Home Blog Page 9

പാസ്പോർട്ട് തിരികെ വേണം,  ദിലീപ് കോടതിയിൽ

കൊച്ചി. അന്വേഷണ വിധേയമായി  കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ദിലീപിന്റെ ഹർജി വ്യാഴാഴ്ച പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സസെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവുമുക്തൻ ആക്കിയതിന് പിന്നാലെയാണ്  പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശയാത്രകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികളും ഇന്ന് പരിഗണിക്കും.

വ്യവസായ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കും ഗുണകരമായ നടപടിയുമായി സൗദി

റിയാദ്. സൌദിയിൽ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഒഴിവാക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. നിരവധി വ്യവസായ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.


സൌദിയിൽ ലൈസൻസ് ഉള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ലെവി പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം എടുത്തത്. 2019 മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് ലെവിയിലെ ഇളവ് താൽക്കാലികമായി ലഭിക്കുന്നുണ്ട്. ആ ഇളവ് ഈ മാസാവസാനത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ലെവി പൂർണമായും ഒഴിവാക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. ലൈസൻസുള്ള ഫാക്ടറികൾ ഉൾപ്പെടെയുഉള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഇനി മുതൽ ലെവി നൽകേണ്ടതില്ല. നിർമ്മാണ മേഖലയ്ക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും. ഉൽപ്പാദന ചിലവ് കുറയുന്നതോടൊപ്പം സൗദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കും. കൂടുതൽ വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കാനും ഇത് വഴിയൊരുക്കും. ലെവിയിൽ താൽക്കാലിക ഇളവ് നല്കിയതിലൂടെ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. വ്യവസായ മേഖലയിലെ നിക്ഷേപം 35% ഉയർന്ന് 1.2 ട്രില്യൺ റിയാലിലെത്തി. ഈ മേഖലയിലെ മൊത്തം തൊഴിലുകളുടെ എണ്ണം 70% ത്തോളം ഉയർന്ന് 8,47,000-ത്തോളമായി. വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 12,000 ത്തോളമായി വർദ്ധിച്ചു. ഒരു വിദേശ തൊഴിലാളിക്ക് പ്രതിമാസം 800 റിയാൽ വരെയാണ് മറ്റു മേഖലകളിൽ ലെവി ഈടാക്കുന്നത്.

പോറ്റിയേ കേറ്റിയേ പാരഡിയില്‍ കേസ്

തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്.മത വികാരം വ്രണപ്പെടുത്തിയെന്ന് ആണ് കേസ് അയ്യപ്പഭക്തിഗാനത്തെയും ശരണ മന്ത്രത്തെയും അപമാനിച്ചു

മതസ്പർദ്ധയുണ്ടാക്കി സമൂഹത്തെ ഇളക്കി വിടാൻ ശ്രമിച്ചതെന്നും എഫ്ഐആർ. ഒന്നാം പ്രതി കുഞ്ഞുപിളള രണ്ടാം പ്രതി ഡാനിഷ് മലപ്പുറം

മൂന്നാം പ്രതി സി.എം.എസ്. മീഡിയ നാലാപ്രതി സുബൈര്‍ പന്തല്ലൂര്‍



കോന്നിയിൽ വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട .കോന്നിയിൽ വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കലഞ്ഞൂർ സ്വദേശി 35 വയസ്സുള്ള സുബീഷാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. കെഎസ്ഇബി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം നടത്തും.


ജില്ലയിൽ രാവിലെ മുതൽ വൈദ്യുത പോസ്റ്റ് മാറ്റി ക്രമീകരിക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഉണ്ടാകില്ല എന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിനിടയാണ് കോന്നി മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിക്ക് സമീപം മുരിങ്ങമംഗലത്ത് കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ സുബീഷ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി വിച്ഛേദിച്ചിരുന്നെങ്കിലും എങ്ങനെ അപകടമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ശരീരത്തിൽ തീ പടർന്ന നിലയിൽ തെറിച്ചു വീഴുകയായിരുന്നു സുബീഷ്.


കലഞ്ഞൂർ സ്വദേശിയാണ് മരിച്ച സുബീഷ്. ആറുമാസം മുമ്പായിരുന്നു വിവാഹം.


കെഎസ്ഇബിക്കെതിരെ സുധീഷിന്റെ കുടുംബം രംഗത്ത് വന്നു. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം നടത്തും. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നാളെ പോസ്റ്റ്മോർട്ടം നടക്കും.


വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ

പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു

ശിക്ഷ സിപിഐ എം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ

108000 രൂപ വീതം പിഴയും ഒടുക്കണം

2007 ഡിസംബർ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം

പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പാടാക്കുന്നു, ജയിൽ ഡി ഐ ജി ക്കെതിരെ കേസ്

തിരുവനന്തപുരം. ജയിൽ  ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് .
പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ വിനോദ് കുമാർ ചെയ്തുകൊടുത്തെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിനുള്ള തെളിവുകളും വിജിലൻസിന് ലഭിച്ചു.



പരോൾ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്.  ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും തടവുപുള്ളികളുടെ പരോളിനായി കൈക്കൂലി വാങ്ങുന്നതായും വിനോദ് കുമാറിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്. ഗൂഗിൾ പേ വഴിയും അല്ലാതെയും ആയിരുന്നു പണമിടപാട്.  വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻ്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. കേസടുത്ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് വിജിലൻസ് ശുപാർശന നൽകും


മോഷണം നടത്തി  ആഡംബര ജീവിതം,കുപ്രസിദ്ധ മോഷ്ടാവ് ആഡംബര ഫ്ലാറ്റിൽ നിന്നും പിടിയിൽ

തിരുവനന്തപുരം .പാറശ്ശാലയിൽ കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ.
60 ഓളം മോഷണക്കേസിലെ പ്രതിയായ ബാറ്ററി നവാസിനെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
മോഷണം നടത്തി  ആഡംബര ജീവിതം നയിക്കുന്നതാണ് നവാസിന്റെ രീതി.നവാസ് മോഷണത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു

തിരുവനന്തപുരം നേമം സ്വദേശിയാണ് ബാറ്ററി നവാസ് എന്ന നവാസ്. ഗ്രാമപ്രദേശങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രമാക്കി മോഷണം നടത്തുന്നതാണ് നവാസിന്റെ രീതി.മോഷണത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.
ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കു മുൻപ് പാറശ്ശാലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ മോഷണം നടത്തിയിരുന്നു.  പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാസിന്റെ കൂട്ടാളി കുട്ടൻ എന്ന അനിൽകുമാറിനെ പാറശാല പോലീസ് പിടികൂടി.തുടർന്നാണ് അന്വേഷണം നവാസിലേക്ക് എത്തുന്നത്. മോഷണത്തിനു ശേഷം നവാസ് ഒളിവിൽ പോയിരുന്നു.ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ  ആഡംബര ഫ്ലാറ്റിൽ നിന്ന് പോലീസ് നവാസിനെ കസ്റ്റഡിയിലെടുത്തു.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 60 ഓളം മോഷണക്കേസുകൾ നവാസിനെതിരെയുണ്ട്. നിരവധി ആഡംബര കാറുകളും വില്ലകളും വിദേശത്ത് ബിസിനസും ഇയാൾക്ക് ഉണ്ട്.
നിലവിൽ പാറശാല പോലീസ് നവാസിനെ ചോദ്യം ചെയ്യുകയാണ്.
വിശദമായ ചോദ്യം ചെയ്യുന്നതിന് ശേഷം കോടതിയിൽ ഹാജരാക്കും.

വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

കൊല്ലം: വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. മുണ്ടക്കല്‍ കളിയില്‍ കടപ്പുറം സ്വദേശിക
ളായ മോളി കോട്ടേജില്‍ റോഷന്‍ (24), സുധീഷ് ഭവനത്തില്‍ സുധീഷ് (26), മുണ്ടക്കല്‍ ഉദയമാര്‍ത്തണ്ഡപുരത്ത് റോബിന്‍ (36), തങ്കശ്ശേരി കോട്ടപ്പുറം പുറംപോക്കില്‍ റോയി (35) എന്നിവരാണ് കൊട്ടിയം പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 1.96 കിലോഗ്രാം കഞ്ചാവുമായി മേവറത്തുനിന്ന് പ്രതികള്‍ പിടിയിലായത്. ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിലും ബൈക്കിലുമായി എത്തിയ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കൊട്ടിയം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൊട്ടിയം പോലീസും എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുമുള്ള ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേക്കുകളില്‍ പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു

കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകള്‍ എടുത്തതില്‍ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ ചേര്‍ക്കുന്നതിന് നിശ്ചിതപരിധി ഭക്ഷ്യസുരക്ഷ നിയമപ്രകാരം അനുവദിച്ചിട്ടുണ്ട്. അളവില്‍ കൂടുതല്‍ ചേര്‍ത്താല്‍ പരിശോധനാഫലം പ്രതികൂലമായി രേഖപ്പെടുത്തി ഉല്‍പാദകര്‍ക്കെതിരെ പ്രോസികൂഷന്‍ നടപടികളാണ് സ്വീകരിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 67 കേക്കുകള്‍ ലാബ് പരിശോധന നടത്തിയതില്‍ 32 എണ്ണം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ 10 കിലോ കേക്കില്‍ പരമാവധി 10 ഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട ഉല്‍പാദകര്‍ പ്രിസര്‍വേറ്റീവ്‌സിന്റെ ഉപയോഗരീതിയും നിയന്ത്രണവും സംബന്ധിച്ച സംശയനിവാരണത്തിന് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരെ സമീപിക്കണം. സൗജന്യമായി നല്‍കുന്ന ഫോസ്റ്റാക് പോലുള്ള പരിശീലനങ്ങളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും അറിയിച്ചു.
എല്ലാ ഉല്‍പാദകരും ഉല്‍പന്നങ്ങള്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ്‌വരുത്തണം. വീടുകളില്‍ കേക്കുകള്‍ ഉണ്ടാക്കി വില്‍പനനടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷനും എടുക്കണം. അഞ്ച് വര്‍ഷത്തെ രജിസ്‌ട്രേഷന് 500 രൂപയാണ് ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെയുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും അറിയിച്ചു.

ക്രിസ്മസ്-പുതുവത്സര ആഘോഷം: സംയോജിത പരിശോധനകള്‍ ശക്തമാക്കും- ജില്ലാ കലക്ടര്‍

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി.

വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനം-ഉപയോഗം തടയുന്നതിന് എക്‌സൈസ്-പൊലീസ് സംയുക്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയില്‍ പരാതികള്‍ അറിയിക്കാം. സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ച്- സബ് ഓഫീസുകളിലെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത റെയ്ഡുകളും വാഹനപരിശോധനയും കൂടുതല്‍ ഊര്‍ജിതമാക്കും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ബോര്‍ഡര്‍ പട്രോള്‍ സംഘം പരിശോധന നടത്തും. റെയില്‍വേ സ്‌റ്റേഷന്‍, പാഴ്‌സല്‍ ഓഫീസുകള്‍, ഹോംസ്‌റ്റേ, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനും നിര്‍ദേശിച്ചു.

ഉത്സവകാലത്തെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളിലെയും മറ്റ് കടകളിലെയും അളവ് -തൂക്ക് ഉപകരണങ്ങളിലെ വെട്ടിപ്പ്, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, കൃതൃമവിലക്കയറ്റം, മായംചേര്‍ക്കല്‍ തുടങ്ങിയവ പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം വിഷയങ്ങളില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ നടപടി സ്വീകരിക്കണം.

ഗതാഗത നിയമങ്ങള്‍ പാലിക്കാതെ മദ്യപിച്ചും അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും ആര്‍.ടി.ഒ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വനമേഖല കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിര്‍മാണം, വനാതിര്‍ത്തികള്‍ വഴിയുള്ള ലഹരികടത്തും തടയുന്നതിന് വനം വകുപ്പ് ക്രമീകരണങ്ങള്‍ നടത്തും. ആഘോഷദിനങ്ങളില്‍ ബീച്ചില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാനും സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്‌സിന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കും. ക്രമസമാധാന-ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാന്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.