Home Blog Page 919

കുറച്ചൊക്കെ പറ്റുമായിരിക്കും, ഇസ്രയേലിന് അതിനുള്ള കഴിവില്ലെന്ന് തുറന്ന് പറഞ്ഞ് ട്രംപ്; ‘ഞാൻ സമാധാനദൂതൻ’

വാഷിംഗ്ടണ്‍: യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ ഇറാനെതിരായ ആക്രമണങ്ങളിൽ ശ്രദ്ധേയമായ സൈനിക മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അവര്‍ക്ക് കപ്പാസിറ്റിയില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് തുറന്ന് പറഞ്ഞത്. ന്യൂജേഴ്‌സിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിന്‍റെ സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനും ടെഹ്‌റാനുമായി നയതന്ത്രപരമായ നീക്കങ്ങൾ തുടരുന്നതിനും ഇടയിൽ ട്രംപ് സന്തുലിതാവസ്ഥ പാലിക്കുകയാണ്. അവർക്ക് വളരെ പരിമിതമായ ശേഷിയാണുള്ളതെന്ന് ഇസ്രയേലിന്‍റെ ഭൂഗർഭ ആണവ കേന്ദ്രത്തെ ലക്ഷ്യമിടാനുള്ള കഴിവിനെക്കുറിച്ച് ട്രംപ് പറഞ്ഞു. അവർക്ക് ഒരു ചെറിയ ഭാഗം തകർക്കാൻ കഴിഞ്ഞേക്കും, പക്ഷേ അവർക്ക് വളരെ ആഴത്തിൽ പോകാൻ കഴിയില്ല. കാരണം അവർക്ക് ആ കഴിവില്ല എന്നാണ് ട്രംപിന്‍റെ വാക്കുകൾ.

ഇറാൻ -ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് യുഎസ് പ്രസിഡന്‍റിന്‍റെ ഈ പരാമർശങ്ങൾ. നയതന്ത്രത്തിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുന്നതിനൊപ്പം, സൈനിക നടപടികൾ നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത് നിലവിൽ അസാധ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഒരാൾ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത് വളരെ പ്രയാസമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ – ഇറാൻ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച യൂറോപ്യൻ രാജ്യങ്ങളെയും ട്രംപ് തള്ളിപ്പറഞ്ഞു. ഇറാൻ യൂറോപ്പുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് യുഎസിനോട് സംസാരിക്കാനാണ് ആഗ്രഹം. ഈ വിഷയത്തിൽ യൂറോപ്പിന് സഹായിക്കാൻ കഴിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. “ഞാൻ എപ്പോഴും ഒരു സമാധാന ദൂതനായിരിക്കും. എന്നാൽ ചിലപ്പോൾ സമാധാനം സ്ഥാപിക്കാൻ അൽപ്പം കടുപ്പം ആവശ്യമാണ്” എന്നും യുഎസ് സൈനിക ഇടപെടൽ തള്ളിക്കൊണ്ട് ട്രംപ് പറഞ്ഞു.

ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്

കൊച്ചി.ഓൺലൈൻ തട്ടിപ്പിനിരയായി അമൃത സുരേഷ്

45,000 രൂപ നഷ്ടപ്പെട്ടു വന്ന ഗായിക അമൃത സുരേഷ്

വാട്സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട സന്ദേശം വന്നു

വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിർദ്ദേശം

പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചു

ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക

‘യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു’; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി; ഇന്ന് 11ാമത് അന്താരാഷ്ട്ര യോഗ ദിനം

തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി.

മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ യോഗ സംഘടിപ്പിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും. ഡൽഹിയിൽ കർത്തവ്യപഥിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ ജെ.പി നദ്ദ പങ്കെടുക്കും.

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ഡൽഹിയിൽ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീർ സ്വദേശികൾ; കൂടുതൽ വിമാന സർവീസ് നടത്താമെന്ന് ഇറാൻ

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ഡൽഹിയിൽ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീർ സ്വദേശികൾ; കൂടുതൽ വിമാന സർവീസ് നടത്താമെന്ന് ഇറാൻ

ന്യൂഡൽഹി: ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് വന്നവരിൽ ഏറെയും. അഷ്ഗാബത്തിൽ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധു ദൗത്യത്തിനായി വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാൻ എംബസി അറിയിച്ചു.

ഇന്നലെ രാത്രി 11.30 ന് ദില്ലിയിലെത്തിയ വിമാനത്തിൽ 290 പേരാണ് തിരിച്ചെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തിൽ 200ൽ അധികം പേരും ഉണ്ടായിരുന്നു. വന്നവരിൽ 190 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ഡൽഹി, ഹരിയാന, കർണാടക, ബംഗാൾ സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ പതാക കൈയിലേന്തി ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്. ഇന്ന് വൈകീട്ട് ഒരു വിമാനം കൂടി ഡൽഹിയിൽ എത്തും.

പാരീസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്

പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയില്‍ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്.

ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗില്‍ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണില്‍ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ദോഹ മീറ്റില്‍ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മത്സരിക്കുന്നത്. 2017-ല്‍ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

ഇസ്രയേലിലേക്ക് മിസൈലുകള്‍ പായിച്ച്‌ ഇറാൻ; നിരവധി വാഹനങ്ങളും വീടുകളും തകര്‍ന്നു

ടെൽ അവീവ്:
ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേല്‍ ബീർഷെബയില്‍ താമസസ്ഥലങ്ങള്‍ക്കുനേരെയാണ് ഇറാൻ ആക്രമണം നടന്നത്.

ആക്രമണത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായ സൈറനുകള്‍ മുഴങ്ങുന്നു.

ഇറാന്റെ നിരവധി ഡ്രോണുകള്‍ ഇന്നലെ രാത്രി ഇസ്രയേല്‍ തകർത്തിരുന്നു. ഇന്നലെ ബീർഷെബയിലെ സൊറോക്കോ ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേല്‍ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങള്‍ ആക്രണത്തില്‍ പങ്കെടുത്തെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ തകർന്ന ഇസ്രായേലി നഗരങ്ങളില്‍ പുനർ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.

ലോക സമാധാനം നിലനിർത്തുന്നതിൽ ചർച്ചകൾക്കുള്ള പങ്ക് നാം പാഠമാക്കണം: ബിഷപ്പ് ഡോ ഓസ്റ്റിൻ എം എ പോൾ

തിരുവനന്തപുരം: ലോകരാജ്യങ്ങൾ തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ അതിജീവിക്കുന്നത് ചർച്ചകളിലൂടെയാണ്. അതിനാൽ സമാധാന സാഹചര്യം സൃഷ്ടിക്കുന്നതിൽ ചർച്ചകൾക്കുള്ള പങ്ക് നാം പാഠമാക്കണമെന്ന് സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ ഓസ്റ്റിൻ എം എ പോൾ പറഞ്ഞു. ക്രൈസ്തവ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഭാഐക്യ പ്രസ്ഥാനങ്ങൾ ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ ഡയലോഗ് കമ്മീഷന്റെയും കെ. സി. സി. അതിയന്നൂർ സോണിന്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സി. സി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി റവ. ഡോ. എൽ. റ്റി. പവിത്രസിംഗ് അധ്യക്ഷനായിരുന്ന യോഗത്തിൽ നെയ്യാറ്റിൻകര അസംബ്ലി സെക്രട്ടറി റവ. ഷൈൻ ഡി ലോറൻസ്, റവ. വിപിൻ ജി ക്ലമന്റ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ്‌ റവ. എ. ആർ. നോബിൾ, ഡയലോഗ് കമ്മീഷൻ ചെയർമാൻ റവ. എസ്. സ്റ്റാൻലി ജോൺസ്, എക്സിക്യൂട്ടീവ് അംഗം റവ. റ്റി. ആർ. സത്യരാജ് എന്നിവർ പ്രസംഗിച്ചു.

നിലമ്പൂരിൽ എം സ്വരാജിന്റെ വിജയം ഉറപ്പെന്ന് സി പി എം ; യുഡിഎഫില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകും – എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുമെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

സ്ഥാനാർത്ഥി പാർട്ടി ചിഹ്നത്തില്‍ മത്സരിച്ചത് ഇടതുവോട്ട് ഒന്നിപ്പിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചർച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതിന് നേട്ടമായി. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതു മുന്നണിക്കൊപ്പം നിന്നെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്. യോഗം വിലയിരുത്തി.

നിലമ്പൂർ മണ്ഡലത്തില്‍ സ്വരാജ് വൻഭൂരിപക്ഷത്തോടെ വലിയ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ‘യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെയും കള്ളക്കഥകളെയും തുറന്നുകാട്ടാൻ കഴിഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ ശ്രമം ജനങ്ങള്‍ തള്ളിക്കളഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാട്ടാനും വർഗീയ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എല്‍ഡിഎഫിനു കഴിഞ്ഞു. ഇടത് സ്ഥാനാർത്ഥിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കോണ്‍ഗ്രസിനകത്തെ തർക്കങ്ങള്‍ കൂടുതല്‍ ശക്തിയായി പുറത്തുവരുന്നതിന് തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. നിലമ്പൂരിന് ശേഷം യുഡിഎഫിന് അകത്ത് വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകും’- ഗോവിന്ദൻ പറഞ്ഞു.

പ്രിൻസിപ്പാൾ തസ്തികയില്ലാതെ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്നു

ശാസ്താംകോട്ട :സ്ഥിരമായ പ്രിൻസിപ്പാൾമാർ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി ഉയരുന്നു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്,ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ എന്നിവ ഏകീകരിച്ച് 2019 മെയ്‌ 31ന് ഉത്തരവായിട്ടും വി.എച്ച്.എസ്.ഇ സ്കൂളുകളിൽ മാത്രം പ്രിൻസിപ്പാൾ തസ്തിക സൃഷ്ടിക്കാത്തത് സ്കൂൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അധ്യാപക സംഘടനകൾ ആരോപിക്കുന്നു.2019 ഫെബ്രുവരി 28ന് സർക്കാർ അംഗീകരിച്ച ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ യോഗ്യതയുള്ള അധ്യാപകരെ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തി പ്രിൻസിപ്പാൾമാരായി നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.ഇത് സംബന്ധിച്ച തുടർനടപടികൾ ഉണ്ടായിട്ടില്ലാത്തതും 1380 രൂപ പ്രത്യേക അലവൻസ് നൽകി സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പാൾ ഇൻ -ചാർജ് ചുമതല മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്.ഹയർസെക്കൻ്ററി പ്രിൻസിപ്പാൾമാർക്ക് എട്ട് പീരിയഡാണ് ആഴ്ചയിൽ നിജപ്പെടുത്തിയിട്ടുള്ളത്.എന്നാൽ വി.എച്ച്.എസ്.ഇ സ്കൂളുകളിൽ പ്രിൻസിപ്പാളിന്റെ ചുമതലയുള്ള അധ്യാപകർ 24 മണിക്കൂർ വരെ ക്ലാസ് എടുക്കേണ്ടതായി വരുന്നു.ഇതിനൊപ്പം സ്കൂളിന്റെ പൂർണ്ണ ചുമതലയും എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതിയുടെ അധിക ചുമതലയും വഹിക്കേണ്ടി വരുന്നതിനാൽ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും അധ്യാപകർ പറയുന്നു.യോഗ്യതയുള്ള അധ്യാപകരെ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്നും ഖാദർ കമ്മീഷൻ നിർദ്ദേശം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി,പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നോൺ വൊക്കേഷണൽ ലെക്ചറേഴ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.ടി ശ്രീകുമാർ,ജനറൽ സെക്രട്ടറി കെ.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

കോതപുരം മന്ദിരത്തിൽ രാജു നിര്യാതനായി

പടിഞ്ഞാറെ കല്ലട:കോതപുരം മന്ദിരത്തിൽ രാജു (65) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ ഭാര്യ :വിലാസിനി.മക്കൾ:രശ്മി രാജു,രാഹുൽ രാജു.മരുമകൻ:സജീഷ്.എസ്.സഞ്ചയനം:25 ബുധനാഴ്ച.