വീട്ടിലെ ഉപദ്രവം സഹിക്കവയ്യാത്ത സ്ഥിതിയാണെന്ന് ബോളിവുഡ് താരം തനുശ്രീദത്ത.
വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും ഒന്ന് രക്ഷിക്കുമോ എന്നും ചോദിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടു ള്ള തനുശ്രീയുടെ വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടു വെളിപ്പെടുത്തലുകള്‍ നടത്തിയാണ് തനുശ്രീ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. വീടിനുള്ളില്‍ താന്‍ കൊടും പീഡനം അനുഭവിക്കുന്നുവെന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി കണ്ണീര്‍ തോര്‍ന്നിട്ടില്ലെന്നും തനുശ്രീ പറയുന്നു.
താന്‍ പൊലീസിനെ വിളിച്ചുവെന്നും അവര്‍ വീട്ടിലേക്ക് എത്തി, ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ കണ്ണീരോടെ വിഡിയോയില്‍ പറയുന്നു. സഹിച്ച് മതിയായി എന്നും ആരോഗ്യം വരെ ഇക്കാരണത്താല്‍ ക്ഷയിച്ചെന്നും തനുശ്രീ വ്യക്തമാക്കുന്നു. വീട്ടില്‍ തനിക്കായി സഹായികളെ പോലും വയ്ക്കാനാകുന്നില്ല. വീട് ആകെ അലങ്കോലമാണ്. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികളാണ് വീട്ടില്‍ നില്‍ക്കുന്നത്. അവരാകട്ടെ തന്‍റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുകയാണ്. കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ പോലും ആളുകള്‍ വന്ന് മുട്ടുകയാണ്… മടുത്തുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറിച്ചു.
2018 ല്‍ താന്‍ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് തനിക്ക് നേരെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതെന്നും അവര്‍ വിഡിയോയില്‍ പറയുന്നു. വൈകിപ്പോകുന്നതിന് മുന്‍പ് ആരെങ്കിലും എന്തെങ്കിലും ചെയ്യുമോയെന്നും അവര്‍ ചോദിക്കുന്നു.
‘ഹോണ്‍ ഓക്കെ പ്ലീസ്’ എന്ന ചിത്രത്തിലെ പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ നടന്‍ നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു 2018 ല്‍ തനുശ്രീയുടെ വെളിപ്പെടുത്തല്‍. നാന പടേക്കര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. നാന പടേക്കര്‍ക്ക് പുറമെ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരങ് എന്നിവരെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപിങിനും വിധേയരാക്കണമെന്നും സത്യം പുറത്തുവരുമെന്നുമായിരുന്നു തനുശ്രീയുടെ അഭിഭാഷകന്‍ ഓഷീവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ആരെങ്കിലും ഒന്ന് രക്ഷിക്കൂ…മീ ടു ആരോപണം നടത്തിയ ബോളിവുഡ് താരം തനുശ്രീയുടെ പൊട്ടി കരയുന്ന വീഡിയോ
‘കല്ല് കുഞ്ഞ്’; അമ്മയുടെ ശരീരത്തിൽ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, എക്സ് റേ ചിത്രം പങ്കുവച്ച് ഡോക്ടർ, അമ്പരന്ന് ലോകം
സമൂഹ മാധ്യമങ്ങളിൽ ഒരു ഡോക്ടർ പങ്കുവച്ച എക്സ്റേ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലിത്തോപീഡിയൻ അഥവാ ‘സ്റ്റോൺ ബേബി’ എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു വിചിത്രമായ എക്സ്-റേ ചിത്രമായിരുന്നു അത്. ഡോ. സാം ഖാലി തൻറെ എക്സ് ഹാൻറിലിലൂടെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആ എക്സറേ ചിത്രം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ടെവരെല്ലാം അമ്പരന്നു, ഒരു സ്ത്രീയയുടെ ശരീരത്തിൽ കല്ലുകൾ കൊണ്ട് ഒരു കുഞ്ഞ് !
‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ’ എന്ന കുറിപ്പോടെയാണ് ഡോ സാം ഖാലി എക്സറെ ചിത്രം പങ്കുവച്ചത്. ‘എന്താണ് രോഗനിർണയം?’ പിന്നാലെ അദ്ദേഹം കുറിച്ചു. ആ എക്സ്റേ ചിത്രത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളിൽ ഇടുപ്പിന് സമീപത്തായി കാൽസ്യം അടങ്ങിയ ഒരു ഗർഭസ്ഥശിശുവിൻറെ ചിത്രം കാണാം. അസാധാരണമായ ഈ ചിത്രം കണ്ട് ആളുകൾ ഇത് എഐയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചിത്രത്തിന് താഴെ ഡോ സാം ഖാലി ആ ഗർഭസ്ഥശിശുവിൻറെ നിഗൂഢത വെളിവാക്കി.
‘ഉത്തരം: ലിത്തോപീഡിയൻ,’ അദ്ദേഹം എഴുതി. തുടർന്ന് അദ്ദേഹം ലിത്തോപീഡിയൻ അവസ്ഥ എന്താണെന്ന് മറ്റൊരു കുറിപ്പിൽ വിശദീകരിച്ചു. എക്ടോപിക് ഗർഭാവസ്ഥയുടെ വളരെ അപൂർവമായ ഒരു സങ്കീർണതയാണ് ലിത്തോപീഡിയൻ. ഗ്രീക്ക് പദങ്ങളായ ‘ലിത്തോസ്’ (കല്ല്), ‘പീഡിയൻ’ (കുട്ടി) എന്നിവയിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞതെന്നും അതിനാലാണ് ഇത്തരം കുട്ടികളെ ‘കല്ല് കുട്ടി’ എന്നോ ‘കല്ല് കുഞ്ഞ്’ എന്നോ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭാശയത്തിന് പുറത്തുള്ള ഒരു ഗർഭസ്ഥ ശിശു ആദ്യ മൂന്ന് മാസത്തിനപ്പുറം വികസിച്ച് കൊണ്ടിരിക്കുമ്പോഴും മരിക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ‘അമ്മയുടെ രോഗപ്രതിരോധ സംവിധാനം ഇത്തരം കുട്ടികളെ പുറത്ത് നിന്നുള്ള ഒരു വസ്തുവായി കണക്കാക്കുകയും ഇതിനെ തുടർന്ന് ഗർഭാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയുന്നതിനായി കാൽസ്യം ഉപയോഗിച്ച് അതിനെ സംരക്ഷിക്കുന്നു.
ഇത്തരത്തിൽ കൂടുതൽ കാൽസ്യം അടിയുന്നതിനാലാണ് അവയെ സ്റ്റോൺ ബേബി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ സാധാരണയായി രോഗലക്ഷണങ്ങളില്ലാതെ തന്നെ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കിടെയോ മെഡിക്കൽ ഇമേജിംഗ് സമയത്തോ മാത്രം ഇവയെ കണ്ടെത്തുന്നു. ഡോക്ടർ സാമിൻറെ കുറിപ്പുകൾ എക്സിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. നിരവധി പേർ കുറിപ്പുകളുമായെത്തി. ഒരുപാട് പേർ അമ്പരപ്പ് പ്രകടിപ്പിച്ചു. ചിലർ അവിശ്വസനീയം എന്നായിരുന്നു കുറിച്ചത്.
അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം, ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.
എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 20 മണിക്കൂർ പിന്നിടുമ്പോഴും ആലപ്പുഴയിലെ തോട്ടപ്പിള്ളിയിലെ എത്തിയിട്ടുള്ളു. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്. ഇനി 16 കിലോമീറ്റർ കൂടിയാണ് പുന്നപ്രയിലെത്താന്‍ ഉള്ളത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകിട്ടാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്.
പനപ്പെട്ടി ഭാഗത്ത് മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു
ശാസ്താംകോട്ട : കുന്നത്തൂർ എക്‌സൈസ് സർക്കിൾ പാർട്ടിയും ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് പാർട്ടിയും പനപ്പെട്ടി ഭാഗത്ത് നടത്തിയ സംയുക്ത റെയ്‌ഡിൽ നിരോധിത ലഹരി മരുന്നായ മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പനപ്പെട്ടി മുസലിയാർ ഫാമിൽ സുഗീഷ് ഭവനം വീട്ടിൽ സുഗീഷിനെയാണ് (25) എക്‌സൈസ് ഇൻസ്‌പെക്ടർ സൂര്യ എസ്സിന്റെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളിൽ നിന്നും 1.5 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.ടി മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.എക്‌സൈസ് ഇൻസ്‌പെക്ടർ സൂര്യയോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ് ശിവറാം, അജയകുമാർ പ്രിവന്റീവ് ഓഫീസർമാരായ സജീവ് കുമാർ, ജോൺ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. പ്രസാദ്, സുധീഷ്. എസ്, സുജിത് കുമാർ എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാജാഗോപാലൻ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവം.. ട്രെയിന്‍ അട്ടിമറിക്ക് ശ്രമം എന്ന കുറ്റത്തിന് കേസ്
ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്.
എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ 5 ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.
99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല, കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു; മോദി-സ്റ്റാർമർ കൂടിക്കാഴ്ച നാളെ
ലണ്ടൻ: നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു. നാളെയാകും അതീവ പ്രാധാന്യമുള്ള ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുക. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഇന്ന് ബ്രിട്ടനിലെത്തും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് യു കെയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യു കെ പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ, ചാൾസ് രാജാവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. യു കെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചേയ്ക്കും. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യു കെ സന്ദര്‍ശനത്തിനിടെ നിരവധി വിഷയങ്ങൾ ചര്‍ച്ചയാകും. ജൂലൈ 21 ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര എന്നത് ശ്രദ്ധേയമാണ്.
ഇന്ന് യു കെയിലെത്തുന്ന മോദി നാളെയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥൻ റെയ്നോള്‍ഡ്സുമാകും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുകയെന്നാണ് വിവരം. വിസ്കി, കാര്‍ തുടങ്ങിയവയും മറ്റു ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഗുണകരമാകും കരാറെന്ന് വ്യക്തമാകുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ വര്‍ധിക്കുന്നതിനും കരാര്‍ നിര്‍ണായകമാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങള്‍ക്ക് യു കെയിൽ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാകുമെന്ന് ഉറപ്പാണ്.
യു കെ സന്ദർശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.
48 ലക്ഷം കോടി, ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ’ യാഥാർഥ്യമാക്കി ട്രംപ്! ജപ്പാൻ-അമേരിക്ക ഇനി ഭായി ഭായി, 15% തീരുവയും പ്രഖ്യാപിച്ചു
ന്യുയോർക്ക്: ജപ്പാനുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാർ പ്രകാരം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാർ പ്രകാരം, ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ വാഹനങ്ങൾ, ട്രക്കുകൾ, അരി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ജപ്പാൻ വിപണി തുറന്നുനൽകുമെന്നും കരാറിലുണ്ട്. ഇത് അമേരിക്കൻ കയറ്റുമതിക്കാർക്ക് വലിയ അവസരമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഏറെ നാളത്തെ ചർച്ചകൾക്കും വലിയ തീരുവ ഭീഷണികൾക്കും ശേഷമാണ് അമേരിക്ക – ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായത്. ജപ്പാന്റെ നിക്ഷേപം അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ വ്യാപാര കരാറിനെ സ്വാഗതം ചെയ്തെങ്കിലും ജപ്പാന്റെ ആഭ്യന്തര വിപണിയിൽ, പ്രത്യേകിച്ച് ഓട്ടോമോട്ടീവ് മേഖലയിൽ പുതിയ തീരുവ പ്രഖ്യാപനം വലിയ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണിയിൽ ഇതിന്‍റെ പ്രതിഫലനം ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. ജപ്പാൻ ഓഹരി വിപണിയിൽ നഷ്ടം സഭവിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. 2024 ൽ ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 68.5 ബില്യൻ ഡോളറായിരുന്നു. ഇത് പുതിയ വ്യാപാര കരാർ വഴി കുറയ്ക്കാമെന്നതാണ് ട്രംപിന്‍റെ വിലയിരുത്തൽ.
യുനെസ്കോയിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് ഭരണകൂടം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത യു എൻ സാംസ്കാരിക, വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപനം നടത്തി എന്നതാണ്. 2026 ഡിസംബർ 31 ന് യുനെസ്കോയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. വിഭാഗീയ സാമൂഹിക, സാംസ്കാരിക വിഷയങ്ങളെ യുനെസ്കോ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് നടപടി. ‘അമേരിക്ക ഫസ്റ്റ്’ വിദേശനയവുമായി പൊരുത്തപ്പെടുന്നതല്ല യുനെസ്കോയുടെ പ്രവർത്തനങ്ങളെന്നും തീരുമാനം അറിയിച്ച യു എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വിവരിച്ചു. യുനെസ്കോയ്ക്ക് ഇസ്രായേലിനോട് പക്ഷപാതിത്വമുണ്ടെന്നും ഭിന്നിപ്പിക്കുന്ന വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചതിലുള്ള യുനെസ്കോയുടെ ഇസ്രായേൽ വിരുദ്ധ നിലപാടും ബ്രൂസ് എടുത്തുപറഞ്ഞു. 2017 ലെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് സമാനമായി യുനെസ്കോയിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ജോ ബൈഡൻ ഭരണകൂടം യു എസിനെ വീണ്ടും യുനെസ്കോയിൽ എത്തിച്ചിരുന്നു.
വി എസിന് എതിരേ അധിക്ഷേപ പോസ്റ്റ് കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെ കേസ്
കൊച്ചി .വി എസ് അച്യുതാനന്ദന് എതിരായ ഫേസ്ബുക് അധിക്ഷേപ പോസ്റ്റ്
എറണാകുളം ഏലൂരിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്
ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയിലാണ് നടപടി
ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകര മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്
ഇതിൽ വി എസിനെതിരെ അധിക്ഷേപ പരാമർശ ങ്ങളും ഉണ്ടായിരുന്നു
Rep image
സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: പവന് മുക്കാൽ ലക്ഷം രൂപ കടന്നു!
കൊച്ചി: സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: സ്വർണ്ണവില ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു.
സ്വർണ്ണവില ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി . അന്താരാഷ്ട്ര സ്വർണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്.
എല്ലാ കാരറ്റുകളുടെയും സ്വർണ്ണവിലയും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്.
18K750 Gold Rate7695
14K585 Gold Rate 5995
9K585 Gold Rate 3860
Silver 125
40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി റെക്കോർഡ് ഇട്ടത്. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്.
എന്നാൽ ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടിവരുമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻറെ ഇന്നലത്തെ പ്രഖ്യാപനങ്ങളാണ് വിലവർധനവിന് കാരണമായിട്ടുള്ളത്.
പലിശ നിരക്കുകൾ സംബന്ധിച്ചോ, അദ്ദേഹത്തിൻറെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നൽകിയിരുന്നില്ല.
പത്ത് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
എറണാകുളം. പൂക്കാട്ടുപടിയിൽ നിന്നും കഞ്ചാവുമായി 2 പേർ പിടിയിൽ
വിൽപ്പനയ്ക്കായി എത്തിച്ച 10 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്
പിടിയിലായത് മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല ,ബംഗാൾ സ്വദേശി അനറുൾ ഇസ്ല്ലാം
ഇതിനു മുൻപും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ്
‘കിലോക്ക് 2000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് നാട്ടിൽ നിന്ന് കൊണ്ടുവന്ന് 25000 രൂപയ്ക്ക് വിറ്റു ‘
മാസത്തിൽ 4 തവണ നാട്ടിൽ നിന്നും 20 കിലോ വീതം ട്രെയിൻ മാർഗം എത്തിച്ച് വില്പന നടത്തിയിരുന്നുവെന്നും എക്സൈസ്







































