Home Blog Page 2854

ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക്‌ നഷ്ടമായത് മൂന്നരക്കോടി രൂപ

തിരുവനന്തപുരം .ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക്‌ നഷ്ടമായത് മൂന്നരക്കോടി രൂപ.സമീപകാലത്ത്‌ റിപ്പോർട്ട്‌ ചെയ്ത ഓൺലൈൻ തട്ടിപ്പുകളിൽ ഭീമമായ തുകയാണ് ഇത്.ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിക്കാണ് കോടികൾ നഷ്ടമായത്.സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

വലിയ ലാഭം വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിയെ കഴിഞ്ഞ മാർച്ചിൽ വാട്‌സാപ്‌ വഴി സമീപിച്ചത്‌.വാട്‌സാപ്‌ ഗ്രൂപ്പിൽ 15,000 രൂപയാണ്‌ ആദ്യം നിക്ഷേപിച്ചത്‌.നാലിരട്ടി ലാഭം ലഭിച്ചതോടെ പിന്നീട്‌ രണ്ടാഴ്‌ചയ്‌ക്കകം വൻ തുകകൾ അക്കൗണ്ടിൽനിന്ന്‌ കൈമാറി.1.25 കോടി വരെ ഒരുമിച്ച്‌ കൈമാറിയിട്ടുണ്ട്‌.വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും കിട്ടി.കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ്‌ തട്ടിപ്പിന്‌ ഇരയായതായി വ്യക്തമായത്‌. തുടർന്ന്‌ സൈബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.
ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘങ്ങളാണ്‌ തട്ടിപ്പിന്‌ നേതൃത്വം നൽകുന്നതെന്നാണ്‌ പൊലീസ്‌ നിഗമനം.കഴിഞ്ഞ ദിവസവും തിരുവനന്തപുരം നഗരത്തിൽ ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.1.9 കോടി രൂപയാണ്‌ നഷ്ടമായത്‌.പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ 1.44 കോടി രൂപയും ശ്രീകാര്യം സ്വദേശിയുടെ 17 ലക്ഷവും കല്ലാട്ടുമുക്ക്‌ സ്വദേശിയുടെ 27 ലക്ഷവും അരുവിക്കര സ്വദേശിയുടെ രണ്ട്‌ ലക്ഷം രൂപയും നഷ്ടമായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം. താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. . കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ടു വന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു..

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം..
മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാനായിബൈക്കില്‍ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ന്നത്. മഞ്ചേരിയില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇയാള്‍. താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശമെത്തി. ഇയാള്‍ പറഞ്ഞതനുസരിച്ച് ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നുവെന്നാണ് പരാതി. സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്.രണ്ട് കിലോഗ്രാം സ്വര്‍ണ്ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായി താനൂര്‍ പോലീസ് അറിയിച്ചു.

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പത്തനാപുരം.കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിലായിരുന്നു സംഭവം.
കുളനട സ്വദേശി നിഖിൽ(20)മഞ്ചളളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്.

മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

മലപ്പുറം. തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30അടിയോളം താഴ്ചയുള്ള കിണറ്റിൽ മൊട്ടറിന്റെ വാൽ വ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയിൽ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഉണ്ടായിരുന്ന ആളുകൾ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്..തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ

ജമ്മു. കശ്മീർ പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ ഏർപ്പെടുത്തി സൈന്യം. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. വാഹനവ്യൂഹത്തിന് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ആക്രമണമുണ്ടായത്.

ഇന്നലെ വൈകിട്ടോടെയാണ് പൂഞ്ചിലെ സുരാൻകോട്ട് സനായ് ഗ്രാമത്തിനരികെ വ്യോമസേനയുടെ വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മേഖലയാകെ സൈന്യം വളഞ്ഞു. പ്രദേശത്തെ വനമേഖലയിലേക്ക് ഭീകരർ കടന്ന സാഹചര്യത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സൈനിക നടപടി പുരോഗമിക്കുന്നത്.മേഖലയിൽ വാഹന പരിശോധനയും കർശനമാക്കി. വ്യോമസേനക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമായി കണ്ടു കൊണ്ടാണ് സേന മറുപടി നൽകാൻ ഒരുങ്ങുന്നത്. ആക്രമണത്തിൽ ഒരു സൈനികനാണ് ജീവൻ നഷ്ടമായത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ ഉദ്ധംപൂരിലെ സൈനിക ആശുപത്രിയിലാണ്. അനന്തനാഗിൽ ഈ മാസം 25ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മേഖലകൾ സന്ദർശിച്ച സ്ഥിതി വിലയിരുത്തും. നിയന്ത്രണരേഖയോട് ചേർന്ന മേഖലകളിലും സൈനിക വിന്യാസവും നിരീക്ഷണവും ശക്തമാക്കി

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തനിലയില്‍

കണ്ണൂർ. പയ്യന്നൂരിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അന്നൂരിലെ വീട്ടിലാണ് മാതമംഗലം സ്വദേശി അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ മാതമംഗലം സ്വദേശി സുദർശന പ്രസാദിനെ ആത്മഹത്യ ചെയ്തതിലും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

പയ്യന്നൂർ അന്നൂരിലെ ബെറ്റി എന്നയാളുടെ വീട്ടിലാണ് മാതമംഗലം സ്വദേശിനിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ സുദർശന പ്രസാദിനെ മാതമംഗലത്ത് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. വീട്ടുടമസ്ഥർ വിനോദയാത്രയ്ക്ക് പോയതിനാൽ വീടിൻറെ പരിപാലന ചുമതല സുദർശന പ്രസാദിനെ ഏൽപ്പിച്ചിരുന്നു. ജോലിക്ക് പോയിരുന്ന യുവതി ഇന്നലെ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നാലെ ഭർത്താവും സഹോദരനും പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് യുവതിയെ അന്നൂർ കൊരവയലിലെ വീട്ടിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. അളില്ലാത്ത വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിനെ നിഗമനം. യുവതിയും യുവാവും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ കൊലപാതകത്തിലേക്കും തുടർന്നുള്ള ആത്മഹത്യയ്ക്കും പ്രകോപനമായെന്നാണ് നിഗമനം

സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വയനാട് ജില്ലയിലും ബുധനാഴ്ച മലപ്പുറം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.ജനവിധി തേടുന്നവരിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ എന്നീ പ്രമുഖരും. ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും.നെഹ്‌റു കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട്‌ വാദ്ര.

94 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലുമായും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായും 1,351 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളും മൂന്നാ ഘട്ടത്തിൽ ജനവിധി തേടും.ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയ മധ്യപ്രദേശിലെ ബേത്തുൽ മണ്ഡലത്തിലെ വോട്ടെടുപ്പും മറ്റന്നാൾ നടക്കും.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.

അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശന പശ്ചാത്തലത്തിൽ യുപിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ വീണ്ടും പ്രതികരണവുമായി റോബർട്ട് വാദ്രയെത്തി.സീറ്റുകൾ നിശ്ചയിക്കുന്നത് പാർട്ടിയുടെ തീരുമാനമാണെന്നും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വാദ്ര പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെലങ്കാന കേന്ദ്രീകരിച്ചായിരിക്കും ഇന്ന് പ്രചാരണം നടത്തുക

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

കൊച്ചി. പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയതിന് പിന്നാലെ കലൂരിൽ ഹോസ്റ്റലിൽ യുവതി പ്രസവിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഹോസ്റ്റലിലെ ശുചി മുറിയിൽ യുവതി പ്രസവിച്ചത്. നോർത്ത് പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു

എറണാകുളം കലൂരിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 22 വയസ്സുകാരിയാണ് ഇന്ന് രാവിലെ 9 മണിയോടെ ഹോസ്റ്റലിലെ ശുചുമുറിയിൽ പ്രസവിച്ചത്. യുവതി ഗർഭിണിയായിരുന്നു എന്ന വിവരം ഹോസ്റ്റലിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അടക്കം അറിയില്ലായിരുന്നു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ ശുചുമുറിയിലാണ് ഇന്ന് രാവിലെ പ്രസവം സംഭവിച്ചത്. ഇതോടെ ഹോസ്റ്റൽ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പോലീസ് സ്ഥലത്ത് എത്തി അമ്മയെയും കുഞ്ഞിനേയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണ് യുവതി..യുവതിയുടെ കാമുകനും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുരക്ഷിതരാണ് എന്നും പോലീസ് അറിയിച്ചു

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ മുന്നിൽകണ്ടാണ് കുട്ടിയുടെ ഡിഎൻഎ ശേഖരിച്ചത്.അതേസമയം കേസിലെ ഒന്നാം പ്രതിയായ യുവതി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ ഫ്ലാറ്റിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ ഡിഎൻഎ സാമ്പിൾ പോലീസ് ശേഖരിച്ചത്. കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന സംശയം നേരത്തെ പോലീസ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവിയിൽ കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ ഉണ്ടാകാതിരിക്കാൻ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. കേസിൽ ആരോപണ വിധേയനായ യുവതിയുടെ കാമുകൻ തന്നെയാണോ കുട്ടിയുടെ പിതാവ് എന്നത് ഉറപ്പുവരുത്താനും പരിശോധന അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം വീട്ടിൽ അശാസ്ത്രീയമായി പ്രസവം നടത്തിയത് വഴി ശരീരത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് എറണാകുളം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ആരോഗ്യനില മോശമായതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ ശരീരത്തിൽ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.