മക്ക. സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വൻ ദുരന്തം. ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ അധികവും ഹൈദരാബാദിൽ നിന്നുള്ളവരാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഉംറ തീർത്ഥാടകരുടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഇന്നലെ രാത്രി പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സംഭവം. മക്കയില് നിന്ന് ചരിത്ര സ്ഥലമായ ബദർ വഴി മദീനയിലേക്ക് പോകുമ്പോൾ മദീനയിൽ എത്തുന്നതിന് ഏകദേശം 160 കിലോമീറ്റർ മുമ്പ് മുഫ്‌രിഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നെത്തിയ തീർഥാടകരായിരുന്നു യാത്രക്കാർ. ബസിലുണ്ടായിരുന്ന 46 യാത്രക്കാരിൽ 45 പേരും മരിച്ചതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥിരീകരിച്ചു. 24 കാരനായ മുഹമ്മദ് ശുഹൈബ് എന്ന ഒരു തീർഥാടകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ സൌദി ജർമൻ ആശുപത്രിയില് ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മദീനയിലെ കിംഗ് ഫഹദ്, കിംഗ് സൽമാൻ, മീഖാത്ത് എന്നീ ആശുപത്രികളിലാണ് ഉള്ളത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞു. ടാങ്കർ ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചത് മരണസംഖ്യ കൂടാൻ കാരണമായി. അപകടത്തെ തുടർന്ന് സൗദി അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും തുടർ നടപടികൾക്കുമായി ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്ക്ക് എല്ലാ സഹായങ്ങളും എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയിലെ ഇന്ത്യന് കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി.
മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ മരിച്ചു
വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല…. കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് ഏഴു വയസുകാരന്‍ മരിച്ചത്. മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകന്‍ ഷണ്‍മുഖവേലാണ് മരിച്ചത്. ശനിയാഴ്ച രാത്രി മേലാപ്പെട്ടിയില്‍ നിര്‍ത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാറിനുള്ളില്‍ കുടുങ്ങി വാതില്‍ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഷണ്‍മുഖവേല്‍ അമ്മയോടൊപ്പം ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നു. വൈകീട്ട് കുട്ടി കളിക്കാന്‍ പുറത്തുപോയി. മടങ്ങി വരാത്തതുകണ്ട് സമീപപ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് കരുതിയത്. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ പേരയൂര്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്രോത്സവത്തിനെത്തിയ വിരുദുനഗര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ ശനിയാഴ്ച രാത്രി മടങ്ങിപ്പോവാന്‍ കാര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍നിന്ന് പുറത്തുവരാനാവാതെ ഷണ്‍മുഖവേല്‍ ഗ്ലാസില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഉത്സവം നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല.
കൊട്ടാരക്കര സ്വകാര്യ ബസ് ജീവനക്കാർ നഗരത്തിൽ ഭീകരതല്ല്
കൊട്ടാരക്കര. സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി
നടുറോഡിൽ തമ്മിൽ തല്ലിയത് സമയക്രമം പാലിക്കുന്നതിന് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
കൊട്ടാരക്കര ചന്തമുക്കിലായിരുന്നു സംഘർഷം
ഉപാസന, മൂൺലൈറ്റ് ബസുകളുടെ ജീവനക്കാർ തമ്മിലായിരുന്നു തമ്മിൽ തല്ല്
തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ നാട്ടുകാർ മോട്ടോർ വാഹന വകുപ്പിനും പൊലിസിനും കൈമാറി. മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി.
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കണ്ടയ്‌നര്‍ ലോറി തട്ടി റോഡില്‍വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണ് മരിച്ചത്.
കോട്ടയം തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭര്‍ത്താവ് പ്രമോദും. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ വന്ന കണ്ടയ്‌നര്‍ ലോറി തട്ടുകയായിരുന്നു. റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ ഭര്‍ത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
സ്ഥാനാര്‍ഥിയാക്കിയില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടിൽ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ല നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെ ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ജില്ല നേതൃത്വം പറയുന്നത്. ജയപ്രദീപിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് പ്രാദേശിക നേതൃത്വവും പറയുന്നു.
യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിൽ 18-ാം വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വ്യക്തി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം
കലാപം ക്രൂരമായി അടിച്ചമര്‍ത്തിയെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹസീനയെ ശിക്ഷിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയായതിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1400 ല്‍ അധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്. 2024 ജൂലൈ 15 നും ഓഗസ്റ്റ് 5 നും ഇടയില്‍ ആയിരുന്നു, സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സൈനിക നടപടിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.
പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി കടുത്ത സുരക്ഷയാണ് ധാക്കയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നത്. വിധി ദിനത്തിന് മുന്നോടിയായി ബംഗ്ലാദേശില്‍ സംഘര്‍ഷ സാഹചര്യങ്ങളും നിലന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 30 ക്രൂഡ് ബോംബ് സ്ഫോടനങ്ങളും 26 വാഹനങ്ങള്‍ അഗ്‌നിക്കിരയായതും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, ധാക്ക പ്രത്യേക കോടതി വധ ശിക്ഷ വിധിക്കുമ്പോഴും ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന സുരക്ഷിതയായിരിക്കും എന്നാണ് വിലയിരുത്തല്‍. ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാന്‍ ഒരു സാധ്യതയുമില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹസീനയ്‌ക്കെതിരായ വധശിക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതിന് പുറമെ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധവും സമീപ കാലത്ത് മോശമാകുന്ന സാഹചര്യമാണുള്ളത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിതയായി തുടരുമെന്ന് മകനും അവരുടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന സജീബ് വാസദും കുറച്ചുനാള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഹസീന ഇന്ത്യയില്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേന അവരെ സംരക്ഷിക്കുമെന്നുമായിരുന്നു സജീബ് വാസദിന്റെ പ്രതികരണം.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ശബരിമല പാതയില്‍ മുണ്ടക്കയം അമരാവതിക്ക് സമീപമാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ഒമിനി വാന്‍ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറും മുന്‍ സീറ്റില്‍ സഞ്ചരിച്ചിരുന്ന തീര്‍ത്ഥാടകനും വാഹനത്തില്‍ കുടുങ്ങി.
നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരുമായി പോയ കാര്‍ കരിനിലത്തിന് സമീപം മറ്റൊരു തീര്‍ത്ഥാടന വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു…. ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി
കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. സിനിമയില്‍ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞു.
വലിയ സ്വപ്നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിക്കുന്നു. അഷ്നാ റഷീദാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍.
ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായര്‍, രാജേഷ് കണ്ണൂര്‍, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭര്‍ത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണം ചെയ്യും… 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതാണ് വിമർശനത്തിന് കാരണം.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. എന്നാൽ കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. അഴിമതിക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.








































