Home Blog Page 283

വാഹന മോഷണ കേസിലെ പ്രതി പിടിയിൽ

കരുനാഗപ്പള്ളി :വാഹന മോഷണ കേസിലെ പ്രതി പിടിയിൽ.
പത്തനംതിട്ട തടിയാർ കൈപ്പുഴ ശേരിൽ താക്കോ തമസ് മകൻ ഷാജൻ ചാക്കോ 58 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൻ്റെ മുൻവശം പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയിരുന്നു തുടർന്ന് സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതി ഷാജൻ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മോഷ്ടിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ് കുമാറിൻറെ നിർദ്ദേശത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ് എസ് ഐ മാരായ ഷമീർ ,ആഷിക് ,അമൽ
എസ് സി പി ഓ മാരായ ഹാഷിം, ശ്രീനാഥ് ,മനോജ് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം 17 മുതൽ ശൂരനാട്ട്

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം ശൂരനാട് ഗവ.എച്ച്.എസ്.എസ്,അഴകിയകാവ് ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിവിധ വേദികളിൽ 17 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.17ന് രചനാ മത്സരങ്ങൾ നടക്കും.18ന് രാവിലെ
8.30ന് സ്വാഗത സംഘം ജനറൽ കൺവീനറും ശൂരനാട് ഗവ.എച്ച്.എസ്.എസ് പ്രിൻപ്പലുമായ ഡോ.കെ.സന്ധ്യാകുമാരി പതാക ഉയർത്തും.9ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ സമ്മേളനവും കവിയും ഗാനരചയിതാവുമായ വയലാർ ശത്ചന്ദ്ര വർമ്മ കലാമേളയും ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാനും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എസ്.ശ്രീകുമാർ അധ്യക്ഷത വഹിക്കും.20ന് 6 ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ സമ്മാന വിതരണം നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിക്കും.ഉപജില്ലയിലെ 62 വിദ്യാലയങ്ങളിൽ നിന്നുള്ള 3000 ത്തോളം കലാപ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.ഒരുക്കങ്ങൾ പൂർത്തിയായതായും,പരാതികൾക്ക് ഇടവരുത്താതെയുള്ള വീഡിയോ കവറേജ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ്കുമാർ കെ.വി,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബ്ലസൻ പാപ്പച്ചൻ,സ്വാഗത സംഘം ജനറൽ കൺവീനർ ഡോ.കെ.സന്ധ്യാകുമാരി,റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷിഹാബ് മോൻ ജെ.എ എന്നിവർ പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡയിൽ 2700 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 1

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ സംസ്ഥാനങ്ങളിൽ 2700 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് bankofbaroda.bank.in വഴി അപേക്ഷ സമർപ്പിക്കാം. നവംബർ പതിനൊന്നിന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. 2025 ഡിസംബർ ഒന്നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കേരളത്തിൽ 52 ഒഴിവുകളാണ് ഉള്ളത്.

ഒരു സംസ്ഥാനത്തിലോ അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ള ഒഴിവുകളിലേക്ക് മാത്രമാണ് ഒരാൾക്ക് അപേക്ഷിക്കാൻ കഴിയുക.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. 20- 28 വയസ്സിനിടയ്ക്കുള്ളവർക്ക്‌ അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ മുൻപ് അപ്രന്റിസായി ജോലി ചെയ്തവർ അപേക്ഷിക്കാൻ യോഗ്യരല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂർ നീളുന്ന പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. പരീക്ഷയിൽ വിജയിക്കുന്നവരുടെ യോഗ്യത രേഖകൾ പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനവും പരിശോധിക്കും.

പരീക്ഷയിൽ ഉദ്യോഗാർഥികൾ നിശ്ചിത ശതമാനം മാർക്ക് നേടേണ്ടതുണ്ട്. എസ്‌സി/ എസ്ടി/ ഒബിസി/ പിഡബ്ല്യുഡി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. മിനിമം യോഗ്യത മാർക്ക് നിർണയിക്കാനുള്ള അധികാരം ബാങ്കിനാണ്. സംസ്ഥാന അടിസ്ഥാനത്തിൽ കാറ്റഗറി കൂടി പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷ

https://nats.education.gov.in അല്ലെങ്കിൽ എൻഎപിഎസ് പോർട്ടലായ https://www.apprenticeshipindia.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ ആധാർ കാർഡ്, പാൻ കാർഡ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്‌പോർട്ട് ഫോട്ടോ, പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക്, ഉദ്യോഗാർഥിയുടെ ഒപ്പ് എന്നിവ ആവശ്യമാണ്.

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, മറ്റ് പിന്നാക്ക വിഭാഗം ഒബിസി-800/-
പിഡബ്ല്യുബിഡി ഫീസ് 400/-
എസ്‌സി, എസ്ടി ഉദ്യോഗാർഥികളെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാൻ ഇതാ ചില എളുപ്പ വഴികൾ

അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചായ അരിപ്പ. നിരന്തരമായി ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ഇതിൽ കറ പറ്റുകയും അഴുക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഇത് പിന്നീട് അണുക്കളായി മാറാനും കാരണമാകാറുണ്ട്. എന്നാൽ അധികം സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ ചായ അരിപ്പ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

1.ഡിഷ്‌വാഷ് ലിക്വിഡ്
ചൂട് വെള്ളത്തിൽ ചായ അരിപ്പ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് എളുപ്പത്തിൽ കറയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

  1. ബേക്കിംഗ് സോഡ
    പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച ചായ അരിപ്പകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ചെറുചൂട് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ഇതിലേക്ക് ചായ അരിപ്പ മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
  2. ഗ്യാസ് ഉപയോഗിക്കാം

ഗ്യാസ് ഉപയോഗിച്ച് മെറ്റൽ കൊണ്ടുള്ള ചായ അരിപ്പകൾ വൃത്തിയാക്കാൻ സാധിക്കും. തീ കത്തിച്ചതിന് ശേഷം അരിപ്പ അതിലേക്ക് വെയ്ക്കാം. ചൂടേൽക്കുമ്പോൾ അരിപ്പയിലെ പറ്റിപ്പിടിച്ച കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. ശേഷം ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ മതി.

സാമൂഹ്യപുരോഗതിക്ക് മാധ്യമങ്ങളുടെ പങ്ക് മഹത്തരം :ബിഷപ്പ് ജോർജ് ഈപ്പൻ

തിരുവനന്തപുരം:
നാഷണൽ പ്രസ് ഡേയോടനുബന്ധിച്ച് കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )
കറണ്ട് അഫേഴ്സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ സെമിനാർ നടത്തി.
പാളയം എൽ എം എസ് കോമ്പൗണ്ടിലെ ലേഡീസ് വിൽസ് ഹോസ്റ്റൽ ചാപ്പലിൽ നടന്ന സെമിനാർ
സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ഫെലോഷിപ്പ് പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ്.റവ.ഡോ. ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൻ്റെ പുരോഗതിക്ക് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സമൂഹത്തിന് ദോഷം വരാത്ത സത്യങ്ങൾ മാധ്യമങ്ങൾ പറയണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.സിസി ജില്ലാ പ്രസിഡൻ്റ് റവ.എആർ നോബിൾ അധ്യക്ഷനായി.
ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോൺ ‘മാധ്യമ പ്രർത്തനം നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയം അവതരിപ്പിച്ചു. കേരളാ
പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി നായർ ,കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി .ഇ സ്റ്റീഫൻസൺ ,കെ സി സി ജില്ലാ വൈസ് പ്രസിഡൻ്റ് റവ.റ്റി.ദേവ പ്രസാദ്,
ഷെവലയർ ഡോ. കോശി എം ജോർജ്, റവ.സോണി, അശ്വിൻ ഇഹാംലറ്റ്, റവ. ജിതിൻ ഹാരിസ്, ജില്ലാ ജോ. സെക്രട്ടറി റ്റി.ജെ മാത്യു, സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ കണ്ടെത്തിയത് ഭീകരനെ, വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി കരടി

ഹനമാകി: ജപ്പാനിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി കരടി. അപ്രതീക്ഷിതമായി റൺവേയിൽ കരടി എത്തിയതോടെയാണ് ജപ്പാനിലെ പ്രധാന വിമാനത്താവളത്തിന്റെ പ്രവർത്തനം അലങ്കോലമായത്. ജപ്പാനിലെ വടക്ക് കിഴക്കൻ മേഖലയിലെ ഹനമാക്കി വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് കരടി കയറിയത്. യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിലാണ് റൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്ന കരടിയെ വിമാനത്താവള അധികൃതർ കണ്ടെത്തിയത്. പിന്നാലെ റൺവേ അടച്ചിട്ട് പൊലീസും വിമാനത്താവള അധികൃതരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. രണ്ട് മണിക്കൂറോളമാണ് കരടിയെ തെരഞ്ഞ് റൺവേ അടച്ചിട്ടത്.

നേരത്തെ നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേന സമീപ മേഖലയിൽ കരടിയുടെ ആക്രമണം തടയാനായി സേനയെ വിന്യസിച്ചിരുന്നു. പർവ്വത മേഖലയിലെ സാധാരണക്കാർക്ക് നേരെ കരടിയുടെ ആക്രമണം പതിവായതിന് പിന്നാലെയായിരുന്നു ഇത്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് സമീപത്ത് ആളുകളെ കൂസാതെ കരടി എത്തുകയും സാധാരണക്കാരെ ആക്രമിക്കുന്നതും വടക്ക് കിഴക്കൻ ജപ്പാനിൽ സാധാരണമായിരുന്നു. ഏപ്രിൽ മാസം മുതൽ 100ലേറെ ആളുകളാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

12 പേരെ കരടി കൊല്ലുകയും ചെയ്തിരുന്നു. 2006 മുതലാണ് ജപ്പാനിൽ കരടിയാക്രമണം രേഖപ്പെടുത്താൻ ആരംഭിച്ചത്. കൂൺ ശേഖരിക്കാൻ പോയ വയോധികയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടൊയാണ് അകിറ്റ മേഖലയിലേക്ക് കരടിയെ നേരിടാൻ സൈന്യമെത്തിയത്. ഗ്രാമ പ്രദേശങ്ങളിൽ ആളുകൾ കുറഞ്ഞ് തുടങ്ങിയതോടെയാണ് തോട്ടങ്ങളായിരുന്ന മേഖലകളിൽ വന്യമൃഗങ്ങൾ തമ്പടിച്ച് തുടങ്ങിയത്.

തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവിന്‍റെ ആത്മഹത്യ; പ്രതികരിച്ച് ബിജെപി നേതാക്കള്‍, കാരണം കണ്ടെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കാനാകുമോ എന്നായിരുന്നു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടുള്ള വി മുരളീധരന്‍റെ ചോദ്യം. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് വി വി രാജേഷും പ്രതികരിച്ചു.

അതേസമയം, ആനന്ദിൻ്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച സാധാരണ പ്രവർത്തകരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥരെയും മാഫിയബന്ധമുള്ളവരെയുമാണ് സ്ഥാനാർത്ഥിയാക്കിയത്. അനിലിന് പിന്നാലെയാണ് ആനന്ദിൻ്റെ ആത്മഹത്യ. ആനന്ദ് സ്ഥാനാർത്ഥിയാകാനുള്ള ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാവില്ലായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. പിന്മാറാനുള്ള വലിയ സമ്മർദ്ദത്തെ തുടർന്നാകണം ആത്മഹത്യയെന്നും വി ജോയി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യാസന്ദേശം

തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്‍റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്‍റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ: തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്.

വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തില്‍ വൃശ്ചികമഹോത്സവത്തിന് പ്രത്യേക ക്രമീകരണങ്ങള്‍

കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തില്‍ നവംബര്‍ 17 മുതല്‍ 28 വരെ നടക്കുന്ന വൃശ്ചികമഹോത്സവത്തിന് പ്രത്യേക സുരക്ഷാ-ഗതാഗതക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് എ ഡി എം ജി. നിര്‍മല്‍ കുമാര്‍. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ക്ഷേത്രത്തിലേക്ക് എത്താന്‍ ഫെറി ബോട്ടുകള്‍, ജങ്കാറുകള്‍ എന്നിവ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. തീരദേശ- ദേശീയപാതകളിലൂടെ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഉത്സവദിവസം മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മ്മ സേനയുടെ പ്രത്യേകസംഘം ശുചിത്വമിഷനുമായിചേര്‍ന്ന് ഭക്ഷ്യമാലിന്യം നീക്കംചെയ്യാന്‍ സംവിധാനവും ഉറപ്പാക്കും. സുഗമമായ അന്നദാനത്തിനും വാഹന പാര്‍ക്കിങ്ങിനും കൂടുതല്‍ സ്ഥലം ഒരുക്കും. നാല് ആംബുലന്‍സ് സര്‍വീസുകള്‍ ക്ഷേത്രഭരണകമ്മിറ്റി ഏര്‍പ്പാടാക്കി. പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകളും, കരുനാഗപ്പള്ളി, ചവറ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി.
അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ചവറ സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. ക്ഷേത്രപരിസരത്തെ ഭക്ഷ്യവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഹരിത പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ജില്ലാ ശുചിത്വ മിഷന് നിര്‍ദ്ദേശം നല്‍കി. ഉത്സവദിവസങ്ങളില്‍ കരുനാഗപ്പള്ളി-ഓച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആര്‍ ടി ഒ, പോലീസ്, കെ എസ് ആര്‍ ടി സി, ദേശീയപാത അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്ക് മുന്‍പ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു. അതില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.