഞു.

ഹമാസ് ആക്രമണം ഇസ്രയേൽ നടത്തുന്ന തുടർച്ചയായ അധിനിവേശങ്ങൾക്കുള്ള മറുപടിയാണെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ് വ്യക്തമാക്കി. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നു പറഞ്ഞ ഖത്തറും കുവൈത്തും ഇരുപക്ഷത്തോടും സംയമനം പാലിക്കാൻ അഭ്യർഥിച്ചു. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നു സൗദി അറേബ്യയും യുഎഇയും ഈജിപ്തും ആഹ്വാനം ചെയ്തു.

Advertisement