25.3 C
Kollam
Wednesday 31st December, 2025 | 10:02:32 AM
Home Blog Page 754

ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്ക് പുറമെ സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജസ്ഥാന് മുകളിലെ ന്യൂന മർദ്ദം ശക്തി കുറയുന്നതും അതോടൊപ്പം അറബികടലിൽ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത്തി ദുർബലമായതുമാണ് മഴ കുറയാൻ കാരണം. ഇനിയുള്ള ദിവസങ്ങളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറയും. അതേസമയം, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പ്: പ്രവാസി ഭാരതീയര്‍ക്കും പേരു ചേര്‍ക്കാം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക സമ്മറി റിവിഷനില്‍ പ്രവാസി ഭാരതിയര്‍ക്കും പേര് ചേര്‍ക്കാം. ഇതിനായി ഫോം 4എ യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ   തദ്ദേശസ്ഥാപനത്തിലെ ഒരു നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്കാണ് ഓണ്‍ലൈനായി  അപേക്ഷ നല്‍കേണ്ടത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ നടത്തണം.   ‘പ്രവാസി അഡീഷന്‍’ കോളം ക്ളിക് ചെയ്ത് ലോഗിന്‍ ചെയ്യുക.   പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കണം. 
2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഭാരതപൗരനായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി  നാട്ടിലെ   താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആര്‍.ഒയ്ക്ക് നേരിട്ടോ, രജിസ്ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം കമ്മീഷൻ ആയി മാറി,വാർഡ് വിഭജനം സിപിഎം ഓഫീസിൽ നിന്നും നൽകിയ രാഷ്ട്രീയ ഭൂപടത്തിൻറെ അടിസ്ഥാനത്തിലെന്ന് ബിജെപി

തിരുവനന്തപുരം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത രീതിയിലാണ് വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം കാണിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്.

മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സിപിഎം ഓഫീസിൽ നിന്നും നൽകിയ രാഷ്ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനം നടപ്പിലാക്കിയിരിക്കുന്നത്. വാർഡ് വിഭജനത്തിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രാദേശിക നേതാക്കളുമാണെന്നും അദ്ദേഹം പറഞ്ഞു

വാർഡ് വിഭജനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും പാർട്ടി നേതൃത്വമാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയുമായിരുന്നു. സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകൾ എല്ലാം പാഴായി. വോട്ടർ പട്ടികയിലെ കൃത്രിമവും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും തിരുവനന്തപുരം ഉൾപ്പെടെയുള്ള 14 ജില്ലകളിലും ഉണ്ട്.സിപിഎമ്മിന് വിജയിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ അശാസ്ത്രീയ വാർഡ് വിഭജനം. സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുകയും എൻഡിഎയുടെ പരാജയം ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിഭജനം നടത്തിയിരിക്കുന്നത്.

വാർഡ് വിഭജനം സംബന്ധിച്ച പരാതി പരിശോധിക്കാനുള്ള ഡി-ലിമിറ്റേഷൻ കമ്മിറ്റി പൂർണ്ണ പരാജയമാണ്. 5000ത്തിലധികം പരാതികൾ ഈ കമ്മിറ്റിക്ക് മുമ്പിൽ ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. ഓരോ പരാതിയും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കി പരിഹരിക്കേണ്ടതായിരുന്നു.

പരാതി നൽകിയവർക്ക് കമ്മിറ്റി മറുപടി നൽകണം. കമ്മിറ്റിക്ക് മുമ്പിലെത്തിയ 10% പരാതികൾ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധിച്ചത്. അതിൽ രണ്ടുശതമാനം പരാതികൾക്ക് മാത്രമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരുശതമാനം പരാതികൾക്ക് പോലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പരാതിക്കാർക്ക് മറുപടി പോലും നൽകാത്ത അവസ്ഥയാണ്.

ജനാധിപത്യപരമായ എല്ലാ നടപടികളും കമ്മിറ്റി അട്ടിമറിച്ചു. സിപിഎമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം ആദ്യം മുതൽ അട്ടിമറിക്കപ്പെടുന്നുവെന്നു ബിജെപി ആരോപിക്കുന്നതിന് ഇതാണ് കാരണം.

പരാതി പോലും കേൾക്കാൻ കമ്മിറ്റി തയ്യാറാകുന്നില്ല. ഡി-ലിമിറ്റേഷൻ നടത്താൻ പാലിക്കേണ്ട എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് പാർട്ടി നേതൃത്വത്തിന്റെ ഇഷ്ടങ്ങൾക്ക് ഉദ്യോഗസ്ഥർ വഴങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് പരാതികൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തത്.

തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ഈ പ്രശ്നങ്ങളുണ്ട്. മാധ്യമങ്ങൾ നിഷ്പക്ഷമായി വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയെ കുറിച്ച് അന്വേഷിക്കണം. ആവശ്യമായ എല്ലാ തെളിവുകളും ബിജെപി നൽകാൻ തയാറാണ്. ചില വാർഡുകളിൽ പതിനാറായിരത്തിലധികം വോട്ടർമാർ ഉള്ളപ്പോൾ, അതേ കോർപ്പറേഷനിലെ ചില വാർഡുകളിൽ 2500 വോട്ടർമാർ മാത്രമുണ്ടാകും. ഇത്തരത്തിലാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. ഇതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം ഇല്ല.

സിപിഎമ്മിന് വിജയിക്കാനായി തയ്യാറാക്കിയ വിഭജനമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ് അട്ടിമറി ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി ഭരിക്കുന്ന 38-ാം നമ്പർ വാർഡിന് നാലു കിലോമീറ്റർ ദൂരത്തുള്ള വോട്ടർമാരെ വരെ ഈ വാർഡിൽ ചേർത്തിട്ടുണ്ട്. ഇത് ബിജെപിയെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാണ്. വീട് രണ്ടാം വാർഡിലും വോട്ട് നാലാം വാർഡിലുമെന്ന സ്ഥിതിയാണ് സംസ്ഥാനമൊട്ടാകെയുള്ള അവസ്ഥ.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വോട്ടർ പട്ടിക ചോർന്നിട്ടുണ്ട്. ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ട്. നാദാപുരത്തും ചാത്തമംഗലത്തും വോട്ടർ പട്ടിക ചോർന്നതായി തെളിവുകളുണ്ട്. ഇതെല്ലാം ഈ അട്ടിമറിയുടെ ഭാഗമാണ്.

കമ്മീഷൻ സർവകക്ഷി യോഗം വിളിച്ചപ്പോൾ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും സാങ്കേതിക പ്രശ്നങ്ങളും അക്കമിട്ട് നിരത്തി ബിജെപി പറഞ്ഞിരുന്നു. കമ്മീഷൻ അടിയന്തരമായി ഇടപെടും എന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ ഒരു ഉറപ്പും പാലിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം കമ്മീഷനായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുടെ ആരംഭത്തിൽ തന്നെ വമ്പൻ അട്ടിമറിയാണ് നടക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടി സെക്രട്ടറിക്കും പങ്കുണ്ട്.

ഇതിനേതിരെ ശക്തമായ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം. ജനാധിപത്യ കശാപ്പാണ് കേരളത്തിൽ നടക്കുന്നത്. നിയമപരമായും സുതാര്യമായും തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പരാജയം ഉറപ്പാണ് എന്ന ബോധ്യത്തിലാണ് അട്ടിമറിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

ഈ ശ്രമങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം നടത്താൻ ബിജെപി തീരുമാനിച്ചു. കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. വീഴ്ച വരുത്തിയിട്ടുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയുണ്ടാകണമെന്നും ബിജെപി ആവശ്യപ്പെടുന്നതായി പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കളായ ജെ ആർ പദ്മകുമാർ, വി വി രാജേഷ് എന്നിവരും പങ്കെടുത്തു

ഒന്നര വയസുകാരിക്കൊപ്പം വാട്ടർ തീം പാർക്കിലെ റൈഡിൽ കയറി അച്ഛൻ, പിടിവിട്ടു നിലത്തുവീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

സാഗ്രെബ്: വാട്ടർ തീം പാർക്കിലെ റൈഡിൽ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം. ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡിൽ കയറിയ യുവാവിന്റെ കയ്യിൽ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാൻ വാട്ടർ തീം പാർക്കിലാണ് സംഭവം. ജർമനിയിൽ നിന്നുള്ള യുവാവും മകളുമാണ് അപകടത്തിൽപ്പെട്ടത്.

റൈഡിന് താഴെ ഭാഗത്തുള്ള കോൺക്രീറ്റ് തറയിൽ തലയടിച്ച് വീണ ഒന്നര വയസുകാരിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. വാട്ടർ തീം പാർക്കിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു, കുട്ടിയെ കയ്യിൽ വച്ചായിരുന്നു അച്ഛൻ വാട്ടർ തീം പാർക്കിലെ റൈഡുകളിൽ കയറിയത്.

കുട്ടി താഴേയ്ക്ക് പിടിവിട്ട് പോയതിന് പിന്നാലെ മകളെ സഹായിക്കാൻ ആവശ്യപ്പെട്ട് നിലവിളിക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിജേകയിലെ ആശുപത്രിയിൽ വച്ചാണ് ഒന്നരവയസുകാരി മരിച്ചത്. രണ്ട് ദശാബ്ദത്തിന് മുൻപ് നിർമ്മിച്ച റൈഡിൽ വച്ചുണ്ടാകുന്ന ആദ്യത്തെ അപകടമാണ് ഇതെന്നാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്.

മറ്റൊരു സംഭവത്തിൽ തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക ട്രെയിൻ പാളം തെറ്റിയുണ്ടായ സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യൂണിക്കിൽ നിന്ന് 158 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേർ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ വാക്സിൻ നൽകാൻ കേരളം; ഗർഭാശയഗള കാൻസർ പ്രതിരോധം ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദം.

അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിൻ നൽകാവുന്നതാണ്. വാക്‌സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷൻ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.


ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്.എച്ച്.എ. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വൈക്കത്ത് മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളം മറിഞ്ഞു; ഒരാൾക്കായി തിരച്ചിൽ, നേവിയുടെ സഹായം തേടും

വൈക്കം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലിൽ യാത്രാ വള്ളം മറിഞ്ഞു. 23 യാത്രക്കാർ ഇരുകരകളിലേക്കുമായി നീന്തിക്കയറി. ഒരാളെ കാണാനില്ല. കായലിൽ തിരച്ചിൽ തുടരുന്നു. ഇയാളെ കണ്ടെത്താൻ നേവിയുടെ സഹായം തേടും.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പാണാവള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കാട്ടിക്കുന്നിൽ മരണ വീട്ടിൽ വന്ന് പാണാവള്ളിയിലേക്കു തിരിച്ചു പോകുകയായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 23 പേർ വള്ളത്തിലുണ്ടായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ രണ്ടു കരകളിലായി ആളുകളെ രക്ഷിച്ചുവെന്നാണു പൊലീസ് അറിയിച്ചത്. മുറിഞ്ഞപുഴയിൽ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. കായലിൽ കാറ്റിൽ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാർ കരകളിലേക്ക് നീന്തിക്കയറി.

മൈനാഗപ്പള്ളി മിലാദേ ഷരീഫ് ബോയ്സ് സ്കൂളിൽ ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.

ശാസ്താംകോട്ട. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചരിത്ര ക്വിസ് പദ്ധതി 2025 ന്റെ ഭാഗമായി മിലാദേ ഷരീഫ് ബോയ്സ് മൈനാഗപ്പള്ളി സ്കൂളിൽ ചരിത്ര ക്വിസ് 2025 സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ മുഹമ്മദ്‌ അൻസർ, കാർത്തിക് ഭദ്രൻ,ബൈജു ശാന്തിരംഗം, അൻസില, അഖില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ അഹ്സൻ അഹമ്മദ്,മുഹമ്മദ്‌ ഫയാസ് എന്നിവർ സ്കൂൾ തല വിജയികളായി.

ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്‌മുഖിന്… സമ്മാനമായി ലഭിക്കുക ലക്ഷങ്ങൾ

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ കിരീട നേട്ടത്തോടെ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖ്. ജോർജിയയിലെ ബാത്തുമിയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ (1.5-0.5) തോൽപ്പിച്ചാണ് നാഗ്പുർ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.


നേരത്തേ ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.


ടൂർണമെന്റി വിജയിച്ച ദിവ്യയ്ക്ക് 50,000 യുഎസ് ഡോളർ (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഹംപി, ദ്രോണവല്ലി ഹരിക, ആർ. വൈശാലി എന്നിവർക്കു ശേഷം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ജു വെൻജുനെ ആരാണ് നേരിടേണ്ടതെന്ന് തീരുമാനിക്കുന്ന അടുത്ത വർഷത്തെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ദിവ്യ സ്വന്തമാക്കി.

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ പ്രതിരോധ സേനാവിഭാഗങ്ങളുടെ മുഖമായി പ്രവർത്തിച്ച കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭീകരരുടെ സഹോദരിയെന്ന അധിക്ഷേപകരമായ പരാമർശത്തിൽ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ ക്ഷമാപണത്തിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉയർത്തിയ കോടതി, അതിരൂക്ഷമായ വിമർശനമാണ് ഇന്ന് നടത്തിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

‘ഇത്തരമൊരു ക്ഷമാപണത്തിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഓൺലൈനിലൂടെ നടത്തിയ ക്ഷമാപണത്തിൽ അയാളുടെ ഉദ്ദേശം വ്യക്തമാണ്. ആ ഉദ്ദേശശുദ്ധിയിൽ അതുകൊണ്ടുതന്നെ സംശയവുമുണ്ട്,’ – സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് പറഞ്ഞു. വിജയ് ഷായുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഭാഗത്ത് നിന്ന് മന്ത്രിക്കെതിരെ വിമർശനം ഉണ്ടായത്.

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ വിജയ് ഷാക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. മെയ് 15 ന് ഇതേ ഹൈക്കോടതി വിജയ് ഷാക്കെതിരെ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളും ചോദ്യം ചെയ്താണ് വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.

സീനിയർ അഭിഭാഷകനായ കെ പരമേശ്വറാണ് വിജയ് ഷായ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. വിജയ് ഷാ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഉത്തരവിൻ്റെ അഠിസ്ഥാനത്തിൽ നിയോഗിച്ചിട്ടുള്ളതിനാൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്നുമാണ് അഭിഭാഷകൻ വാദിച്ചത്. വിജയ് ഷായുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയെന്നും ക്ഷമാപണം തിങ്കളാഴ്ച സമർപ്പിക്കാമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അധിക്ഷേപത്തിന് ഇരയായവരുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ തിടുക്കം കാട്ടിയതിന് എസ്ഐടി പ്രതിനിധിയെയും ഈ ഘട്ടത്തിൽ സുപ്രീം കോടതി വിമർശിച്ചു. അതിൻ്റെ അത്യാവശ്യം എന്തായിരുന്നുവെന്നും ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. എസ്ഐടി അന്വേഷണം ആഗസ്റ്റ് 13 നകം പൂർത്തിയാക്കും എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വിജയ് ഷായെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജയ താക്കൂർ സമർപ്പിച്ച ഹർജി ഉചിതമായ ഫോറത്തിൽ അപേക്ഷിക്കാൻ നിർദേശിച്ച് തള്ളി.

ഇനി ഭാവി ചാറ്റ് ചെയ്ത് അറിയാം!                            ഭൂതം, ഭാവി, വർത്തമാനം — ChatGPT നിങ്ങളുടെ കൈയിലായി

കൈ നോക്കി ഭാവി പറഞ്ഞ് ChatGPT: AI-യുടെ കൈകളിൽ കൈരേഖാ ശാസ്ത്രം!

പുരാതന കൈരേഖാ ശാസ്ത്രം ഡിജിറ്റൽ ലോകത്തേക്ക്! മനുഷ്യന്റെ കൈരേഖകൾ നോക്കി ഭൂതവും ഭാവിയും വർത്തമാനവും പ്രവചിക്കുന്ന പരമ്പരാഗത രീതി ഇനി ChatGPT-യുടെ സഹായത്തോടെ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) ഈ പുതിയ രൂപം കൈരേഖാ ശാസ്ത്രത്തിൽ പുതിയ സാധ്യതകൾ തേടുകയാണ്.

എന്താണ് സംഭവം?
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ് ChatGPT-ക്ക് കൈയുടെ ഫോട്ടോ നൽകി ഭാവി പ്രവചിക്കാൻ ശ്രമിക്കുന്നത്. കൈരേഖകൾ വിശകലനം ചെയ്ത് ഭൂതം, ഭാവി, വർത്തമാനം എന്നിവയെക്കുറിച്ച് ChatGPT വിവരങ്ങൾ നൽകുന്നു. ഒരു ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിൽ, “കൈയിലെ ഹൃദയരേഖയുടെ ദൈർഘ്യം വലിയൊരു ബന്ധത്തിലെ വൈകാരിക സ്ഥിരതയെ സൂചിപ്പിക്കുന്നു. ഭാഗ്യരേഖയുടെ വളഞ്ഞ മുകളിലേക്കുള്ള നീട്ടം ദാരിദ്ര്യത്തിൽ നിന്ന് ഉയർച്ചയെ കാണിക്കുന്നു” എന്ന് ChatGPT പ്രവചിച്ചതായി പറയുന്നു.

AI-യും വിശ്വാസങ്ങളും:
പലരും കൈയുടെ ചിത്രം അപ്‌ലോഡ് ചെയ്ത്, പഴയകാല ശൈലികൾ AI മുഖേന തിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇത് ശാസ്ത്രീയമായി എത്രത്തോളം ശരിയാണെന്നത് ഇനിയും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. എങ്കിലും, പരമ്പരാഗത വിശ്വാസങ്ങൾക്ക് ChatGPT ഒരു പുതിയ മാനം നൽകിയിരിക്കുന്നു.
പാരമ്പര്യവും സാങ്കേതികവിദ്യയും ഒന്നിക്കുമ്പോൾ, ഈ നൂതന പരീക്ഷണം എത്രത്തോളം യാഥാർത്ഥ്യവും വിശ്വാസയോഗ്യവുമാണെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.