Home Blog Page 930

ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍

ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് അന്ത്യശാസനവുമായി ഇസ്രയേല്‍. ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരെന്നും കാട്സ് പറഞ്ഞു. 

ഇസ്രയേ‍ല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാന്‍റെ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം. ആശുപത്രിയിലേക്ക്  തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വടകര: വടകര താഴെ അങ്ങാടി ചിറക്കൽ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാൻ്റവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം നീന്താനിറങ്ങിയതായിരുന്നു.


കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. താഴെ അങ്ങാടിയിലായിരുന്ന കുടുംബം ഇപ്പോൾ തണീർപന്തലിലാണ് താമസം. നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി പുറത്തെടുത്ത സഹലിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഗവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോളിംഗ് ശതമാനം 59.68; ഷൗക്കത്തിന്റെ ആലിംഗനത്തിൽ നിന്നും ഒഴിഞ്ഞുമാറി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ പോളിങ് ബൂത്തുകളിൽ നേർക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോൾ തിരിഞ്ഞു നടന്നു.


തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നാട് പകർന്നുനൽകിയ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ നഗരസഭയിലെ മാങ്കുത്ത് ജിഎൽപി സ്കൂൾ 202ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).

ശാസ്താംകോട്ട ‘ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്  കേബിളുകളും, അനുബന്ധ സാധനങ്ങളും ഉപേക്ഷിച്ച നിലയിൽ അപകടമാകുമെന്ന് നാട്ടുകാർ ,മൈൻഡ് ചെയ്യാതെ അധികൃതർ

ശാസ്താംകോട്ട. ‘ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ജംഗ്ഷൻ കേന്ദ്രീകരിച്ചു കേബിളുകളും, അനുബന്ധ സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ, അപകടകര മായ രീതിയിൽ അലക്ഷ്യമായി കിടക്കുന്നു. നിരവധി കാൽനട യാത്രകരും, സ്കൂൾ കുട്ടികളും കേബിളിലിൽ കാൽ കുരുങ്ങി വീഴുന്ന സാഹചര്യം ഉണ്ടായി, ഭരണിക്കാവ് റോഡിൽ മാർക്കറ്റിനു സമീപം വലിയ കുഴി എടുത്തു യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ വിട്ടിരിക്കയാണ്. വാഹനങ്ങളും, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാകുന്നു. നിരവധി തവണ ബന്ധപ്പെട്ട ഇലെക്ട്രിസിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടാകുന്നുവെന്നാണ് ആക്ഷേപം. ഉടൻ പരിഹാരം ഉണ്ടായില്ലങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗവുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും നാട്ടുകാർ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.
എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തില്‍ പോകണം, സ്ഥാനാര്‍ത്ഥിക്കൊപ്പം എവിടെ വേദിയില്‍ പോകണം തുടങ്ങിയ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നില്‍ക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താന്‍ കാണിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.

സ്റ്റോര്‍ റൂമിലെ കോടികള്‍,ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി. ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി
യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്.
യശ്വന്ത് വര്‍മയോ, ബന്ധപ്പെട്ടവരോ അറിയാതെ പണം വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.

പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പത്ത് ദിവസം നീണ്ട അന്വേഷണത്തിൽ 55 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിരുന്നു. അന്വേഷണത്തിൽ പണം ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം അവിടെ സൂക്ഷിക്കാൻ ആകില്ല. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂമിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. വലിയ തുകയുടെ പണമാണ് ഉണ്ടായിരുന്നത്. കത്തിക്കരിഞ്ഞ നിലയിൽ അഞ്ഞൂറിൻറെ കെട്ടുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. ഇതിൻറെ ഫോട്ടോയും ഉദ്യോഗസ്ഥർ എടുത്തു. എന്നാൽ പണം കണ്ട കാര്യം പുറത്തുപറയരുതെന്ന് ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. മൊഴികളും, ഇലക്ട്രോണിക് തെളിവുകളും നിരാകരിക്കാൻ ജഡ്ജിക്കായില്ല. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് ശർമ്മക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട്. മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. നിയമ മാധ്യമ സ്ഥാപനമായ The Leaflet ആണ് അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടത് .

ഏകീകൃതകുർബാന നടത്തണമെന്ന് ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം

കൊച്ചി. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃതകുർബാന നടത്തണമെന്ന് ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്കും സഭാസ്ഥാനത്തേക്കുമാണ് വിശ്വാസികൾ കുരിശേന്തി പ്രതിഷേധിച്ചത്. ഇന്ന് നടക്കുന്ന വൈദിക സമിതി കാനോനിക നിയമങ്ങൾക്കെതിരാണെന്നും മാർ റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയും സഭയെ പിളർത്താൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

നാളുകളായി തുടരുന്ന ഏകീകൃതകുർബാന തർക്കത്തിൽ പരിഹാരമില്ലാതെ എറണാകുളം അങ്കമാലി അതിരൂപത. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാലാരിവട്ടം റിന്യൂവൽ സെന്ററിൽ ഏകീകൃത കുർബാനയ്ക്കെതിരെ നിൽക്കുന്ന വൈദികരെ ചേർത്തുകൊണ്ട് വൈദിക സമിതി നടക്കുന്നതിനിടെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.

പ്രതിഷേധക്കാരെ അതിരാവിലെ തന്നെ സെന്റ് തോമസ് മൗണ്ടന്റെ ഗേറ്റിൽ പോലീസ് തടഞ്ഞു. വൈദിക സമിതിയിൽ ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികർ വിട്ടുനിൽക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ ഭാഗമായാണ് പ്രതിഷേധം. കൂരിയ പിരിച്ചുവിടുവാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിഷേധക്കാർ. നിലവിൽ വത്തിക്കാനിൽ അടക്കം വിഷയത്തിൽ പരാതി ചെന്നിട്ടുണ്ട്.

കേരളത്തിന്റെ വരദാനം, ലെജൻഡ് പുകഴ്ത്ത് കേട്ടിട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി

തിരുവനന്തപുരം. സ്വാഗതപ്രാസംഗികന്റെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കാൻ സംഘാടകർ നിർദേശം നൽകി. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, ലെജൻഡ് എന്നിങ്ങനെയായിരുന്നു പുകഴ്ത്തൽ.

വേദി തിരുവനന്തപുരം ടാഗോർ തിയേറ്റർ. വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍ എൻ ബാലഗോപാൽ

പുകഴ്ത്തൽ പരിധി വിട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. കാര്യം പിടികിട്ടിയ പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം സംഘാടകരെ അറിയിച്ചു. വേദിയിൽ ഉണ്ടായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും പ്രസംഗം ചുരുക്കാൻ നിർദ്ദേശിച്ചു

പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞെങ്കിലും പിന്നെയും മിനിറ്റുകളോളം നീണ്ടു. 20 മിനിട്ടാണ് സ്വാഗത പ്രസംഗം നീണ്ടത്. കുറിപ്പ് കയ്യിൽ കിട്ടിയതോടെ ഇനി പ്രസംഗിച്ചാൽ മുഖ്യമന്ത്രി ദേഷ്യപ്പെടും എന്ന് പറഞ്ഞാണ് പ്രാസംഗികൻ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്

കപ്പൽ അപകടങ്ങളിൽ ചര്‍ച്ച മതിയോ,നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തത് എന്ത് കൊണ്ടെന്ന് കോടതി

കൊച്ചി. കേരള തീരത്തുണ്ടായ കപ്പൽ അപകടങ്ങളിൽ കമ്പനിയുമായി ചർച്ച നടത്തുന്നു എന്ന സംസ്ഥാന സർക്കാർ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി.നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു.ചർച്ചകൾ നടത്തി വിഷയം സങ്കീർണ്ണമാക്കേണ്ട എന്നും കോടതി നിർദ്ദേശിച്ചു. അതെ സമയം കപ്പലപകടത്തിൽ കണ്ടെയിനറുകൾ കരയ്ക്കടിഞ്ഞ ജില്ലകളിലെ കളക്ടർമാർ വഴി അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാൻ സർക്കാരും ആലോചന ആരംഭിച്ചു. കേസന്വേഷണ ചുമതല തീരദേശ ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും കൈമാറി

എം എസ് സി എൽസ, വാൻഹായി കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് നഷ്ടപരിഹാരത്തിന് ചർച്ചകൾ നടക്കുന്നു എന്ന വിവരം സർക്കാർ ഹൈക്കോടതിയെ അറിയച്ചത്. ഇതിനായി കമ്മിറ്റി രൂപീകരിച്ചതായും സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് നഷ്ടപരിഹാരത്തിനായി എന്ത് കൊണ്ട് കോടതിയെ സമീപിച്ചില്ല എന്നും, ചർച്ചകളിൽ സുതാര്യത ഉണ്ടോ എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചത്. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനും, ചർച്ചകൾ നടത്തി വിഷയം സങ്കീർണ്ണമാക്കേണ്ട എന്നും കോടതി പറഞ്ഞു.ഹർജി വീണഅടും പരിഗണിക്കുന്നതിനായി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. അതെ സമയം കപ്പലപകടത്തിൽ അന്വേഷണം തീരദേശ ഐ ജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് സർക്കാർ കൈമാറി. വിവിധ കോസ്റ്റൽ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക. അപകടത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ കണ്ടെയിനറുകൾ കരയ്ക്കടിഞ്ഞ ജില്ലകളിലെ കളക്ടർമാർ വഴി ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി തല ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഹൈക്കോടതി അനിഷ്ടം പ്രകടിപ്പിച്ച സാഹചര്യത്തിൽ കപ്പലടപകട വിഷയത്തിൽ ഇനി സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.

അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ,കാരണം ഇത്

ന്യൂഡെല്‍ഹി. വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ . ജൂലൈ പകുതി വരെ നിയന്ത്രണം തുടർന്നേക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷ പരിശോധനകളും, ഇറാൻ ഇസ്രയേൽ സംഘർഷം കാരണം വ്യോമപാതകളിൽ നേരിടുന്ന തടസവുമാണ് തീരുമാനത്തിന് പിന്നിൽ.

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ ഡിജിസിഎ നിർദേശിച്ച നിർബന്ധിത സുരക്ഷാ പരിശോധന, അന്താരാഷ്ട്ര സംഭവവികാസങ്ങളെ തുടർന്നുള്ള വ്യോമപാത അടയ്ക്കൽ , സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ നടപടി. സർവീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സർവീസുകൾ കൂട്ടത്തോടെ ചുരുക്കിയ സാഹചര്യത്തിൽ, നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ വിമാന സർവീസ് ഒരുക്കും. അതിനു സാധിച്ചില്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും മടക്കി നൽകും. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ കാരണങ്ങളാൽ 83 അന്താരാഷ്ട്ര വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. അതേസമയം എയർ ഇന്ത്യയുടെ ബോയിങ് 787 ശ്രേണിയിലുള്ള വിമാനങ്ങളിലെ സുരക്ഷാ പരിശോധന ഭൂരിഭാഗവും പൂർത്തിയായതായി കമ്പനി അറിയിച്ചു. 33 ബോയിങ് വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന കഴിഞ്ഞു. ബാക്കിയുള്ളവയുടെ പരിശോധന വരും ദിവസങ്ങളിൽ പൂർത്തിയാക്കും.