23.2 C
Kollam
Saturday 20th December, 2025 | 10:27:16 AM
Home Blog Page 2755

കോവിഡ് വാക്സിൻ കോവിഷീൽഡ് പിൻവലിച്ചു

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്‌സിൻ എടുക്കുന്നതിലൂടെ അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സമ്മതിച്ചതിന് പിന്നാലെയാണ് വാക്‌സിൻ പിൻവലിക്കുന്നത്.
വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.

യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്.

വാർത്താനോട്ടം

2024 മെയ് 08 ബുധ

?കേരളീയം ?

? ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

? മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം മുപ്പതിലേക്ക് മാറ്റി. എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയാണ് 30 ലേക്ക് മാറ്റിയത്.

? മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്.

? മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം.

? ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന പ്രതിഷേധത്തില്‍ നാലാംദിവസവും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.

? വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷിന തുടര്‍ചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. പണം സ്വരൂപിക്കാന്‍ ഈ മാസം 15 മുതല്‍ സമര സമിതി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും.

? ബംഗ്ലദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അരലക്ഷത്തിലേറെ അഭയാര്‍ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ കഴിയുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍.

? ശശി തരൂര്‍ തിരുവനന്തപുരത്ത് തോറ്റു തുന്നം പാടുമെന്ന് പ്രകാശ് ജാവദേക്കര്‍. രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു.

? താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്കും പി.ടി.എ.യ്ക്കും അനുമതി നല്‍കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.

? ബിലീവേഴ്സ്
ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു. ടെക്സസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

? കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് അപകടം നടന്നത്.

?? ദേശീയം ??

? രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്.

? ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. ഇതോടെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 90 അംഗ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 42 ആയി കുറഞ്ഞു.

? ദില്ലിയില്‍ ഇന്നലെ നടന്ന ഡെല്‍ഹി കാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം. എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയനായ ഛത്ര യുവ സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് കെജ്രിവാളിന്റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്.

? പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി. ഇപ്പോള്‍ നടക്കുന്നത് സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തില്‍ ഇടപെടുന്നുണ്ട് എന്നും
അദ്ദേഹം വിമര്‍ശിച്ചു.

? മുസ്ലീം വിഭാഗത്തിന് പൂര്‍ണ്ണ സംവരണം വേണമെന്ന ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര
മോദി. ലാലുവിന്റെ പ്രസ്താവന നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്നലത്തെ റാലികളിലാണ് പ്രധാനമന്ത്രി ആയുധമാക്കിയത്.

? തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്ന സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

? നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന
താരങ്ങളും ഇന്‍ഫ്ലുവെന്‍സര്‍മാരും, പരസ്യനിര്‍മ്മതാക്കളെ പോലെ
ഉത്തരവാദികളാണെന്ന് സുപ്രീം കോടതി.

? പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.

?? അന്തർദേശീയം ??

? റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുതിന്‍ അഞ്ചാം തവണയും അധികാരമേറ്റു. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്.

? കായികം ?

? ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 20 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 36 പന്തില്‍ 65 റണ്‍സെടുത്ത അഭിഷേക് പോറലിന്റേയും 20 പന്തില്‍ 50 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 20 പന്തില്‍ 41 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും മികവില്‍ 221 റണ്‍സെടുത്തു.

? കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒറ്റക്ക് പൊരുതിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്റെ തോല്‍വിയില്‍ വഴിത്തിരിവായത്.

ചട്ടമ്പിസ്വാമികൾ സ്വയം സ്ഥാപനമായി മാറാത്ത മഹാഗുരു ,റ്റി ഡി രാമകൃഷ്ണൻ

പന്മന: ഒരു മഹാപ്രസ്ഥാനമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ സമൂഹത്തിനു വേണ്ടി നിലകൊണ്ട മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്ന് പ്രമുഖ നോവലിസ്റ്റ് റ്റി. ഡി. രാമകൃഷ്ണൻ. ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച മഹാഗുരുസാഹിതിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പൊതുബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന മഹാത്മാക്കളുടെ ദർശനങ്ങളെ വിലയിരുത്താൻ കഴിയില്ല. ഓരോ കാലത്തിന്റെയും ശരിതെറ്റുകളെ കണ്ടെത്തി,സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുന്നവരാണ് യഥാർത്ഥ മഹാത്മാക്കൾ. അവരുടെ അഭാവമാണ് ഇപ്പോൾ പേടിയുണ്ടാക്കുന്നതെന്നും റ്റി. ഡി. രാമകൃഷ്ണൻ പറഞ്ഞു.

കേരളം നവോത്‌ഥാനത്തിന്റെ വിപരീതദിശയിൽ സഞ്ചരിക്കുകയാണെന്നു പ്രമുഖ നിരൂപകൻ വി. രാജകൃഷ്ണൻ പറഞ്ഞു.മതവർഗീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഭരണകൂടങ്ങൾ ഭാവിയ്ക്ക് വലിയ ഭീഷണിയാണ്. ഈ കാലഘട്ടത്തിലാണ് ജാതിഭേദത്തിനെതിരെ അറിവിന്റെ വിപ്ലവം നടത്തിയ ചട്ടമ്പിസ്വാമിയുടെ പ്രസക്തിയെന്നും രാജകൃഷ്ണൻ പറഞ്ഞു. കെ.സി നാരായണന്റെ അദ്ധ്യക്ഷതയിൽ ആഷാ മേനോൻ, ഡോ. കെ.ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന മഹാ ഗുരു സൗഹൃദം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ.സി.രാജന്റെ അദ്ധ്യക്ഷതയിൽ സന്തോഷ് തുപ്പാശ്ശേരി, ജയചിത്ര, ചവറ ഹരീഷ് കുമാർ, കുണ്ടറ ജി. ഗോപിനാഥ്, കെ.ജി.ശ്രീകുമാർ, എം.സി. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.തുടർന്ന്, സംഗീത സദസ്സും നൃത്ത സന്ധ്യയും നടന്നു.

നാല് പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു,ആശങ്ക

കോഴിക്കോട്. പയ്യോളി മൂരാട്, പെരിങ്ങാട് പ്രദേശങ്ങളില്‍ നാല് പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുയായിരുന്ന എട്ടു വയസ്സുകാരി ആഷ്മിക, കീഴനാരി മൈഥിലി, ശ്രീരേഷ് ഒഴിവയലില്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റയാള്‍ നായയെ കീഴ്പ്പെടുത്തി കെട്ടിയിട്ടിരുന്നു. അവശനായ നായ രാത്രിയോടെ ചത്തു. തുടര്‍ന്ന്, നഗരസഭാംഗം കെ കെ സ്മിതേഷും പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗവും ഇടപെട്ട് നായയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ഗവ. മൃഗാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും പേവിഷ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

പ്രശ്നം തീര്‍ക്കാന്‍ താല്‍പര്യമില്ലാതെ സര്‍ക്കാര്‍,സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങാൻ സാധ്യത,വലയുന്നത് യുവാക്കള്‍

തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങാൻ സാധ്യത. ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമര സമിതിയുടെ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഒന്നും നടന്നിട്ടില്ല. സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ സംസ്ഥാന വ്യാപകമായി ടെസ്റ്റ് ബഹിഷ്കരണം തുടരുകയാണ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വിദേശയാത്രയില്‍,ഉന്നതാധികൃതര്‍ പലരും ലീവില്‍.

അതെ സമയം ആര് എത്തിയാലും പുതിയ പരിഷ്കരണം അനുസരിച്ച് ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന കഴിഞ്ഞ ദിവസം ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ പൊലീസ് സഹായം തേടി ടെസ്റ്റുകൾ നടത്താനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം.

മൂന്നാംഘട്ടത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ കുറവ്

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ കുറവ് എന്ന് വിലയിരുത്തൽ.2019-നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം ഏകദേശം ആറ് ശതമാനം പോയിൻ്റിൻ്റെ കുറവ് രേഖപ്പെടുത്തി. ഇതുവരെ കഴിഞ്ഞ മൂന്നു ഘട്ടത്തിലും പോളിംഗ് ശതമാനത്തിൽ മൂന്ന് പോയിന്റ് കുറവുണ്ടായി.മൂന്നാം ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ പോളിങ് മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ പോളിങ് അസമിലുമാണ് ഉണ്ടായത്.മണ്ഡലാടിസ്ഥാനത്തിൽ, ഗുജറാത്തിലെ അമ്രേലിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.2019-ലെയും 2014-ലെയും തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിരവധി സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ പങ്കാളിത്തത്തിലെ ഇടിവ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലേക്കുള്ള പ്രചരണങ്ങൾ സജീവമായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും തെലങ്കാനയിൽ വിവിധ റാലികളിൽ പങ്കെടുക്കും.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനൊപ്പം വേനൽ മഴയും

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയും പാലക്കാടും ഉൾപ്പെടെ 12 ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്.പാലക്കാട് ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.സാധാരണയെക്കാൾ 2 മുതൽ 4°C വരെ ചൂട് കൂടാനാണ് സാധ്യത.
മെയ്‌ മാസത്തിൽ തിരുവനന്തപുരത്ത് ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപെടുത്തി. 37.3°c ചൂട്. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 4.2°c കൂടുതൽ. 2020 ൽ രേഖപെടുത്തിയ 36.7°c ആണ് മറി കടന്നത്. കൊച്ചി നെടുമ്പാശ്ശരി എയർപോർട്ടിലും 2016 ൽ ൽ രേഖപെടുത്തിയ 36.8°c മറി കടന്നു . പുതിയ റെക്കോർഡ് 37.2°c ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.അതേസമയം പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത നാല് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

എടാ മോനെ… രംഗണ്ണന്റെ സീൻ ഇനി ഒടിടിയിൽ… ആവേശം നാളെ മുതൽ ആമസോൺ പ്രൈമിൽ

അധോലോക നായകനായ രംഗ എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ആവേശം നിറച്ച ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ നിന്നും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ നാളെ മുതൽ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെയാണ് ആവേശം ഒടിടിയിലേയ്ക്ക് എത്തുന്നത്. വിഷു റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ്.
കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടക–തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം വാരി. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്…ആദ്യം തന്നെ ഫലമറിയാം….

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെ പ്രഖ്യാപിക്കും.

വെബ്സൈറ്റുകള്‍

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വെസ്റ്റ് നൈൽ പനി: മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം:
മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു