‘‘സുഡാനിൽ ഭീകരാവസ്ഥ, ഹോട്ടലുകൾ സൈന്യം കൊള്ളടിക്കുന്നു, മടങ്ങാനാകാത്ത സാഹചര്യം’’

Advertisement

തിരുവനന്തപുരം: ജോലി ചെയ്യുന്ന ഹോട്ടലിനു ചുറ്റുമുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും സുഡാനിലെ അർധ സൈനിക വിഭാഗം കൊള്ളയടിക്കുന്ന ഭീകരാവസ്ഥ കണ്ടാണ് നാട്ടിലേക്കു യാത്ര തിരിച്ചതെന്ന് ഇടുക്കി കല്ലാർ സ്വദേശിയായ ജയേഷ് പറ‍ഞ്ഞു. ഖാർതൂം വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ഒരു വർഷം മുൻപാണ് ജയേഷ് സുഡാനിലേക്ക് പോയത്.

‘‘ദരിദ്ര്യരാജ്യമായതിനാൽ പിടിച്ചുപറിയും മോഷണവും ഉണ്ടായിരുന്നു. ഹർത്താൽപോലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് സെന്യവും അർധ സൈനിക വിഭാഗവുമായി സംഘർഷം ആരംഭിച്ചത്. അർധ സൈനിക വിഭാഗം ഹോട്ടലിലേക്ക് ആക്രമണം നടത്തി. അർധ സൈനിക വിഭാഗത്തിന്റെ വെടികൊണ്ട ആൾ ഹോട്ടലിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് അവർ ഹോട്ടലിൽ കയറിയത്. സൈന്യം ഭക്ഷണവും വെള്ളവുമെല്ലാം കൊണ്ടു പോയി. അടുത്തുള്ള ജ്വല്ലറിയും കടകളും കൊള്ളയടിച്ചു. സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ചശേഷം കത്തിച്ചു. ഹോട്ടലിലെ സുഡാനി ജീവനക്കാർ അർധ സൈനികരുമായി സംസാരിച്ചതിനാൽ ദേഹോപദ്രവം ഉണ്ടായില്ല. മിക്ക ദിവസവും വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്റർ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തത്. ഭക്ഷണ സാധനങ്ങൾ തീരാറായതും സംഘർഷം വ്യാപിച്ചതുമാണ് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. സന്ദർശകരും ജോലിക്കാരും അടക്കം 22 ഇന്ത്യക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ എംബസിയെ അറിയിച്ചു.’’ – ജയേഷ് പറഞ്ഞു.

പോർട്ട് സുഡാനിലേക്ക് എത്താനുള്ള വാഹനത്തിന്റെ പണം നൽകാമെന്ന് അറിയിച്ചപ്പോൾ എംബസി വാഹനം ഏർപ്പാടാക്കി. ഇന്ത്യൻ വ്യോമസേന പോർട്ട് സുഡാനിൽനിന്ന് സൗദിയിലെ ജിദ്ദയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. അവിടെനിന്ന് നാട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പുമാണ് നോക്കിയത്. ഡൽഹിയിലെത്തിയപ്പോൾ കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. പിന്നീട് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് തന്നു. കൊച്ചിയിലെത്തിയപ്പോൾ വീട്ടിലേക്ക് പോകാനുള്ള വാഹനവും ഏർപ്പാടാക്കി. ജോലി ചെയ്തുവന്ന ഹോട്ടലിന്റെ ഉടമസ്ഥന്റെ പേരിലുള്ള രണ്ട് ഹോട്ടലുകളും ആക്രമിക്കപ്പെട്ടതായി ജയേഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സുഡാനിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ അധികൃതരുടെ കണക്കനുസരിച്ച് 207 മലയാളികളാണുളളത്. ഇതിൽ 164 പുരുഷൻമാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3,699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. മലയാളികളിൽ 11 പേർ കേരളത്തിലെത്തി. 8 പേർ കൊച്ചിയിലും 3 പേർ തിരുവനന്തപുരത്തുമാണ് എത്തിയത്.

Advertisement