തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോധ്യമാണ് അവരില്‍ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്.
64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിലാണ് മന്ത്രി വി ശിവന്‍കുട്ടിയെ വേദിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിനന്ദിച്ചത്. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

































