Home Blog Page 690

മൂന്നാം ട്വന്‍റി 20: ഇന്ത്യക്ക് ബൗളിങ്… സഞ്ജു പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ കളിക്കും. അക്സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷദീപ് സിങും കളിക്കും.  

ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഹേസൽവുഡിന് പകരക്കാരനായി ഷോണ്‍ അബോട്ട് കളിക്കും. 


ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ,  അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ. 

ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ഷോൺ ആബട്ട്,  മാറ്റ് കുഹ്നെമാൻ.

മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു

കൊട്ടിയം: മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു. പരവൂർ മ്ലാവിള പണവിള ആമിനാ മൻസിലിൽ മുഹമ്മദ്( 48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ മയ്യനാട് മുക്കം ഓശാനാ നഗറിലുള്ള ഒരു വീട്ടിലെ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനിടയിൽ മരത്തിൽ നിന്നും പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. പൊന്നേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അഭിഭാഷകനായ നാഗരാജി(38)നെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്ത്. യാര്‍ഡുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാള്‍ മോഷ്ടിച്ചത്.

ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ഇയാള്‍ ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനുകളില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് പ്രേം കുമാർ

റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ആരും ഒന്നും അറിയിച്ചില്ലെന്നും പ്രേംകുമാർ. നടപടിയിൽ വിഷമം ഉണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും അറിയിച്ചില്ല. അഭ്യൂുഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.
റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് പ്രേംകുമാര്‍ ചെയ്യുന്നു. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയില്‍ മലയാളത്തെ എത്തിച്ച കലാകാരന്‍ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ സാന്നിധ്യമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അറിപ്പും ക്ഷണവും ലഭിച്ചില്ല, അതില്‍ വലിയ വിഷമമുണ്ടെന്നും പ്രേംകുമാര്‍ തുറന്നുപറയുന്നു.
ചുമതല നല്‍കിയതും മാറ്റിയതും സര്‍ക്കാരാണ്. അത് അംഗീകരിക്കുന്നു. സര്‍ക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏല്‍പ്പിച്ച ചുമതല സുതാര്യമായും ആത്മാര്‍ത്ഥയോടും കൂടി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി. പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടിയും അനുവദിച്ചു

കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം, പോലീസിൻ്റെത് വിചിത്ര എഫ് ഐ ആർ എന്ന് പരാതി

കൊല്ലം. കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ തള്ളി ആംബുലൻസ് ഡ്രൈവർ ബിപിൻ.
വാച്ച് മോഷ്ണമല്ല നടന്നത്. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി അക്രമിക്കുകയാണ് ചെയ്തതെന്ന് ആംബുലൻസ് ഡ്രൈവർ ബിപിൻ. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ് .

അത്യാസന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെയും അക്രമിക്കുകയും ആംബുലൻസ് തകർക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ.ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും വാച്ച് മോഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് മാത്രമാണ് കൊട്ടിയം പോലീസിൻ്റെ FlR

എന്നാൽ പോലീസിന്റ എഫ് ഐ ആർ തള്ളുകയാണ് ആംബുലൻസ് ഡ്രൈവർ ബിപിൻ . തന്നെ അക്രമിക്കുകയും രോഗിയെ ആശുപത്രിയിൽ എത്തിക്കാനും വൈകുകയും ചെയ്തുവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

സ്ഥലത്ത് ഭീകരാന്തരീക്ഷരം സൃഷ്ടിച്ച പ്രതികളെ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.പ്രതികൾ കൊട്ടിയം സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആംബുലൻസ് ഡ്രൈവർ മാർ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പോലീസിൻ്റെ നിസംഗതയയ്ക്ക് കാരണമെന്നാണ് ആരോപണം

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന  ‘എക്കോ’

ഹിറ്റ്‌ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് ‘എക്കോ’. സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. തുടക്കം മുതൽ അവസാനം വരെ ഒരു നിഗൂഢത നിലനിർത്തുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ചിത്രം നവംബർ 21 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.


ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ് സിനിമയിൽ നായകനായി എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്.

ആറാം ക്ലാസ്സ്‌വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

ജയ്പൂര്‍.രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസ്സ്‌വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി
മരിച്ചു. ജയ്പൂരിലെ നീർജ മോദി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.സ്കൂൾ അധികൃതർക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സ്കൂളിൻറെ നാലാം നിലയിൽ നിന്നാണ് വിദ്യാർഥി ചാടിയത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം കുട്ടി വീണ സ്ഥലം സ്കൂൾ അധികൃതർ വെള്ളം ഒഴിച്ച് കഴുകിയിരുന്നു ഇത് തെളിവ് നശിപ്പിക്കാനാണ് എന്നും ആരോപണം ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തില്‍ ചിറ്റൂര്‍

പാലക്കാട്. കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തിലാണ് ചിറ്റൂര്‍ നാട്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് ഇരുവരെ കാണാതായത് തുടർന്ന് നടത്തി തിരച്ചിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്

വൈകിട്ട് 5 മണിയോടുകൂടി പിതാവിന്റെ ചക്രവാഹനവും എടുത്ത് പുറത്ത് പോയതായിരുന്നു ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും. സാധാരണഗതിയിൽ വൈകിട്ട് 7 മണിയോടുകൂടി വീട്ടിൽ തിരിച്ചെത്തുന്ന മക്കളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി പോലീസിൽ പരാതി നൽകി. ചിറ്റൂർ ലങ്കേഷ് ശിവക്ഷേത്ര കുളത്തിന്റെ സമീപത്തു ഉൾപ്പെടെ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നീന്തൽ പരിശീലനം ഉൾപ്പെടെ നടക്കാറുള്ള കുളമാണിത്. ആദ്യത്തെ പടവുകൾ കഴിഞ്ഞാൽ പിന്നീട് കുളത്തിന് ആഴം കൂടുതലാണ്. തുടർന്ന് ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളാണ് മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

ഇവരുടെയും വസ്ത്രങ്ങളും വാഹനവും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.കുട്ടികൾ കുളിക്കാൻ ഇറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും

ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്

തിരുവനന്തപുരം.ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്.ബെല്ലാരിയിലെ ജ്വലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്കുമാറിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. ഗോവർധനെ കേസിൽ മാപ്പു സാക്ഷിയാക്കാനും ആലോചനയുണ്ട്

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ്  എസ് ഐ റ്റിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് വിറ്റതെന്ന് ബെല്ലാരിയിലെ ജുവല്വറി ഉടമ ഗോവർധൻ മൊഴി നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് ഐ റ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് മൊഴി നൽകിയത്. ശബരിമലയിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് താൻ അടക്കമുള്ള ആളുകളുടെ കൈയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്. ശബരിമലയിലെ മോഷണ വിവരങ്ങൾ പുറത്തായതോടെ പോറ്റി ചെന്നൈയിലും, ബംഗലൂരുവിലും എത്തി. തനിക്കെതിരെ ഒന്നും ആരോടും പറയരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷവും ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് പണം പിരിക്കാൻ ശ്രമിച്ചു. എന്നാൽ താനടക്കം പിന്നീട് പണം നൽകിയില്ല എന്നും ഗോവർധൻ മൊഴി നൽകി. മോഷ്ടിച്ച സ്വർണം പൂർണമായും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായിരിക്കുന്നതിനിടെയാണ് എസ് ഐറ്റിക്ക് നിർണായക തെളിവുകളും മൊഴിയും ലഭിച്ചത്. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. നിലവിലെ മൊഴി പരിശോധിച്ച് ഗോവർധനെ മാപ്പുസാക്ഷി ആക്കാൻ ആവുമോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.