ശാസ്താംകോട്ട
പടിഞ്ഞാറേ കല്ലട മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂ മുക്കിൽ പ്രതിഷേധയോഗവും കൺവെൻഷനും നടത്തി…
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി പടിഞ്ഞാറേ കല്ലട മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പ്രതിഷേധ കൂട്ടായ്മയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, വൈദ്യുതി ചാർജ്,വെള്ളക്കരം, ഭൂനികുതി വർദ്ധനവ്, കെട്ടിടനികുതി വർദ്ധനവ്, സമസ്ത മേഖലയും തകർത്ത് വനിതകൾ നേതൃത്വം കൊടുക്കുന്ന ആശ സമരം 100 ദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പാക്കാൻ കഴിയാത്ത സംസ്ഥാന ഗവൺമെന്റിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അംബുജാക്ഷി അമ്മയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന, ഗീവർഗീസ്, അജിത് ചാപ്രയിൽ, ഗീത, ജയലക്ഷ്മി,ഗീതാ കുമാരി, ശിവരാമ പിള്ള, ലീലാമ്മ പാപ്പച്ചൻ, സതീദേവിയമ്മ, എന്നിവർ പ്രസംഗിച്ചു
മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂ മുക്കിൽ പ്രതിഷേധയോഗവും കൺവെൻഷനും
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ ജൂലൈ 20ന്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ ജൂലൈ 20ന്. ദേവസ്വത്തിലെ സാനിറ്റേഷന്‍ വര്‍ക്കര്‍ (കാറ്റഗറി നമ്പര്‍ : 03/2025), ഗാര്‍ഡനര്‍ (കാറ്റഗറി നമ്പര്‍ : 04/2025), കൗ ബോയ് (കാറ്റഗറി നമ്പര്‍ : 05/2025), ലിഫ്റ്റ് ബോയ് (കാറ്റഗറി നമ്പര്‍ : 06/2025), റൂം ബോയ് (കാറ്റഗറി നമ്പര്‍ : 07/2025), ലാമ്പ് ക്ലീനര്‍ (കാറ്റഗറി നമ്പര്‍ : 14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസ്സിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ : 17/2025), കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ് (കാറ്റഗറി നമ്പര്‍ : 18/2025), ആയ (GDEMS) (കാറ്റഗറി നമ്പര്‍ : 30/2025), ഓഫീസ് അറ്റന്‍ഡന്റ് (GDEMS) (കാറ്റഗറി നമ്പര്‍ : 31/2025), സ്വീപ്പര്‍ (GDEMS) (കാറ്റഗറി നമ്പര്‍: 32/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആര്‍ പരീക്ഷ ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്നു. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ജൂലൈ 5ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in.
ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നുവോ?
ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ
കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്‌സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓപ്പറേഷൻ സിന്ധു, കൂടുതൽ ഇന്ത്യക്കാർ രാജ്യത്ത് മടങ്ങി എത്തി,ഗ്ലോബ് മാസ്റ്ററും ദൗത്യത്തിൽ
ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാർ രാജ്യത്ത് മടങ്ങി എത്തി. ഇസ്രായേലിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള മൂന്ന് വിമാനം ഡൽഹിയിൽ ഇറങ്ങി. ഇന്ത്യൻ എയർഫോഴ്സിന്റെ c17 ഗ്ലോബ് മാസ്റ്ററും ദൗത്യത്തിൽ. ഇസ്രായേലിൽ നിന്നും മടങ്ങിയെത്തിയവരിൽ 13 മലയാളികൾ.
ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ സിന്ധു പുരോഗമിക്കുന്നു. ഇന്നും ഇന്ത്യക്കാരും ഉള്ള വിമാനങ്ങൾ ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ജോർദാനിൽ എത്തിച്ച ഇന്ത്യൻ പൗരന്മാരുമായുള്ള ജസീറ എയർവെയ്സ് രാവിലെ എട്ടു മണിയോടെ ഡൽഹിയിലെത്തി.സംഘത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശിനി ശ്രീലക്ഷ്മി തുളസിധരനും ഉണ്ടായിരുന്നു.
ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ വ്യോമസേനയുടെC17 ഗ്ലോബ്മാസ്റ്റർ ആദ്യ സംഘവുമായി ഡൽഹി പാലം വ്യോമ താവളത്തിൽ എത്തി.
ഇസ്രായേലിൽ നിന്നും ജോർദാനിലും ഈജിപ്റ്റിലും എത്തിച്ച ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തത്. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇതുവരെ 31 മലയാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിൽ 18 പേർ ഇറാനിൽ നിന്നും 13 പേർ ഇസ്രായേലിൽ നിന്നുമുള്ളവരാണ്.
കണ്ണീര്‍ക്കടല്‍ ച്ചുഴിയില്‍നിന്നും അമ്മയെത്തി ഷാനറ്റിന്‍റെ സംസ്കാരം ഉടന്‍ നടക്കും
ഇടുക്കി. ചെല്ലാർകോവിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിൻ്റെ സംസ്കാരം ഉടൻ നടക്കും. കുവൈത്തിൽ പെട്ടു പോയ അമ്മ ജിനു നാട്ടിൽ തിരിച്ചെത്തിയതോടെയാണ് സംസ്കാരം ഇന്ന് നടത്താൻ തീരുമാനിച്ചത്.
ചേതനയേറ്റ ഷാനറ്റിന്റെ മൃതദേഹം തണുത്തുറഞ്ഞ് ഒരാഴ്ചയായി മോർച്ചറി മുറിയിലായിരുന്നു. അമ്മ ജിനുവിന്റെ വരവും കാത്ത്. മലയാളി ഏജൻറ് മാരുടെ ചതിയിൽപ്പെട്ട് കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന ജിനു ഇന്നലെ വൈകിട്ട് നാട്ടിലെത്തി. മകൻറെ മരണത്തേക്കാൾ വലിയ വേദന ആ അമ്മയ്ക്ക് ഇനി ഉണ്ടാകാനില്ല. രാവിലെ 10 മണിയോടെ ഷാനറ്റിൻ്റെ മൃതദേഹം അണക്കരയിലെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെല്ലാർകോവിൽ ഉണ്ടായ വാഹനാപകടത്തിൽ ഷാനറ്റും, സുഹൃത്ത് അലനും മരിച്ചത്. മാതാവ് ജിനു നാട്ടിലെത്താൻ വൈകിയതോടെ ഷാനറ്റിൻ്റെ സംസ്കാര ചടങ്ങുകൾ വൈകി. കുവൈറ്റിൽ കുടുങ്ങിയ ജിനുവിനെ കേരളത്തിൽ നിന്നുള്ള എംപിമാരും, കുവൈറ്റ് മലയാളി അസോസിയേഷനും ചേർന്നാണ് നാട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളിയിൽ ഷാനറ്റിന്റെ സംസ്കാരം നടക്കും.
ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍
തിരുവനന്തപുരം.ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള നാല്‍പതിലേറെ വിമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.നിരവധി യാത്രക്കാരാണ് സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 ഫ്‌ലൈറ്റുകള്‍ റദാക്കി. റദ്ദാക്കിയതില്‍ അധികവും എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകളാണ്. ബഹറിനിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചതിന് പിന്നാലെ യാത്രക്കാരുമായി കൊച്ചിയില്‍ തിരിച്ച് ലാന്‍ഡ് ചെയ്തു. മുന്നറിയിപ്പുണ്ടായിരുന്ന 17 വിമാനങ്ങള്‍ രാവിലെ റദ്ദാക്കിയതോടെ യാത്രക്കാര്‍വലഞ്ഞു
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 8 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ വിമാനവുമാണ് റദ്ദാക്കിയത്.
കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 8 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 6 സര്‍വീസുകളും ഇന്‍ഡിഗോയുടെ രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, ജിദ്ദ, റാസല്‍ഖൈമ, ബഹ്‌റൈന്‍ സര്‍വീസുകളും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മുംബൈ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിലേക്കുള്ള അബുദാബി,റിയാദ്, ദമാം, ദുബായ്, ഷാര്‍ജ, ജിദ്ദ, മസ്‌കറ്റ് സര്‍വീസുകളും റദ്ദാക്കി.
അന്‍വറില്ലാതെ പറ്റില്ലേ കോണ്‍ഗ്രസിന്
നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയതോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് പിവി അൻവറിന്റെ യു. ഡി. എഫ് പ്രവേശനം. പി വി അൻവറിന്റെ UDF പ്രവേശനം മുന്നണി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ഇനിയും അയഞ്ഞിട്ടില്ല.
അൻവർ നിലമ്പൂരിൽ ഒരു ഫാക്ടർ ആണെന്ന് പിടിച്ചെടുത്ത ഇരുപതിനായിരം വോട്ടിൽ വ്യക്തം. അത് UDF നേതാക്കൾ പരസ്യമായി തന്നെ അംഗീകരിച്ച് കഴിഞ്ഞു. ഇതോടെയാണ് ഒരിക്കൽ വഴിയടഞ്ഞ അൻവറിന്റെ യുഡിഎഫ്
പ്രവേശനം വീണ്ടും സജീവ ചർച്ചയാകുന്നത്. പാതിമനസ്സുണ്ടെന്ന് സൂചന നൽകി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.
വി ഡി സതീശനുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞ അൻവർ
ഇന്നലെ തന്നെ യുഡിഎഫുമായി അനുരഞ്ജനത്തിന് തയ്യാറൊന്ന് വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവ് നോകമന്റ് എന്ന നിലപാടിലാണ്.അൻവർ വിഷയത്തിൽ വി ഡി സതീശന്റെ നിലപാട് തന്നെയാണ് ആര്യാടൻ ഷൗക്കത്തിനു മുള്ളത്.
നിലമ്പൂരിലെ പ്രാദേശികമായ വിജയസാധ്യതകാണുന്നവര്‍ അന്‍വറിനെകിട്ടിയാല്‍ കൊള്ളാം എന്നു കരുതുന്നുണ്ടെങ്കിലും സംസ്ഥാനമൊട്ടാകെ അത് കോണ്‍ഗ്രസിന്‍റെ വാല്യൂ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് സതീശന് ഒപ്പമുള്ളവര്‍. പിസി ജോര്‍ജ്ജിനെപ്പോലെ എന്ന ഉദാഹരണവും ഇവര്‍ വയ്ക്കുന്നു. സാമുദായികമായും അന്‍വറിനേക്കാള്‍ സ്വാധീനമുള്ളവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടല്ലോ എന്ന ചോദ്യവുമുണ്ട്. വലിയ ഒരു തലവേദനയാവും അന്‍വര്‍ എന്ന വിലയിരുത്തലുള്ളവരേറെയാണ്. പിണറായി എന്ന വലിയ നേതാവിനെപ്പോലും നേര്‍ക്കുനേരെ നിന്ന് വെല്ലുവിളിച്ച അന്‍വര്‍ പിന്നിലൊരു മുന്നണിയുണ്ടെന്നുവന്നാല്‍ കോണ്‍ഗ്രസിലെ ഏതുനേതാവിനെയും കൂസാത്ത വലിപ്പമാര്‍ജ്ജിക്കും. മാത്രമല്ല ലീഗിനെപ്പോലും അപ്രസക്തരാക്കി വിലപേശാന്‍ തുടങ്ങിയേക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അന്‍വര്‍ തല്‍ക്കാലം പുറത്തുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ അന്തസിന് നല്ലതെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് അൻവറിനെ കൂടി മുന്നണിയുടെ ഭാഗമാക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ ചർച്ചകൾക്ക് ആരും മുൻകൈ എടുക്കും എന്ന കാര്യത്തിലാണ് ആശയകുഴപ്പം. ലീഗിന്റെ കൂടി നിലപാട് പരിഗണിച്ചായിരിക്കും തീരുമാനം.അപകടകാരി എന്നതിനാല്‍ ലീഗ് അന്‍വറിനെ ചൂടുചേമ്പ് ആയി കരുതുമെന്നാണ് സൂചന.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിൽ ജി സുധാകരന് ക്ഷണമില്ല
ആലപ്പുഴ.സിപിഐഎം പരിപാടിയിൽ ജി സുധാകരന് വീണ്ടും അവഗണന.
ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥ വാർഷികാചരണ പരിപാടിയിലാണ് ക്ഷണമില്ലാത്തത്. വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി ജി സുധാകരൻ രംഗത്ത്.
വിഎസ് അച്യുതാനന്ദനും എസ് രമചന്ദ്രൻ പിള്ളക്കും പുറമെ ആലപ്പുഴയിൽ ജീവിച്ചിരിക്കുന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാളാണ് ജി സുധാകരൻ. ഈ പശ്ചാതലം അവഗണിച്ചാണ് പാർട്ടി പരിപാടിയിൽ ക്ഷണമില്ലാത്തത്. സിപിഐഎം നേതാവ് അഡ്വ. കെ അനിൽകുമാറാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണ പരിപാടിയിൽ മുഖ്യപ്രഭാഷകൻ. അമ്പലപ്പുഴയി ജി സുധാകരൻ്റെ വീടിന് സമീപത്താണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയെ കുറിച്ച് അറിവില്ലെന്ന് ജി സുധാകരൻ.
കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പരിപാടിയിൽ ക്ഷണിക്കാത്ത നടപടിയിൽ പരോക്ഷ വിമർശനം
എല്ലാം ഓർക്കുന്നതാണ് മാനവ സംസ്കാരം, നേരിട്ട് അറിവില്ലാത്തവർ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നു…എന്ന് സുധാകരന്‍പ്രതികരിച്ചു. വിവാദത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി പ്രതികരിച്ചില്ല.
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്…. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.





































