Home Blog Page 913

തൃശൂര്‍ ചൊവ്വൂരില്‍ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; നാലു സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

തൃശൂർ: ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ‘അൽ-അസ’ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ, ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. ബസ് ഇടതുവശത്തേക്ക് പാഞ്ഞുകയറി വെയിറ്റിംഗ് ഷെഡ്ഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.
അപകടത്തിന് പിന്നാലെ ഡ്രൈവറും ബസിലെ മറ്റ് ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാർ ഡ്രൈവറെ പിന്തുടർന്നെങ്കിലും, റോഡരികിലെ മതിൽ ചാടി പറമ്പിലൂടെ അയാൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വായനാവാരാചരണവും യോഗാദിനവും സമുചിതമായി ആഘോഷിച്ചു

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വായന വാരാചരണവും യോഗാദിനവും ആഘോഷമായപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. പ്രശസ്ത എഴുത്തുകാരനും 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അമ്മയമ്പലമായിരുന്നു ബ്രൂക്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകളുടെ മുഖ്യാഥിതി.
വായിച്ചു വളരുന്നതിനൊപ്പം വിവേകത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച അദ്ദേഹം പുസ്തകങ്ങളെ കൂട്ടുകാരാക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാദര്‍ എബ്രഹാം തലോത്തില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിന്‍സിപ്പല്‍ ബോണി ഫെസിയ വിന്‍സെന്റ്, അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചുമോള്‍, സെക്രട്ടറി ജോജി. റ്റി. കോശി എന്നിവര്‍ നേതൃത്വം നല്‍കി.

വായനാദിനവും വായനോത്സവും സംഘടിപ്പിച്ചു

ശൂരനാട് സൗത്ത് ഗവൺമെൻറ് എച്ച്.വി.എൽ.പി.എസിൽ വായനദിനം നടത്തി.SMC ചെയർമാൻ ശ്രീ സാജിദ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹിതി ജില്ലാ ചെയർമാൻ ശ്രീ എബി പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. വയനോത്സവത്തിന്റെ ഭാഗമായുള്ള ” വീട് ഒരു പുസ്തക കൂട്”എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. ചടങ്ങിന് ശേഷം ഉദ്ഘാടകൻ കഥകളും പാട്ടുകളുമായി കുട്ടികളുമായി സംവദിച്ചു. യോഗത്തിൽ HM ശ്രീമതി ഷീജ സ്വാഗതവും വാർഡ് മെമ്പർ ശ്രീ. അബ്ദുൾ ലത്തീഫ് ആശംസയും പറഞ്ഞു.SMC അംഗങ്ങളായ ശ്രീ അനുരാജ്,ശ്രീ എ.ഷബീർ മുഹമ്മദ്‌ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
വായനയുടെ ആവശ്യകഥയും വായനകൊണ്ട് സമൂഹത്തിനു ഉണ്ടാകുന്ന പ്രയോജനങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
തുടർന്ന് കുട്ടികളുടെ വായന ദിന പ്രസംഗ മത്സരംവും ക്വിസും അടക്കം വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ആംബുലൻസിൽ വെച്ച് യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുന്‍പ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

ദുബായിലെ പ്രധാന റൂട്ടുകളില്‍ രണ്ടുദിവസം റോഡ് അടച്ചിടും

ദുബായിലെ പ്രധാന റൂട്ടുകളില്‍ രണ്ടുദിവസം റോഡ് അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ്. ശനി പുലര്‍ച്ചെ 12 മുതല്‍ തിങ്കള്‍ പുലര്‍ച്ചെ 12 മണി വരെയാണ് അടച്ചിടുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ക്രമീകരണം.
ദുബായ് അല്‍ ഐന്‍ റോഡുമായി (ഇ66) ജബല്‍ അലി- ലെഹ്ബാബ് റോഡിനെ (ഇ77) ഇരു ദിശകളിലേക്കും വിഭജിക്കുന്ന പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടല്‍. ദുബായ് – അല്‍ ഐന്‍ റോഡിലേക്കുള്ള ഇരു ദിശകളില്‍ നിന്നും വലത്തേക്ക് സ്വതന്ത്രമായി തിരിയാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. അല്‍ ഐന്‍ റോഡില്‍ നിന്ന് ജബല്‍ അലി -ലെഹ്ബാബ് റോഡിലേക്കുള്ള ലൂപ്പുകള്‍ വഴിയുള്ള എക്സിറ്റും അടച്ചിരിക്കും. ബദല്‍ റൂട്ടായി ഇ66ലെ എക്സിറ്റ് ഉപയോഗിക്കാം. എല്ലാ ഡ്രൈവര്‍മാരും യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ബദല്‍ വഴികള്‍ ഉപയോഗിക്കാനും ആര്‍ടിഎ അഭ്യര്‍ഥിച്ചു.

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; സുഖവിവരങ്ങള്‍ അന്വേഷിച്ചു….

നടന്‍ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തില്‍നിന്ന് മനസിലാകുന്നത്.
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’, പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
2012-ലെ വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാര്‍ പൂര്‍ണ്ണമായും അതിന്റെ ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് അദ്ദേഹം സിനിമകളില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് ജഗതി ശ്രീകുമാര്‍ പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 2022-ല്‍ ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകന്‍ അരുണ്‍ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ അങ്കിള്‍ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസര്‍ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്.

ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈൻമാണ് സുധാകരൻ. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊട്ടാരക്കര കുളക്കടയിൽ ബുൾസൈയ്ക്ക് പ്ലാസ്റ്റിക്ക് മുട്ട, മറിമായം കണ്ട് ഞെട്ടി കടയുടമ

കൊട്ടാരക്കര: കുളക്കടയിലെ ചായക്കടയില്‍ ബുള്‍സൈയ്ക്ക് പ്ളാസ്റ്റിക് മുട്ട! കുളക്കട കിഴക്ക് തുരുത്തിലമ്ബലം കവലയിലെ അനിതയുടെ കടയിലാണ് മുട്ടയില്‍ മറിമായം കണ്ടെത്തിയത്.

ഇന്നലെ രാവിലെ
കടയിലെത്തിയ ആള്‍ ബുള്‍സൈ ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാക്കി നല്‍കിയതാണ്. നിമിഷ നേരം കൊണ്ട് ഇത് പ്ളാസ്റ്റിക്കിന് തുല്യമായി. മഞ്ഞക്കരു സാധാരണപോലെയായിരുന്നെങ്കിലും ബാക്കിയുള്ള ഭാഗം തീർത്തും പ്ളാസ്റ്റിക്കുപോലെയായിരുന്നു. പിന്നീട് രണ്ട് മുട്ടകള്‍ കൂടി ഇതേരീതിയില്‍ ബുള്‍സൈയാക്കിയപ്പോഴും സമാന രീതി കണ്ടു.
രുചിയിലും മുട്ടയുടെ രുചി ഉണ്ടായിരുന്നില്ല. പ്ളാസ്റ്റിക്കുപോലെ വലിയുകയും ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. മുട്ടവില്‍പ്പനക്കാർ വാഹനത്തില്‍ കൊണ്ടുവന്ന് നല്‍കിയ മുട്ടകളിലാണ് മറിമായം. ശേഷിക്കുന്ന മുട്ട ഉപയോഗിക്കുന്നില്ലെന്ന് കടയുടമ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

ഇറാനെ ചതിക്കാൻ മുനീറിന് വൈറ്റ്ഹൗസില്‍ ഊണ്; ‘വിശ്വാസവഞ്ചന’യില്‍ ഇന്ത്യയ്ക്ക് അസ്വസ്ഥത

അമേരിക്ക: പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച്‌ ഉച്ചഭക്ഷണം കൊടുക്കുകയും ദീർഘനേരം ചർച്ച നടത്തുകയും ചെയ്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ദക്ഷിണേഷ്യയെ ആകെ ഞെട്ടിച്ചു.

ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാകിസ്താൻ സൈന്യത്തലവനെ അമേരിക്കൻ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും പെർവേസ് മുഷാറഫുമൊക്കെ സമാനമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാകിസ്താൻ പ്രസിഡന്റുമാരായിരുന്നു അപ്പോള്‍.രണ്ടു മണിക്കൂറോളം നീണ്ട ദീർഘമായ ചർച്ചയില്‍ വിദേശസെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു.

ഈ വിരുന്ന് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. അമേരിക്കയില്‍ പഠിക്കാൻ വരുന്ന വിദേശവിദ്യാർത്ഥികളുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പോലും പരിശോധിക്കാനൊരുങ്ങുന്ന അമേരിക്ക, പഹല്‍ഗാമില്‍ 26 നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുനീറിനെ സല്‍ക്കരിച്ചത് അപമാനകരമായി കാണുന്നവരുണ്ട്. വിശ്വാസവഞ്ചന നടത്തിയ അമേരിക്കയുമായി വ്യാപാരക്കരാർ വേണ്ടെന്നു വെക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളണം എന്നു ശക്തിയായി വാദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ നടക്കുന്നത് ശീതയുദ്ധകാലത്ത് ദക്ഷിണേഷ്യയിലെ മേധാവിത്വം നിലനിർത്താൻ ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിർത്തുന്ന രീതിയാണെന്ന് ബ്രഹ്മ ചെല്ലാനിയെപ്പോലുള്ള വിദേശകാര്യ വിദഗ്ധർ ആരോപിക്കുന്നു.

ജൂണ്‍ 17-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു. കനഡയില്‍ നടന്ന വികസിതരാജ്യങ്ങളുടെ സമ്മേളനത്തില്‍ നിന്ന് (ജി-7) നേരത്തെ ഇറങ്ങിപ്പോയ ട്രംപ് മോദിയെ വൈറ്റഹൗസിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് മോദി ക്ഷണം നിരസിച്ചു, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് യോഗത്തിലേക്ക് ട്രംപിനെ അദ്ദേഹം ക്ഷണിച്ചു. ഫോണ്‍ സംഭാഷണത്തില്‍ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് പാകിസ്താൻ കെഞ്ചിയതിനെ തുടർന്നാണെന്നു മോദി വ്യക്തമാക്കി. മാത്രമല്ല, അതിന്റെ വിശദാംശങ്ങള്‍ വൈകാതെ വിദേശമന്ത്രാലയ വക്താവിനെക്കൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. എന്തായാലും ഒടുവില്‍ വെടിനിർത്തലിന്റെ ക്രെഡിറ്റ് ഉപേക്ഷിക്കുകയാണ് ട്രംപ് എന്നു തോന്നുന്നു. അതിസമർത്ഥരായ രണ്ടു നേതാക്കള്‍ (മോദിയും മുനീറും) യുദ്ധം ഒഴിവാക്കാൻ തീരുമാനിച്ചതാണ് എന്നാണ് ഒടുവിലത്തെ ട്രംപ് ഭാഷ്യം.

ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി എൽ പി എസി ൽ താത്ക്കാലിക അധ്യാപക നിയമനം

ഏഴാംമൈൽ: പെരുവിഞ്ച ശിവഗിരി ഗവണ്മെന്റ് എൽ പി സ്കൂളിൽ നിലവിലുള്ള
ഫുൾ ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന
അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് യാഗ്യരായ
ഉദ്യാഗാർഥികളുടെ ഇന്റർവ്യൂ 25/06/2025 ബുധനാഴ്ച രാവിലെ 10.30 ന്
സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്.
താത്പര്യമുള്ള ഉദ്യാഗാർത്ഥികൾ യാഗ്യത
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം കൃത്യ
സമയത്ത് ഇന്റർവ്യൂവിനു ഹാജരാകണമെന്ന്
ഹെഡ്മിസ്ട്രസ് അറിയിച്ചു.