Home Blog Page 915

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസ്സുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽനിന്ന് 300 മീറ്റർ അകലെയായി തെയില കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം നടത്തിയ ദീർഘമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുമായി പുലി കാട്ടിലേക്ക് പോവുകയും ചെയ്തു.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.

സ്ഥിരം ക്രിമിനൽ കേസുകളിൽ ആളിനെ തേടി എത്തിയപ്പോഴെല്ലാം വീട്ടിൽ ഗൃഹനാഥ മാത്രം;  ആൾമാറാട്ട കേസിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്‌…

സ്‍ഥിരമായി ക്രിമിനൽ കേസുകളിൽപെടുന്ന കുറ്റവാളിയെ തേടി പൊലീസുകാർ വീട്ടിലെത്തുമ്പോഴൊക്കെ അവരോട് സംസാരിക്കുന്നത് ഗൃഹനാഥയായ സ്ത്രീ.

രാജസ്ഥാനിലെ ജോധ് പൂരാണ് സിനിമ കഥയെ വെല്ലുന്ന ക്ലൈമാക്സിലെത്തിയ ആൾമാറാട്ട സംഭവം അരങ്ങേറിയത്. തങ്ങൾ തേടുന്ന ദയ ശങ്കർ എന്ന നിരവധി കേസുകളിലെ പ്രതിയാണ് സ്ത്രീ എന്ന് പൊലീസുകാർ അറിയുന്നത് ഏറെ വൈകിയാണ്. കാരണം ദയാശങ്കർ എന്ന പ്രതി പുരുഷനാണെന്നാണ് പൊലീസ് രേഖകൾ പറയുന്നത്.
പൊലീസിനെ കബളിപ്പിക്കാൻ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാൾ സ്ത്രീ വേഷമാണ് ധരിച്ചു കൊണ്ടിരുന്നത്. 13 ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ ഒടുവിൽ പൊലീസ് അറസ്റ്റു ചെയ്തു. ദയാ ശങ്കറിനെതിരെ വഴക്ക്, ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദയാ ശങ്കറിന്റെ അറസ്റ്റിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഭാരതാംബ വിവാദം: കോഴിക്കോട് തെരുവില്‍ തമ്മിലടിച്ച് എസ്‌എഫ്‌ഐയും യുവമോര്‍ച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘർഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞു.
ഇതാണ് സംഘർഷത്തില്‍ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബു മർദ്ദിച്ചവർക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്ന് വ്യക്തമാക്കി. സംഭവം പൊലീസിന് മുന്നിലാണ് നടന്നത്. പൊലീസിന് പ്രതികളെ അറിയാം. അതിനാല്‍ പൊലീസ് സ്വയം നടപടി എടുക്കട്ടെ. ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയിൽ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി

ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയിൽ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി. ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ചർച്ചയായിരിക്കെയാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ കാവിക്കൊടിക്കുപകരം ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്.


മുഖ്യമന്ത്രിയെ വിമർശിക്കാൻ ബിജെപി തയ്യാറാക്കിയ നിർമിതബുദ്ധിയിൽ തയ്യാറാക്കിയ ഭാരതാംബയുടെ ചിത്രത്തിലും കാവിക്കൊടിക്ക് പകരം ദേശീയ പതാകയാണ്. കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബ ചിത്രം ഗവർണർ രാജ്ഭവനിൽ വെച്ചതിൽ ഒരു തെറ്റുമില്ലെന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ വാദിക്കുന്നതിനിടെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നിൽ ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങിന്റെ നോട്ടീസിലും ചിത്രത്തിൽ മാറ്റമുണ്ട്. കാവിക്കൊടിയില്ലാത്ത ബിജെപിയുടെ ഭാരതാംബ ചിത്രത്തിൽ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കാവിക്കൊടിയേയും ദേശീയ പതാകയെയും ബഹുമാനിക്കുന്നവരാണ് ദേശീയവാദികൾ എന്നാണ് ഇക്കാര്യത്തിൽ ബിജെപിയുടെ വിശദീകരണം.

ഒടുവില്‍ വജ്രായുധം പുറത്തെടുത്ത് ഇറാൻ, ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു

ടെല്‍അവീവ്: ഇസ്രയേല്‍ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ പുതിയ ആയുധം പ്രയോഗിച്ച്‌ ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.

മിസൈലുകളില്‍ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകള്‍. ഇത് വൻ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ്
ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ക്ലസ്റ്റർ ബോംബുകള്‍ പോർമുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച്‌ മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകള്‍ ഏറെ വിവാദമായ ഒന്നാണ്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച്‌ ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റർ ബോംബ് മിസൈല്‍ വർഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് നിരാശ, സ്വര്‍ണവില ഉയര്‍ന്നു; പവൻ്റെ ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

ന്യൂനമര്‍ദം, ചക്രവാതച്ചുഴി; കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും കനക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും.

വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 4500 ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്. അപേക്ഷകര്‍ 2025 ജൂണ്‍ 25-നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷ താല്‍ക്കാലികമായി ക്രമീകരിച്ചിരിക്കുന്നത് 2025 ജൂലൈ ആദ്യവാരത്തിലാണ്.

യോഗ്യത നേടുന്നതിന്, ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. അവര്‍ക്ക് 2025 മെയ് 31 വരെ 20-നും 28-നും ഇടയില്‍ ജനിച്ചവരായിരിക്കണം, കൂടാതെ NATS (നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അപ്രന്റീസ് തസ്തികയിലേക്കുള്ള നിയമന കാലയളവ് 12 മാസമായിരിക്കും.

അപേക്ഷാഫീസ്

PwBD ഉദ്യോഗാര്‍ത്ഥികള്‍ 400 രൂപയും, SC/ST/EWS ഉദ്യോഗാര്‍ത്ഥികള്‍ 600 രൂപയും, മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും 800 രൂപയും അടയ്ക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും 18% GST ബാധകമാണ്. ഫീസ് ഓണ്‍ലൈനായി മാത്രം അടയ്ക്കണം, അത് തിരികെ ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ BFSI സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നടത്തുന്ന ഒരു ഓണ്‍ലൈന്‍ പരീക്ഷയും, തുടര്‍ന്ന് അതത് സംസ്ഥാനത്തിലെ പ്രാദേശിക ഭാഷാ പരിശോധനയും ഉള്‍പ്പെടുന്നു. താല്‍ക്കാലികമായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും BFSI SSC-യുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; അറിയാം യോ​ഗ ചെയ്യുന്നതിൻറെ ​ഗുണങ്ങൾ

ഇന്ന് ജൂൺ 21 – അന്താരാഷ്ട്ര യോ​ഗ ദിനം (International Day of Yoga). ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഇന്ത്യ ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സർക്കാർ സംഘടിപ്പിച്ചത്.

ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനം ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. പതിവായി യോ​ഗ ചെയ്യുന്നതിൻറെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

ഒന്ന്

പതിവായി യോഗ ചെയ്യുന്നത് ശരീരത്തിന് നല്ല വഴക്കം ലഭിക്കാൻ സഹായിക്കും.

രണ്ട്

പേശീബലം വർദ്ധിപ്പിക്കുന്നു, സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും സന്ധിവേദനയെ തടയാനും യോഗ പതിവാക്കുന്നത് നല്ലതാണ്.

മൂന്ന്

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ അമിതവണ്ണമുള്ളവർക്ക് പതിവായി യോഗ ശീലമാക്കാം.

നാല്

രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും യോഗ ചെയ്യുന്നത് നല്ലതാണ്.

അഞ്ച്

ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ഊർജം പകരാനും ഇവ സഹായിക്കും.

ആറ്

രക്തയോട്ടം മെച്ചപ്പെടുത്തുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.

ഏഴ്

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്.

എട്ട്

സ്ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും ഓർമ്മശക്തി കൂട്ടാനും ഏകാഗ്രത വർധിപ്പിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.

ഒമ്പത്

പതിവായി യോഗ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂർ, എയർ ഇന്ത്യയുടെ വാതിലിന് കുലുക്കം; അസ്വാഭാവിക ശബ്‍ദത്തിൽ ഭയന്ന് യാത്രക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വച്ച് വാതിലിന് തകരാർ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്‍ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാർ നാപ്കിനുകൾ ഉപയോഗിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സമാനമായ സംഭവങ്ങൾ ബോയിംഗ് 787 വിമാനങ്ങളിൽ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം വാതിൽ പ്രശ്നങ്ങൾ വിമാനത്തിന്‍റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ജൂൺ ഒന്നിനാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ബോയിംഗ് 787 വിമാനത്തിന്‍റെ വാതിൽ കുലുങ്ങാനും ശബ്‍ദങ്ങൾ കേൾക്കാനും തുടങ്ങിയത്. വിമാനജീവനക്കാർ വാതിലിന്‍റെ വിടവിൽ പേപ്പർ നാപ്കിനുകൾ തിരുകി അടയ്ക്കുകയും ശബ്‍ദം കുറയ്ക്കുകയും ചെയ്താണ് ഹോങ്കോംഗ് വരെ യാത്ര തുടര്‍ന്നത്.

ബോയിംഗ് 787 വിമാനത്തിൽ വാതിൽ പ്രശ്നമുണ്ടാകുന്ന ആദ്യ സംഭവമല്ല ഇത്. 2019ൽ ജപ്പാൻ എയർലൈൻസിലും 2022ൽ ജർമ്മൻ കാരിയർ ടിയുഐ എയർലൈൻസിലും അമേരിക്കൻ എയർലൈൻസിലും ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സമാന സംഭവങ്ങൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കേസുകളിലും, വാതിലിൽ നിന്നുള്ള ശബ്‍ദം കാരണം പൈലറ്റുമാർ വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ 275 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 787 വിമാനവും അതിന്റെ സുരക്ഷാ ആശങ്കകളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള ഈ സംഭവം അതിനുമുമ്പാണ് നടന്നത്. ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഭയമുണ്ടാക്കുമെങ്കിലും, വാതിലിൽ നിന്നുള്ള ശബ്‍ദം വിമാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നും വിമാനത്തിന്റെ വാതിലുകൾ പറക്കുമ്പോൾ തുറക്കില്ലെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി.

ജൂണ്‍ ഒന്നിന് രാത്രി 11.45-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI-314 വിമാനത്തിലാണ് ഈ സംഭവം നടന്നത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം വാതിൽ കുലുങ്ങാനും ശബ്‍ദമുണ്ടാക്കാനും തുടങ്ങി. വായു മർദ്ദം കാരണം വാതിലിന്‍റെ സീൽ ഇളകിയതായി തോന്നിയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യകത്മാക്കി. സുരക്ഷയ്ക്ക് ഒരു അപകടവുമില്ലെന്ന് വിലയിരുത്തിയ ശേഷം, ശബ്‍ദം കുറയ്ക്കാൻ ജീവനക്കാർ നടപടി സ്വീകരിച്ചു. ഹോങ്കോങ്ങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിച്ചുവെന്നും കമ്പനി വ്യക്തമാക്കി.