Home Blog Page 682

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന പി എം എ സലാമിന്റെ പ്രസംഗം വ്യക്തിഅധിക്ഷേപം,മാപ്പ് പറയണം സിപിഎം

മലപ്പുറം.മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസംഗം .വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം. പി.എം.എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ്.രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.

അനുകരണീയമല്ലാത്ത മാതൃകയാണ് പി എം എ സലാമില്‍നിന്നുണ്ടായത്.ലീഗിന്റെ സാംസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്.സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചു,വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം

തൃശ്ശൂർ. ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്. കൂട്ടംകൂടി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദ്ദനം കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെ

ജസീമിനെ പുറകിൽ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചുയെന്ന കാരണത്താലാണ് പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന തന്നെ മർദ്ദിച്ചത് എന്ന് ജസീം പറയുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കണ്ടാൽ അറിയുന്ന 13 പേർക്കെതിരെ ആദ്യഘട്ടം പ്രതിചേർത്ത് കേസെടുത്തു

കെ സി സി വട്ടിയൂർകാവ് അസംബ്ലി പ്രഭാഷണ പരമ്പര നടത്തി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ്
(കെ സി സി )വട്ടിയൂർക്കാവ് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ജാഗ്രത പ്രഭാണ പരമ്പര മുട്ടട സി എസ് ഐ പള്ളിയിൽ സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ്
റൈറ്റ്. റവ ഓസ്റ്റീൻ എം എ പോൾ ഉദ്ഘാടനം ചെയ്തു. കെ സി സി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി.
കേരളത്തിൽ അന്യം നിന്ന് പോകുന്ന ക്രൈസ്തവ യുവത്വം; കാരണങ്ങൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽ കെ.സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പ്രഭാഷണം നടത്തി.കെ.സിസി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ, അസംബ്ലി പ്രസിഡൻ്റ് റവ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, റവ.പി.സുമൻ, ആശ പോൾ, ജി എസ് ഡി കമ്മീഷൻ ചെയർമാൻ ഷിബു കെ വെട്ടുവിളയിൽ,എ ആർ അർനോൾഡ്, അസംബ്ലി സെക്രട്ടറി അശ്വിൻ ഇ ഹാംലറ്റ്, ട്രഷറർ റ്റി.ജെ മാത്യു മാരാമൺ, സോൺ ട്രഷറർ പ്രീയ എന്നിവർ പ്രസംഗിച്ചു.

ശബരിമല സ്വർണ്ണകൊള്ള കേസിൽ ഒരു അറസ്റ്റുകൂടി

പത്തനംതിട്ട.ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമന്റിൽ..ഗൂഢാലോചനയിൽ സുധീഷ് കുമാറിനു പങ്കെന്നു റിമാൻഡ് റിപ്പോർട്ട്..
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു.
ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നും റിമാന്റ് റിപോർട്ടിൽ പരാമർശം. സുധീഷ് കുമാറിനായി തിങ്കളാഴ്ച എസ് ഐ ടി കസ്റ്റഡി അപേക്ഷ നൽകും.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി സുധീഷിനെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സുധീഷ് കുമാറിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന റിമാൻഡ് റിപ്പോർട്ടാണ് sIT
കോടതിയിൽ നൽകിയത്. പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു.
ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോച നടത്തി…പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു എന്നും റിമന്റ് റിപ്പോർട്ടിൽ പറയുന്നു.ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശം ഉണ്ടായിരുന്നു. ഇതും കുരുക്ക് മുറുക്കാൻ കാരണമായി. ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സുധീഷിനായി എസ് ഐ ടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

ഒന്‍പതുവയസ്സുകാരിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ലൈംഗിക അതിക്രമം

ആലുവ. ചൂർണിക്കരയിൽ 9 വയസ്സുകാരിക്ക് അന്യസംസ്ഥാന തൊഴിലാളിയുടെ ലൈംഗിക അതിക്രമം.വൈകിട്ട് മൂന്നുമണിയോടു കൂടിയാണ് സംഭവം.അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ.പശ്ചിമ ബംഗാൾ മാൾഡ സ്വദേശി എം ഡി സിറാജുൾ ആണ് അറസ്റ്റിലായത്.പ്രദേശത്ത് ജോലിക്ക് വന്നതായിരുന്നു പ്രതി.വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു

നെല്‍കര്‍ഷകരുടെ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം,രണ്ട് മില്ലുകള്‍ നെല്ല് എടുക്കും

തിരുവനന്തപുരം. നെല്‍കര്‍ഷകരുടെ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം. സര്‍ക്കാര്‍ ഇടപെടലില്‍ രണ്ട് മില്ലുകള്‍ നെല്ല് എടുക്കാന്‍ തയ്യാറായി.. പാലക്കാട് ജില്ലയില്‍ അടുത്താഴ്ചമുതല്‍ സംഭരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു

മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും നെല്ല് എടുക്കാന്‍ സ്വകാര്യ മില്ലുകള്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് നടന്ന അനുനയ ചര്‍ച്ചയില്‍ രണ്ട് മില്ലുകള്‍ നെല്ല് സംഭരിക്കാമെന്ന് അറിയിച്ചു. കുട്ടനാട് നെല്ല് സംഭരണം ഉച്ചയ്ക്ക് ശേഷം ആരംഭിച്ചു. തൃശ്ശൂരിലും നെല്ല് സംഭരണത്തിന് കരാറായി.. പാലക്കാട് അടുത്താഴ്ചമുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.. കൊയ്ത നെല്ല് സംഭരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി പി പ്രസാദും പറഞ്ഞു

സംഭരിക്കുന്ന നെല്ലില്‍ അരിയായി മാറ്റുന്ന അളവ് 64 ശതമാനമായി കുറയ്ക്കണമെന്നാണ് മില്ല് ഉടമകള്‍ മുന്നോട്ട് വച്ച ഒരാവശ്യം.. ഇത് 66.5 ശതമാനം എന്ന നിലയിലാണ് ധാരണയിലെത്തിയത്.. കുടിശ്ശിക പൂര്‍ണമായും നല്‍കാതെ നെല്ല് എടുക്കില്ലെന്ന നിലപാടിലാണ് മറ്റ് മില്ല് ഉടമകള്‍

ശൂരനാട് വടക്ക് ദളിത് സ്ത്രീയെ പീഡിപ്പിച്ചതായ ആരോപണത്തില്‍ പൊതുപ്രവര്‍ത്തകന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

ശൂരനാട് വടക്ക്. ദളിത് സ്ത്രീയെ പീഡിപ്പിച്ചതായ ആരോപണത്തില്‍ പൊതുപ്രവര്‍ത്തകന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ദളിത് വിഭാഗത്തില്‍പ്പെട്ട 66കാരിയായ വീട്ടമ്മയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ വിളിച്ചുകയറ്റി ലൈംഗികച്ചുവയോടെ സംസാരിക്കുകയും പണം നല്‍കാമെന്നുപറയുകയും ലൈംഗികമായി ആക്രമിക്കുകയും വീഴ്ത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തതായ പരാതിയില്‍ പഞ്ചായത്ത് മുന്‍പ്രസിഡന്‌റും പൊതുപ്രവര്‍ത്തകനുമായ മഠത്തില്‍ രഘുവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഒക്ടോബര്‍ ആറിന് ആക്രമിച്ചതിന് എതിരെ പത്തിനാണ് പരാതി നല്‍കിയതെന്നതും ഇത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നതും വൈകുന്നേരം അഞ്ചരമണിക്ക് തട്ടിക്കൊണ്ടുപോയെന്നത് അവിശ്വസനീയമാണെന്നതും കാട്ടി പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കൊട്ടാരക്കര എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ മഠത്തില്‍ രഘുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പ്രതിക്കുവേണ്ടി അഡ്വ. കണിച്ചേരില്‍ സുരേഷ്, അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവര്‍ ഹാജരായി

രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  1. ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.

  1. ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക പതിവായി വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകളെ അകറ്റാനും സഹായിക്കും. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും.

  1. ഹൃദയാരോഗ്യം

പ​തി​വാ​യി രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്താനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.

  1. എല്ലുകളുടെ ആരോഗ്യം

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും നല്ലതാണ്.

  1. വൃക്കകളുടെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്ക വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും ബെസ്റ്റാണ്.

  1. വിളര്‍ച്ച

നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് രക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ന്‍റെ അളവിനെ കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. കണ്ണുകളുടെ ആരോഗ്യം

വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും.

  1. ചര്‍മ്മം

ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: ‘പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി’: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.

പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതെന്നും മുഖ്യമന്ത്രി.

അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം സഭയിൽ ചർച്ച ചെയ്യാതെ, കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷം
വികസനം എന്നാൽ അംബരചുംബികൾ മാത്രമല്ല. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും രാജ്യത്തിന് മാതൃകകളാണ്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ആഗോള മാതൃകയായി മാറി. ഇടത് സർക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ആരുടെയും ഔദാര്യം അല്ല. ഒരു കുടുംബം പോലും ആഹാരത്തിനായി കൈ നീട്ടേണ്ട അവസ്ഥയില്ലെന്നുറപ്പാക്കി. വീട് സ്വപ്നം ആയിരുന്നവർക്ക് അത് യഥാർത്ഥ്യമാക്കി. ആരും പിന്നിലാകരുത് എന്നത് ഈ സർക്കാരിന്റെ മുദ്രാവാക്യം. 2016 ഇൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനം മുരടിച്ച് നാട് വിറങ്ങലിച്ച അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയത്. എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. വാട്ടർ മെട്രോയെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ സംഘങ്ങൾ എത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹിന്ദുമത വിശ്വാസിയായ ഭാര്യ ഉഷയുടെ മതം മാറ്റം: വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി യു.എസ്. വൈസ് പ്രസിഡന്റ്

വാഷിങ്ടൺ: ഭാര്യ ഉഷയുടെ മതവുമായി ബന്ധപ്പെട്ട് നടത്തിയ പരമാർശങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഭാര്യ ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും നിലവിൽ മതം മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഉയരുന്ന വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച വാൻസ്, പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്‌സി’ലൂടെ അറിയിച്ചു.

ഭാര്യയുടെ മതം മാറ്റത്തെക്കുറിച്ചുള്ള ആഗ്രഹം- വാൻസിന്റെ പ്രസ്താവന

തന്റെ ഇന്ത്യൻ വംശജയായ, ഹിന്ദു മതത്തിൽ വളർന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു വാൻസിന്റെ പ്രസ്താവന. ബുധനാഴ്ച മിസിസിപ്പിയിൽ നടന്ന ‘ടേണിങ് പോയിന്റ് യു.എസ്.എ.’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഭാര്യയുടെ മതംമാറ്റത്തെ കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞത്. ഇന്ത്യൻ വംശജയായ ഹിന്ദു മതത്തിൽ വളർന്നയാളാണ് വാൻസിന്റെ ഭാര്യ ഉഷ. ഇപ്പോൾ മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. ഞാൻ ക്രിസ്ത്യൻ മത വിശ്വാസിയാണ്. എന്റെ ഭാര്യയും ഒരു ദിവസം അതേ രീതിയിൽ വിശ്വാസിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങളുടെ മക്കളെ ക്രിസ്ത്യൻ മതവിശ്വാസികളായാണ് വളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പ്രതികരണമറിയിച്ചുകൊണ്ട് ‘എക്‌സി’ൽ വന്ന ഒരു പോസ്റ്റിന് മറുപടി നൽകിയ വാൻസ്, തന്റെ നിലപാട് വിശദീകരിച്ചു.

‘’എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം, എന്നെ വിമർശിക്കുന്നതായി തോന്നുന്ന ഒരാളിൽ നിന്നായിരുന്നു. ഞാൻ ഒരു പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണ്, ആളുകൾക്ക് കൗതുകമുണ്ടാകും, അതുകൊണ്ട് ഞാൻ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ ഭാര്യ. വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിലേക്ക് തിരികെ വരാൻ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ അവൾക്ക് പദ്ധതികളുമില്ല, എന്നാൽ ഒരു മിശ്രവിവാഹ ബന്ധത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും, ഞാൻ അവളെ തുടർന്നും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും, വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും, കാരണം അവൾ എന്റെ ഭാര്യയാണെന്നും വാൻസ് കുറിച്ചു.