വിസ്‌മയ കേസിലെ പ്രതി കിരൺ കുമാറിനെ വീടുകയറി ആക്രമിച്ചു, മൊബൈൽ ഫോൺ കവർന്നു; യുവാക്കൾക്കെതിരെ കേസ്

Advertisement

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരൺ കുമാറിനെ വീടുകയറി മർദിച്ചതിൽ നാലുപേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി ശൂരനാട് പൊലീസ് കേസടുത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം കാണിച്ചത്.


വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനുമുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയുമായിരുന്നു. ഇതുകണ്ട് പുറത്തേക്കുവന്ന കിരണിനെ ഇവർ മർദിച്ചു. അവശനായ കിരണിന്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയുകയായിരുന്നു. നേരത്തെയും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനുമുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു.


2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here