തിരുവനന്തപുരം.ദാസ്യപ്പണിയെടുക്കുന്ന വി സിയെന്ന് കേരള സർവകലാശാല വി സിയെ കടന്നാക്രമിച്ച് ദേശാഭിമാനി എഡിറ്റോറിയൽ. മോഹൻ കുന്നുമ്മൽ ആർഎസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു. സർവ്വകലാശാല വി സി ആകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനൻ കുന്നുമ്മലിനില്ല. സംഘപരിവാർ ഏജൻറ് ആയ പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വി സി യുടെ ലക്ഷ്യം. സംഘപരിവാർ ഒത്താശയോടെ സർവ്വകലാശാലയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നു. സർവ്വകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ ഗവർണർ ശ്രമിക്കുന്നു. രാജ്ഭവൻ ആർഎസ്എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസ്സിലാക്കണമെന്നും എഡിറ്റോറിയൽ
രണ്ടര പവൻ സ്വർണ്ണം മോഷ്ടിച്ച പതിനേഴുകാരൻ പിടിയിൽ
മലപ്പുറം.രണ്ടര പവൻ സ്വർണ്ണം മോഷ്ടിച്ച പതിനേഴ്കാരൻ പിടിയിൽ. കൊണ്ടോട്ടി പൊലീസ് ആണ് പിടികൂടിയത്. ജൂൺ 30 ന് കിഴിശ്ശേരിയിൽ വീടിന്റെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്. മോഷ്ടിച്ച സ്വർണ്ണം പൊലീസ് കണ്ടെത്തി
വീട്ടിൽ പാർക്ക് ചെയ്ത കാറിന് അജ്ഞാതൻ തീയിട്ടു
ചെങ്ങന്നൂര്‍. വീട്ടിൽ പാർക്ക് ചെയ്ത കാറിന് അജ്ഞാതൻ തീയിട്ടു. കാർ പൂർണമായും കത്തി നശിച്ചു. വീടിനകത്തേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്തിയാണ് വൻഅപകടം ഒഴിവാക്കിയത്. അജ്ഞാതനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന, എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ല മന്ത്രിക്കെതിരെ പാര്‍ട്ടിക്കാര്‍
പത്തനംതിട്ട. മന്ത്രി വീണ ജോർജിനെതിരെ സ്വന്തം പാര്‍ട്ടിക്കാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ” മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ല “.”കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത് “. പത്തനംതിട്ട ഇലന്തൂർ ലോക്കല് കമ്മിറ്റി അംഗം ജോൺസൺ പി.ജെ. ആണ് പോസ്റ്റിട്ടത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ആണ്.
വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മറ്റൊരു തരത്തില്‍ ” കുട്ടിയായിരിക്കെ താൻ
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു “, ” അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു “. പത്തനംതിട്ട സി ഡബ്ല്യു സി മുൻ ചെയർമാൻ അഡ്വ: എൻ രാജീവിന്റെതാണ് ഫേസ്ബുക്ക് കുറിപ്പ്. “ഇവിടെ ചോദ്യങ്ങളിൽ നിന്നും” എന്ന് കുറിപ്പ്. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ് പരിഹസിക്കുന്നത്.
വീണാ ജോര്‍ജ്ജിന്‍റെ മന്ത്രി പദവി സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നത് സ്വന്തം ജില്ലയില്‍ തന്നെയായിരുന്നു.പാര്‍ട്ടി പാരമ്പര്യമില്ലാത്ത വീണയ്ക്ക് നിര്‍ണായകമായവകുപ്പ് നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ട്യൂഷന് പോകാൻ നിർബന്ധിച്ചതിന് സിനിമാ താരത്തിന്‍റെ മകന്‍ 14 കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
മുംബൈ.ട്യൂഷന് പോകാൻ നിർബന്ധിച്ചതിന് 14 കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹിന്ദി-ഗുജറാത്തി നടി ആരതി മഖ്‌വാനയുടെ മകനാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ കാന്തിവലിയിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് ചാടിയത്. 57 നില കെട്ടിടത്തിൽ 51ആം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. ട്യൂഷന് പോകുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി തർക്കിച്ചിരുന്നു. പിന്നാലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
മുള്ളിയ്ക്കാല,പ്ലാച്ചേരി വടക്കതിൽ വിജയൻപിള്ള നിര്യാതനായി
തേവലക്കര.മുള്ളിയ്ക്കാല,പ്ലാച്ചേരി വടക്കതിൽ വിജയൻപിള്ള (65)നിര്യാതനായി.
ഭാര്യ. ശാരദ അമ്മ (കുമാരി) മക്കൾ : ബിനു,
വിനീത. മരുമകന്‍ . പ്രദീപ്. സഞ്ചയനം:. 09-07=2025 ബുധനാഴ്ച രാവിലെ 07:00 മണിക്ക്
മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം ഇന്ന് രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിക്കും. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിക്കും. അതേസമയം അപകടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. .
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തും.
വീണ്ടും നിപ….? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിലാണ്.
ജൂൺ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചതായാണ് ആരോഗ്യ പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരം. പുണെയിൽനിന്നുള്ള ഫലം ഇന്ന് ലഭിക്കും. പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമാവൂ.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് വെന്റിലേറ്ററിലാണ് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതിനിടെ മസ്തിഷ്‍കമരണം സംഭവിച്ചു. ഇതിൽ സംശയം തോന്നിയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡി. കോളജിലേക്ക് അയച്ചത്.
ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; ‘മദ്യപിച്ച് ജോലിക്ക് വരരുത്’
പത്തനംതിട്ട: ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ യുടെ അനുമതി തേടണമെന്നും സർക്കുലറിലുണ്ട്. ആർഎംഒ വളർത്തു നായയുമായി ഓഫീസിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് സർക്കുലർ.
താത്ക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം സർക്കുലർ ജീവനക്കാരെ ആക്ഷേപിക്കുന്നതിന് തയ്യാറാക്കിയതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
പടിക്കെട്ടിലും വാതിലിന് മുന്നിലും ചോരക്കറ, ഉള്ളിൽ രക്തത്തിൽ കുളിച്ച് അമ്മയും മകനും; ഞെട്ടിച്ച് ഇരട്ട കൊലപാതകം
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹി ലജ്പത് നഗറിനെ നടുക്കി ഇരട്ട കൊലപാതകം. ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിൻറെ സഹായി കുത്തിക്കൊന്നു. രുചിക സെവാനിയും, പതിനാലുകാരനായ മകൻ കൃഷ് സെവാനിയുമാണ് കൊല്ലപ്പെട്ടത്. പ്രതിയെ ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പൊലീസ് പിടികൂടി. കഴിഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.
ലജ്പത് നഗറിലെ മാർക്കറ്റിൽ തുണിക്കട നടത്തുകയാണ് രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി. ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലിൽ മുട്ടിയിട്ടും ഭാര്യ കതക് തുറന്നില്ല. മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴാണ് സ്റ്റെയർകേസിലും വാതിലിന് മുൻപിലും ചോരക്കറ കണ്ടത്. ഉടൻ തന്നെ കുൽദീപ് പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രുചികയുടെയും മകൻ കൃഷിന്റെയും മൃതദേഹം കണ്ടെത്തിയത്.
ഭാര്യ രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും മകൻറേത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസിന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രുചികയുടെ ഭർത്താവിന്റെ തുണിക്കടയിലെ ജോലിക്കാരനാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പിന്നീട് യുപിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ 24 കാരനായ മുകേഷിനെ പൊലീസ് പിടികൂടുകയായിരുന്നു.
മൂന്നുവർഷമായി മുകേഷ് തുണിക്കടയിൽ ജോലി ചെയ്യുകയാണ്. ഇടയ്ക്ക് രുചികയുടെ വീട്ടിൽ ഡ്രൈവറായും മുകേഷ് പോകാറുണ്ട്. കഴിഞ്ഞ ദിവസം രുചിക മുകേഷിനെ ശാസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ദേഷ്യം തോന്നിയ മുകേഷ് രുചികയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മകനെയും മുകേഷ് കൊലപ്പെടുത്തി. മുകേഷ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. പെട്ടെന്നുള്ള പ്രകോപനമാണോ, അതോ കൊലപാതകത്തെ പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.






































