Home Blog Page 2859

യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവില്‍ വനിതയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.

ബര്‍ക്കിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

രാവിലെ ഇവിടെയെത്തി ഹുസൈന്‍ ഭാര്യയുമായി സംസാരിക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് കയ്യിലുള്ള കുപ്പിയിലെ ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ബര്‍ക്കിനയുടെ മുഖത്ത് പൊള്ളലേറ്റു. തുടര്‍ന്ന് കാജാ ഹുസൈന്‍ ഓടിരക്ഷപ്പെടാന്‍ നോക്കി

അതേസമയം സംഭവം കണ്ട് ഓടിക്കൂടിയ ആള്‍ക്കാര്‍ ഹുസൈനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും.

സ്മാര്‍ട്ട്സിറ്റിയുടെ 24നിലകെട്ടിടത്തിന് പെയ്ന്റിംഗ് ജോലികള്‍ക്കായി വെച്ചിരുന്ന ഫ്രെയിം തകര്‍ന്നു വീണ് ഒരാള്‍ മരണമടഞ്ഞു

കൊച്ചി: സ്മാര്‍ട്ട്സിറ്റിയുടെ പെയ്ന്റിംഗ് ജോലികള്‍ക്കായി വെച്ചിരുന്ന ഫ്രെയിം തകര്‍ന്നു വീണ് ഒരാള്‍ മരണമടഞ്ഞു.

അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാര്‍ സ്വദേശി ഉത്തം ആണ് മരണമടഞ്ഞത്.

ഇന്ന് രാവിലെയായിരുന്നു ഇന്‍ഫോര്‍ പാര്‍ക്കിന് സമീപം സ്മാര്‍ട്ട്സിറ്റി ഏരിയയില്‍ ഇരുമ്ബ് ഫ്രെയിം തകര്‍ന്നു വീണത്. 24 നിലയുള്ള കെട്ടിടത്തിന്റെ മിനുക്കുപണിക്കായി കൊണ്ടുവന്ന ഫ്രെയിമാണ് തകര്‍ന്നുവീണത്. ഏറ്റവും മുകളില്‍ ജോലി ചെയ്തിരുന്നവര്‍ താഴേയ്ക്ക് വീഴുകയും ഇരുമ്ബ് കമ്ബികള്‍ക്ക് ഇടയില്‍ പെടുകയുമായിരുന്നു. എല്ലാവരേയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുയകാണ്. ഉത്തത്തിന്റെ മൃതദേഹം

കമ്ബികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുക്കുകയായിരുന്നു. അഞ്ചുപേരാണ് ചികിത്സയില്‍ കഴിയുകയാണ്. ജോലി ചെയ്തിരുന്നവരെല്ലാം അതിഥി തൊഴിലാളികളായിരുന്നു എന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മാസപ്പടി, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപരും: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.

കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ യുടെ ആവശ്യമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിനായി വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന് വന്‍ തുകകള്‍ മാസപ്പടി നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവ് ഹാജരാക്കാന്‍ നേരത്തേ നേരത്തേ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലൂം ഇതിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയും വാദിക്കുകയായിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ സംഭവവികാസം സിപിഎമ്മിന് വലിയ ആശ്വാസമാണ്.

വിധി പഠിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് മാത്യുകുഴല്‍നാടന്‍പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണം ഫലപ്രദമല്ലെന്നതിനാലാണ് കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു

എൻഐടിയിൽ വിദ്യാർഥിയുടെ ആത്മഹത്യ രക്ഷിതാക്കൾക്ക് മൊബൈൽ സന്ദേശം അയച്ചതിന് ശേഷം

കോഴിക്കോട്. ചാത്തമംഗലം എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തത് മാതാപിതാക്കള്‍ക്ക സന്ദേശം അയച്ച ശേഷം .മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായ മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ അഞ്ചേമുക്കാലിന് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രാവിലെ മുംബൈയിലുള്ള രക്ഷിതാക്കൾക്ക് മൊബൈൽ സന്ദേശം അയച്ചതിന് ശേഷമാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. രക്ഷിതാക്കൾ എന്‍ഐടി ജീവനക്കാരെ വിവരം അറിയിക്കുമ്പോഴേക്കും ചാടിയിരുന്നു. കുന്ദമംഗലം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഹോക്കി സ്റ്റിക്ക് കൊണ്ട്  യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍ കോടന്നൂരില്‍ ഹോക്കി സ്റ്റിക്ക് കൊണ്ട്  യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ട മനുവും വെങ്ങിണിശ്ശേരി സ്വദേശികളായ മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മനു കോടന്നൂരില്‍ ബൈക്ക് കൊടുക്കുന്നതിനായി എത്തിയപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്കു കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

കള്ളക്കടൽ പ്രതിഭാസം: കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്.
ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം

ഒരുകാരണവശാലും തീരത്ത് കിടന്നുറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.

ചട്ടമ്പിസ്വാമികൾ നവോത്‌ഥാന കേരളത്തിന്റെ നെടു നായകൻ :ഡോ. സി. വി. ആനന്ദബോസ്

പന്മന: മാനവികമായ അറിവിന്റെ അടിസ്ഥാന പ്രമാണങ്ങൾ കേരളത്തിന്‌ നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ്. പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി നടന്ന മഹാഗുരുജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയുടെ ജ്ഞാനശക്തിയും കുമ്പളത്തു ശങ്കുപിള്ളയുടെ കർമശക്തിയും കേരളത്തിന്റെ ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ചു. മഹാഗുരുവിന്റെ പ്രേരണയാണ് നിരവധി ആചാര്യന്മർക്ക് വഴിയൊരുക്കിയത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസപദ്ധതിയിൽ ചട്ടമ്പിസ്വാമി ദർശനം ഉൾപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണം എൻ. കെ. പ്രേമചന്ദ്രൻ എം. പി. നിർവഹിച്ചു. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, പ്രകാശ് ബാബു, കോലത്ത് വേണുഗോപാൽ, കവി കുരീപ്പുഴ ശ്രീകുമാർ, അരുൺ അരവിന്ദ് എന്നിവർ സംസാരിച്ചു.  തുടർന്ന് വിൽകലാമേളയും സ്വാമി കൃഷ്ണ മയാനന്ദ തീർത്ഥപാദരുടെ സോപാന നൃത്തവും നടന്നു.

സാമ്പത്തിക തട്ടിപ്പിനിരയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പിനിരയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത
മാന്നാർ കുട്ടമ്പേരൂർ സാറാമ്മ ലാലു (മോളി), മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഉഷ ഗോപാലകൃഷ്ണൻ എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കയ്യിൽ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുൻപ് തന്നെ ഇതുമായി ബന്ധപെട്ട് മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറിയത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീയപുരം പൊലീസ് ഇൻസ്പെക്ടർ ധർമ്മജിത്തിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, പ്രതാപചന്ദ്രമേനോൻ, സിവിൽ പൊലീസ് ഓഫീസർ നിസാറുദ്ദീൻ, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.