26.2 C
Kollam
Thursday 18th December, 2025 | 09:44:31 PM
Home Blog Page 2766

ഡോ. വന്ദനാ ദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി സന്ദീപിനെ വരുന്ന 8 -ാം തീയതി നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റപത്രത്തിന് മേല്‍ വാദം കേള്‍ക്കാനിരുന്ന ഇന്ന് പ്രതിഭാഗം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍ ഈ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും ചാര്‍ജ്ജിന് മേലുള്ള വാദത്തിന് പ്രോസിക്യൂഷന്‍ തയ്യാറാണെന്നും സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്നും കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മെയ് 8ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. വന്ദനാ ദാസിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
സംഭവം നടന്ന 2023 മെയ് 10ന് തന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ തന്നെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

അരളിപ്പൂവിന് വിലക്ക്; ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.

സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.

സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്‌സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ബോധവൽക്കണ, എൻഫോഴ്സ്മെൻറ് നടപടികൾ ശക്തമാക്കും. പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കും.

ജൂൺ 26ന് ആൻറിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെൻറ് നടത്തണം. ഒക്ടോബർ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബർ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും. നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ‍ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

വേങ്ങ, ഐസിഎസ് ജംഗ്ഷൻ, കാഞ്ഞിരം വിള, നഫീസ ബീവി നിര്യാതയായി

മൈനാഗപ്പള്ളി. വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, കാഞ്ഞിരം വിള, നഫീസ ബീവി (82) നിര്യാതയായി. ഭർത്താവ് പരേതനായ തൈക്കാവി മുഹമ്മദ് കുഞ്ഞ് (കുല വ്യാപാരി, കരുനാഗപ്പള്ളി മാർക്കറ്റ്) മക്കൾപരേതനായ ബഷീർ കുട്ടി (കുല വ്യാപരി, ഭരണിക്കാവ്) തങ്ങൾകുഞ്ഞ്, നാസർ, ലൈലാ ബീവി, ഷാഹിദ ബീവി, റഹിം, പരേതനായ ഷാജഹാൻ, നിസ, അഷ്റഫ്(കുല വ്യാപാരി, കരുനാഗപ്പള്ളി ) നൗഷാദ് മരുമക്കൾ റഹ്മത്ത് ,
വൈ. സാജിദ ബീഗം (മുൻ പഞ്ചായത്ത് അംഗം , മൈനാഗപ്പള്ളി ) നാജിയത്ത്, ബഷീർ (അനൂഷഏജൻസീസ്, ഓച്ചിറ ) പരേതനായ വഹാബ്, ബീന (ടീച്ചർ, വിദ്യാരംഭം സെൻ ട്രൽ സ്കൂൾ , ഐ.സി. എസ്)
റംലത്ത്, റഷീദ്, സലീന (എം.എസ്.ജി.എച്ച്, എസ്) മുംതാസ്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ

തിരുവനന്തപുരം.ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം.

ഡ്രൈവോട്ടിങ് സ്‌കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച് കൊണ്ടുള്ള സർക്കുലർ പുതുക്കി ഇറക്കിയത്. സർക്കുലർ പിൻവലിക്കണം എന്ന ആവശ്യം ഗതാഗത വകുപ്പ് അംഗീകരിച്ചില്ല. പകരം വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹങ്ങൾ ടെസ്റ്റിന് അനുവദിക്കില്ല എന്ന സർക്കുലരിൽ ആവർത്തിച്ചു. എന്നാൽ വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം നൽകും.

കാലുകൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് മാറാൻ മൂന്ന് മാസം സമയം അനുവദിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സജ്ജമാക്കുന്നതിന് മൂന്ന് മാസം സാവകാശം നൽകും. മുൻ സർക്കുലർ പ്രകാരമുള്ള ആധുനിക ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ H പഴയ രീതിയിൽ എടുക്കാം. ഗ്രൗണ്ടുകൾ എത്രയും വേഗം സജ്ജമാക്കണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. അതെ സമയം സർക്കുലർ പൂർണ്ണമായി പിൻവലിക്കണം എന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം. സമരം തുടരുന്നതിൽ തീരുമാനം എടുക്കാൻ സിഐടിയു വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും.

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ മുഖ്യപ്രതി പിടിയില്‍. വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ മര്‍ദ്ദിച്ച ശേഷമാണ് മാല കവര്‍ന്നത്. പ്രതി മാലപൊട്ടിക്കുന്ന സി.സ.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

നെയ്യാറ്റിന്‍കര വിരാലി സ്വദേശിയായ ലിജി ദാസിന്റെ ആറര പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം റോഡ് വശത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ മുഖ്യപ്രതി മുഹമ്മദ് ഷാനിനെ കല്ലറയില്‍ നിന്ന് ഷാഡോ പൊലീസ് ആണ് പിടികൂടിയത്. മോഷണ ശേഷം തമിഴ്‌നാട്ടില്‍ എത്തിയ പ്രതി അവിടെയും നിരവധി മോഷണങ്ങള്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ബെക്കോടിച്ചിരുന്ന പെരുമാതുറ സ്വദേശി അഭി നേരത്തെ അറസ്റ്റിലായിരുന്നു. പൊഴിയൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അരളിപ്പൂ, പൂജാപുഷ്പം പുറത്തേക്ക്

തിരുവനന്തപുരം. ക്ഷേത്രങ്ങളിൽ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കണോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് ഉടൻ തീരുമാനമെടുക്കും. ഹരിപ്പാട് സ്വദേശിനി അരളിപ്പൂ കഴിച്ചതിന് ശേഷം മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വിഷാംശമെന്ന് സ്ഥിരീകരിച്ചു.. യുവതിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ ഫലം വന്നതിന് ശേഷമാകും ദേവസ്വം ബോർഡിന്റെ അന്തിമ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് വിദേശത്ത് പോകാൻ വിമാനത്താവളത്തിൽ എത്തിയ 24 കാരി സൂര്യാ സുരേന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷാംശം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും യുവതിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി.. യാത്ര പുറപ്പെടുന്നതിനു മുമ്പ് സൂര്യ അരളിപ്പൂ കഴിച്ചതായി ഡോക്ടർമാരോട് പറഞ്ഞിരുന്നു. അരളിപ്പൂവിന്റെ വിഷമാണോ മരണകാരണമെന്ന് അറിയാൻ ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധന ഫലം പുറത്തുവരണം. മൂന്ന് ദിവസത്തിനുള്ളിൽ ഫലമെത്തും. അതേസമയം ക്ഷേത്രങ്ങളിൽ പൂജയ്ക്കായി പൂവ് ഉപയോഗിക്കണമോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു.. അരളിപ്പൂ ഉപയോഗിക്കുന്നതിൽ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ബോർഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താകും അരളിപ്പൂ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊള്ളുക.

ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കിയാല്‍ തമിഴ്നാട്ടില്‍ നിന്നും ദിവസവും കേരളത്തിലേക്ക് എത്തുന്ന ലോഡ് കണക്കിന് അരളിപ്പൂവിന് ആളില്ലാതാകും. കേരളത്തിനായി തമിഴ്നാട്ടില്‍ അരളിപ്പാടങ്ങള്‍ തന്നെ സജ്ജമാണ്. അതിര്‍ത്തി കടന്നെത്തുന്ന പലതരം വിഷങ്ങളില്‍ ഒന്നുമാത്രമാണിതെന്ന വാദവുമുണ്ട്.

കിടപ്പുരോഗിയായ 85 വയസ്സുകാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ആറ് മാസത്തിലേറെയായി വയോധിക കിടപ്പുരോഗിയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. മക്കള്‍ക്ക് അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജോസഫ് പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച ഗോഡൗണിൽ തീപിടുത്തം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടുത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ചിരുന്ന കെട്ടിടവും കത്തി നശിച്ചു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫിസിന് സമീപത്തായുള്ള ഉഴവർ ചന്ത കെട്ടിടത്തിലാണു തീപിടുത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഇവിടെ കൂട്ടിയിച്ചതിനു ശേഷമാണ് വേർതിരിച്ചിരുന്നത്. ഇത്തരത്തിൽ വേർതിരിച്ച മൂന്ന് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും, മറ്റ് മാലിന്യങ്ങളുമാണ് കത്തിനശിച്ചത്.

അപകടസമയത്ത് തൊഴിലാളികൾ ഒന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടവും പൂർത്തമായി കത്തിനശിച്ചു. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് എന്നീ ഭാഗങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന എത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും തീ പൂർണമായും അണക്കാനായില്ല.

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ട ബാധ്യത ബാങ്കിന്…. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം.
അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചുനല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

വെട്ടിക്കാട്ടിരിയിലെ എലംകുളവന്‍ ഉസ്മാന്റെ പരാതിയിലാണ് വിധി. കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിന് ഒടിപി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പരാതിക്കാരനെ വിളിച്ചു. അതുപ്രകാരം ഒടിപിയും നല്‍കി. എന്നാല്‍ പിറ്റേന്ന് ബാങ്കിലെത്തിയപ്പോഴാണ് വിളിച്ചത് ബാങ്കില്‍ നിന്നല്ലെന്ന കാര്യമറിയുന്നത്. അക്കൗണ്ടില്‍ നിന്ന് 40,7053 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. എന്നാല്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് പരാതിക്കാരന്‍ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍ ഒടിപി പറഞ്ഞുകൊടുത്തതിനാലാണ് പണം നഷ്ടപ്പെട്ടതെന്നും പണം നഷ്ടപ്പെട്ടതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വാദം. എന്നാല്‍ ഈ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. നഷ്ടപ്പെട്ട തുകയ്ക്കുപുറമെ 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതിച്ചെലവായും ഒരുമാസത്തിനകം നല്‍കണമെന്നും കാലതാമസം വരുത്തിയാല്‍ 9% പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.