22.9 C
Kollam
Wednesday 24th December, 2025 | 08:24:05 AM
Home Blog Page 935

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി

മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ എം മുഹമ്മദിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാറംകുടി പാറയില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (25)ആണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മിനിസ്‌ട്രേറ്റ് കോടതിയില്‍ ബുധന്‍ പകല്‍ പന്ത്രണ്ടോടെ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.

പ്രതിയെ ജൂലൈ രണ്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കല്ലൂര്‍ക്കാട് പൊലീസും കോടതിയില്‍ എത്തിയിരുന്നു. രണ്ടാം പ്രതി തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് ഭാഗം മാളിയേക്കല്‍ വീട്ടില്‍ ആസിഫ് (24) നെ പിടികൂടാനുള്ള അന്വേഷണം പാെലീസ് തുടരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊടുപുഴയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാന്‍കുന്ന് വീട്ടില്‍ ഷാഹിദ് (27), കാരക്കോട് വീട്ടില്‍ റഫ്‌സല്‍ (24) എന്നിവരെ വിട്ടിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് നാലരയോടെ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ നാഗപ്പുഴ വഴിയാഞ്ചിറയാണ് സംഭവം.

പാെലീസ് വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുവഴി കാറില്‍ എത്തിയ ഷെരീഫും ആസിഫും എസ് ഐ മുഹമ്മദിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. ഷെരീഫ് ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ തൊടുപുഴ വെങ്ങല്ലൂരിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പിറ്റേന്ന് പാെലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന വിഭാഗം എത്തി കാര്‍ പരിശോധിച്ചു. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതികള്‍ ഒളിവിലായിരുന്നു. മുമ്പ് അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്റെ നിയമനടപടികള്‍ക്കായി കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം ഇരുവരും തിരികെ പോകുന്നതിനിടെയാണ് സംഭവം.

കാര്‍ നിര്‍ത്താതെ വേഗത്തില്‍ പൊലീസിനെ വെട്ടിച്ച് കടന്നു പോകുമ്പോഴാണ് എസ് ഐ യെ ഇടിച്ചിട്ടത്. വലതുകാലിലൂടെ കാര്‍ കയറിയിറങ്ങിയതിനാല്‍ പാദത്തിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന എസ് ഐ മുഹമ്മദ് ആശുപത്രി വിട്ടു. മുഹമ്മദ് ഷെരീഫ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആസിഫ് ഡ്രൈവറാണ്.ഒന്നാം പ്രതി ആസിഫ് ഉടന്‍ പടിയിലാകുമെന്ന് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മറ്റു വിവരങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നാളെ KSU വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട .കെഎസ്‍യു സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി മെബിൻ നിരവേൽ ഉൾപ്പെടെയുള്ള കെഎസ്‍യു നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ചു നാളെ 19/06/2025 വ്യാഴം ജില്ലയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെഎസ് യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അറിയിച്ചു



രാജ്യത്ത് ഹൈവേ യാത്രകൾക്കായി പുതിയ വാർഷിക പാസ്, നടപടി ഇങ്ങനെ

ന്യൂഡെല്‍ഹി. രാജ്യത്ത് ഹൈവേ യാത്രകൾക്കായി പുതിയ വാർഷിക പാസ് പ്രഖ്യാപിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 3000 രൂപയാണ് ഫാസ്റ്റ് ടാഗ് അതിഷ്ഠിത പാസിന് നൽക്കേണ്ടത്.
2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ വരും.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ ദേശീയ പാതകളിലൂടെയുള്ള ചെലവ് കുറഞ്ഞതും തടസ്സരഹിതവുമായ യാത്രയാണ് വാർഷിക പാസിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും, സമയ നഷ്ടവും ഒഴിവാക്കാം. വാർഷിക പാസ് എടുക്കുന്നവർക്ക് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 സൗജന്യ യാത്രകൾ എന്നതാകും കാലാവധി. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കൂ.
ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാർഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‍കരി അവകാശപ്പെട്ടു.
രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് എന്നിവയിലെ ലിങ്ക് വഴി പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും. 60 കിലോമീറ്റർ ഇടവിട്ട് ടോൾ പ്ലാസകളിൽ നിർത്തി പണം നൽകേണ്ടിയും വരില്ല. ഈ വർഷം ഓഗസ്റ്റ് 15 മുതലാകും പാസ് പ്രാബല്യത്തിൽ വരിക.

കാസർഗോഡ് ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു

കാസർഗോഡ്. ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു. മാലിക് ദിനാറിൽ തീർത്ഥയാത്രയ്ക്ക് എത്തിയ ബംഗളൂരു ഡിജെഹള്ളി സ്വദേശി മുജാഹിദീന്റെ മകൻ ഫൈസാൻ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ സഹോദരൻ സക്ലീൻ കാൽതെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഫൈസാൻ മരിച്ചത്. പരുക്കേറ്റ സക്ളീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളിയലം നരിക്കുന്നിൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കിളിയലം പാലത്തിന് സമീപം തോട്ടിൽ മരത്തിൽ തടഞ്ഞ നിലയിൽ ആയിരുന്നു 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം മീഞ്ചയിൽ വീട്ടുമതിലിടിഞ്ഞു. മിയപദവ് സ്വദേശി ബാബുവിന്റെ വീട്ടുമതിലാണ് ഇടിഞ്ഞത്. പറമ്പ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. പറമ്പ സ്വദേശി ശ്യാം കമലിനെതിരെയാണ് കേസെടുത്തത്. വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 6 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരയാത്ര മഹാ റാലിയോടെ സമാപിച്ചു

തിരുവനന്തപുരം. വേതന വർദ്ധനവ് ആവശ്യപ്പെട്ട് 129 ദിവസമായി ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരയാത്ര തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനം ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിച്ചത്. അതെ സമയം കേരളത്തിലെ മുഴുവൻ ആശമാർക്കും സർക്കാർ ഇന്ന് ഓൺലൈൻ ട്രെയിനിങ് വെച്ചത് വിവാദമായി.

രാവിലെ പി എം ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേർന്ന റാലിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആശമാർ അണിനിരന്നു…

മഹാ റാലിയായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയ സമരജാഥ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു..

ആശമാരുടെ പ്രശ്നം പരിഹരിക്കപ്പെടാൻ അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ എത്തണമെന്ന് ആശാവർക്കർമാരുടെ നേതാവ് എസ്.മിനി

ആശമാര്‍ നിർബന്ധമായി ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന നിർദേശം സമരം പൊളിക്കാനുള്ള സർക്കാർ നീക്കമെന്നാണ് ആശമാർ ആരോപിക്കുന്നത്. സമരം ചെയ്ത ഒരു വിഭാഗം ആശാവർക്കർമാർ ഓൺലൈൻ ട്രെയിനിംഗിൽ നിന്നും വിട്ടുനിന്നു.
സമരത്തിന്റെ നാലാം ഘട്ടമായ രാപകൽ സമര യാത്ര അവസാനിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് കേരള ആശാ വർക്കേഴ്സ് ഹെൽത്ത് അസോസിയേഷന്റെ തീരുമാനം

നായപ്പല്ലില്‍ വിറങ്ങലിച്ച് കണ്ണൂർ നഗരം

കണ്ണൂർ. തെരുവുനായ ആക്രമണത്തിൽ പൊറുതിമുട്ടി കണ്ണൂർ നഗരം. രണ്ട് ദിവസത്തിനിടെ 72 പേർക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാൻ കഴിയാത്തത് കോർപ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എൽ ഡി എഫ് പ്രവർത്തകർ കൗൺസിൽ യോഗത്തിലും പുറത്തും പ്രതിഷേധിച്ചു. തെരുവുനായ ശല്യം തടയാൻ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചെന്നാണ് കോർപ്പറേഷന്റെ ആരോപണം

രണ്ട് വയസുള്ള കുട്ടി ഉൾപ്പടെ ഇന്ന് 16 പേർ തെരുവുനായ ആക്രമണത്തിന് ഇരയായി. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്

തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അലഞ്ഞുനടക്കുന്ന നായകളെ പിടികൂടാൻ ജില്ലാ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു

ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രങ്ങൾ പൂട്ടിയതാണ് തെരുവ് നായിക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് കോർപ്പറേഷന്റെ ആരോപണം. അക്രമകാരികൾ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കോപ്പറേഷൻ നടപടി എടുക്കുന്നില്ലന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ കൗൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു

കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴി ചാരുമ്പോഴും നായപേടിയിൽ വിറച്ചുനിൽക്കുകയാണ് കണ്ണൂർ നഗരം.

മഹാത്മാ അയ്യൻകാളി അനുസ്മരണം

ശാസ്താംകോട്ട:കെഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 84-ാമത് മഹാത്മാ അയ്യൻകാളി അനുസ്മരണം സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ഐവർകാല ദിലീപ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ശൂരനാട് അജി അധ്യക്ഷത വഹിച്ചു.യോഗത്തിൽ ബി.ആർ അംബേദ്ക്കർ സ്റ്റഡിസെൻ്റർ സംസ്ഥാന ചെയർമാൻ ബോബൻ.ജി.നാഥ്,കൈരളി സുരേഷ്,കെ.കൃഷ്ണൻ,കെ.ശശി,വിജി.എൻ,ബ്ലെസൻ ഐസക്,മല്ലിക ബാലക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.

40 ലക്ഷം രൂപ ചെലവിൽ വെസ്റ്റ് കല്ലട എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന ഓപ്പൺ ആഡിറ്റോറിയത്തിന് ശിലയിട്ടു

ശാസ്താംകോട്ട:ജില്ലാ പഞ്ചായത്തിൻ്റെ പ്രത്യേക ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച് വെസ്റ്റ് കല്ലട എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന ഓപ്പൺ ആഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ
ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡൻ്റ്
കെ.സുധീർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽ.സുധ ജെ.അംബികകുമാരി, വി. രതീഷ്,വാർഡ് മെമ്പർ സിന്ധു.വി,അനിൽ,പ്രിൻസിപ്പാൾ ജോയി ജോസഫ്,എച്ച്.എം സുമ,എസ്എംസി ചെയർമാൻ ആർ.സി പ്രസാദ്,എഇ ലിജി,ഗോപാലകൃഷ്ണപിള്ള,ശങ്കരപിള്ള, മാതൃസമിതി ഭാരവാഹികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

റോഡിലെ വെള്ളക്കെട്ട്, കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

കുന്നത്തൂർ:നെടിയവിള സ്കൂളിലേക്കുള്ള റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാറിനെ ഉപരോധിച്ചു.മഴക്കാലമായതിനാൽ റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകാൻ താത്ക്കാലിക നടപടി സ്വീകരിക്കാമെന്നും മഴ മാറിയ ശേഷം ശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മാണം നടത്താമെന്നും സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.നേതാക്കളായ കാരയ്ക്കാട്ട് അനിൽ,അരുൺ തൈക്കൂട്ടം,ഹരി പുത്തനമ്പലം,ഹരികുമാർ കുന്നത്തൂർ,ഉമേഷ് കുന്നത്തൂർ,ആരോമൽ രാജീവ്,അനീഷ് പഴവരിക്കൽ,റ്റിബിൻ തമ്പി,ബാലു മധു എന്നിവർ നേതൃത്വം നൽകി.