Home Blog Page 2745

പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു

പെരുമ്പാവൂ‍ർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി.
മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.
ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധയ്ക്ക് കാരണമായതെന്ന വിമ‍ർശനം ശക്തമാകുന്നതിനിടെ കളക്ട‍‍റുടെ നി‍ർ​ദേശപ്രകാരമുള്ള ആന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 153 ആയി.
രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തിലൂടെയാണ്.
രോ​ഗബാധിതരുടെ എണ്ണം വ‍ർധിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ജല വിതരണത്തിലുണ്ടായ ​ഗുരുതര വീഴ്ച്ചയാണ് ​രോ​ഗം പട‍ർന്നു പിടക്കാൻ കാരണമെന്നാണ് ആരോപണം.
തുട‍ർന്ന് നടത്തിയ പരിശോധനയിൽ വിതരണം ചെയ്ത വെള്ളത്തിൽ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല.
താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വന്ന വീഴ്ചയ്ക്ക് കാരണമായി ജലഅതോറിറ്റിയുടെ വിശദീകരണം. സംഭവത്തിൽ കളക്ടറുടെ നി‍ർ​ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു.

കോൺഗ്രസിന് 50 സീറ്റുകൾ പോലും കിട്ടില്ല; എൻഡിഎ 400ലധികം സീറ്റുകൾ നേടും: മോദി

ഒഡീഷ:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജ്യത്താകെ 50 സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 400ലധികം സീറ്റുകൾ എൻഡിഎ മുന്നണി നേടുമെന്നും മോദി അവകാശപ്പെട്ടു.

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പാക്കിസ്ഥാൻ പരാമർശം മോദി ആയുധമാക്കുകയും ചെയ്തു. പാക്കിസ്ഥാനെ കാണിച്ച് ഇന്ത്യക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് നോക്കുന്നത്. ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ.
ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നതെന്നും മോദി പറഞ്ഞു

പത്തനംതിട്ടയിൽവീടിന് നേരെ മുഖം മൂടി ആക്രമണം

പത്തനംതിട്ട: വീടിന് നേരെ മുഖം മൂടി ആക്രമണം
5 അംഗ സംഘം വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു.
പോർച്ചിലുണ്ടായിരുന്ന കാറും തല്ലിത്തകർത്തു.
മുറ്റത്ത് കിടന്ന മറ്റൊരു കാറും തല്ലിത്തകർത്തു
വെള്ളിയാഴ്ച പുലർച്ചെ 2.30 ന് ആക്രമണം.
സി.സി.ടി.വി ക്യാമറകൾ അക്രമികൾ തല്ലിത്തകർത്തു.
മെഴുവേലി ആലക്കോട് സ്വദേശിനി 74 കാരി മേഴ്സി ജോണിൻ്റെ വീടാണ് ആക്രമിച്ചത്.
പോലീസ് വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

75 കാരനായ കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു

കൊച്ചി:
ഏരൂർ വൈമേതിയിൽ വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ സ്ഥലം വിട്ടു. 75 വയസ്സുള്ള ഷണ്മുഖനെയാണ് മകൻ അജിത്ത് വാടകവീട്ടിൽ ആരോടും പറയാതെ ഉപേക്ഷിച്ചു പോയത്. അച്ഛനെ മകൻ ഉപേക്ഷിച്ച സംഭവം പുറത്ത് വന്നതോടെ തൃപ്പുണിത്തുറ നഗരസഭാ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ ഷണ്മുഖനെ ആശുപത്രിയിലേക്ക് മാറ്റി. മകൻ അജിത്തിനെതിരെ കേസെടുക്കുമെന്ന് തൃപ്പൂണിത്തറ എസ് ഐപറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്

വീട്ടുസാധനങ്ങൾ എടുക്കാൻ മറക്കാതിരുന്ന മകൻ ചലനശേഷി പോലും ഇല്ലാത്ത സ്വന്തം അച്ഛനെ വീട്ടിൽ ഉപേക്ഷിച്ചു പോയി എന്ന് പിതാവ് പറയുന്നു. 24 മണിക്കൂറാണ് ഷണ്മുഖൻ എന്ന ഈ വൃദ്ധൻ ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കിട്ടാതെ മകൻ ഉപേക്ഷിച്ചു പോയ വീട്ടിലെ കട്ടിലിൽ കിടന്നത്. വീട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടു ഉടമസ്ഥൻ പരിശോധന നടത്തിയില്ലായിരുന്നുവെങ്കിൽ ഷണ്മുഖൻ ഈ വീട്ടിൽ ഉണ്ടായിരുന്നു, എന്നുപോലും ആരും അറിയില്ലായിരുന്നു.
ഷണ്മുഖന്റെ ദുരവസ്ഥ വാർത്തയായതിന് പിന്നാലെ നഗരസഭാ വൈസ് ചെയർമാൻ ആദ്യ ഇടപെടൽ നടത്തി. ഷണ്മുഖനെ ഉപേക്ഷിച്ച മകൻ അജിത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്നും വൈസ് ചെയർമാൻ.
തൊട്ടുപിന്നാലെ നഗരസഭയിൽ നിന്ന് പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തി. ദിവസങ്ങളായി ഡയപ്പറും മൂത്രസഞ്ചിയും ഒന്നും വൃത്തിയാക്കാതെ കിടന്നിരുന്ന ഷണ്മുഖനെ വൃത്തിയാക്കി. തുടർന്ന് സ്ട്രക്ചറിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസെടുക്കുമെന്ന് തൃപ്പൂണിത്തുറ എസ്ഐയും പറഞ്ഞു.
ആശുപത്രിയിൽ ഷണ്മുഖന് എല്ലാവിധ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ വൈസ് ചെയർമാൻ വ്യക്തമാക്കി. മൂന്നു മക്കളുള്ള ഷണ്മുഖൻ ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചുവരും അപ്പോഴും അച്ഛനെ ഏറ്റെടുക്കാൻ മക്കളിൽ ആരെങ്കിലും തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി

126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. ബം​ഗളൂരു, ഹൊസൂർ ഭാ​ഗങ്ങളിൽ നിന്നാണ് മേളയിലേക്കുള്ള കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്.
ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്. ​ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക.

അരവിന്ദ് കെജ്രിവാൾ നയിക്കുന്ന റോഡ് ഷോ ഇന്ന് വൈകിട്ട്

ന്യൂ ഡെൽഹി : മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. രാവിലെ 11 മണിക്ക് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ഉച്ചയ്ക്ക് ഒന്നിന് ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും.

വൈകിട്ട് സൗത്ത് ഡൽഹി മണ്ഡലത്തിലാണ് കെജ്രിവാളിന്റെ റോഡ് ഷോ. റോഡ് ഷോ വൻ വിജയമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ ഇന്നലെ പുറത്തിറങ്ങിയത്. ജൂൺ 1 വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്

ഇ.ഡിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത എതിർപ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു.

അച്ചടക്ക ലംഘനം: കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കോഴിക്കോട്:
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോഴിക്കോട് നിന്നുള്ള കെപിസിസി അംഗമായ കെവി സുബ്രഹ്മണ്യനെയാണ് പുറത്താക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവനെതിരെ സുബ്രഹ്മണ്യൻ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. സുബ്രഹമണ്യനെതിരെ കെപിസിസി നേതൃ യോഗത്തിൽ എംകെ രാഘവൻ വിമർശനമുന്നയിച്ചിരുന്നു

ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം കോൺഗ്രസിൽ നിന്ന് സുബ്രഹ്മണ്യൻ നേരത്തെ രാജിവെച്ചിരുന്നു എന്നാണ് വിവരം.

വാർത്താനോട്ടം

2024 മെയ് 11 ശനി

BREAKING NEWS

? കണ്ണൂർ തളിപറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് ചെറുകുന്ന് സ്വദേശികളായ ജോയൽ ജോസ് (23), ജോമോൻ (22) എന്നിവർക്ക് ദാരുണാന്ത്യം.

? നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജീൻസിനുളളിൽ ഒളിപ്പിച്ചു കടത്തിയ ഒന്നര കോടി രൂപ വിലയുള്ള 2332 ഗ്രാം സ്വർണ്ണം പിടിച്ചു.

? ദില്ലിയിൽ ഇന്നലെയുണ്ടായ പൊടിക്കാറ്റിൽ 2 പേർ മരിച്ചു. 23 പേർക്ക് പരിക്ക്

?തിരുവനന്തപുരം കമനയിൽ യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പിന്നിൽ ലഹരി സംഘമെന്ന് സംശയം

?കേരളീയം?

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനമായി മാറുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

? കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍ ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

? അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ഖബറടക്കം നടത്തും.

? ജസ്ന തിരോധാന കേസില്‍ രണ്ട് പേരെ സംശയമുണ്ടെന്നു അച്ഛന്‍ ജെയിംസ്. മകളെ അപായപ്പെടുത്തിയതായി സംശയമുണ്ട്. തനിക്ക് കിട്ടിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും പുനര്‍ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്.

? തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

? വേനല്‍ച്ചൂട് കൂടുന്നതിനാല്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി പരിശോധന തുടര്‍ന്ന് തൊഴില്‍ വകുപ്പ്. 2,650 പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ അത് പരിഹരിക്കുകയും ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

? നാലുവര്‍ഷ ബിരുദകോഴ്സുകള്‍ ഈ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദവും നാലാം വര്‍ഷത്തില്‍ ഓണേഴ്സും ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒരേ അക്കാദമിക് കലണ്ടര്‍ നിലവില്‍ വരുമെന്നും ആര്‍.ബിന്ദു അറിയിച്ചു.

? നാലാം ലോക കേരള സഭയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്താണ് നാലാം ലോക കേരള സഭ.

? തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കെ ബാബുവിന്റെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

?? ദേശീയം ??

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നും സുപ്രീംകോടതിക്ക് നന്ദിയെന്നും പ്രതികരിച്ച അദ്ദേഹം ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം കര്‍ശന ഉപാധികളോടെ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് ഒരു പ്രതികരണവും നടത്തരുതെന്നും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയറ്റോ സന്ദര്‍ശിക്കരുതെന്നാണ് മറ്റൊരു പ്രധാന ഉപാധി.

? ഡല്‍ഹിയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാനും കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കാനും പുല്‍വീടുകളും കുടിലുകളും തകരാനും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

? ഛത്തീസ്ഗഢിലെ ഗംഗളൂര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ പതിനൊന്ന് മണിക്കൂര്‍ നീണ്ടു നിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടല്‍ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.

? ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് വിവരങ്ങള്‍ തത്സമയം ലഭ്യമാണ് എന്നതിനാല്‍, അതിന്റെ റിലീസ് വൈകിയെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഇസി
നല്‍കിയ മറുപടി.

? കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒളിച്ചോടുമെന്ന് ‘ അറിയാമായിരുന്നുവെന്നും അമേഠി മണ്ഡലം ഇത്തവണയും നിലനിര്‍ത്തുമെന്നും ബിജെപി നേതാവും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി.

? ഒറ്റ ദിവസം 100 സ്‌ഫോടനങ്ങള്‍ രാജ്യ തലസ്ഥാനത്ത് നടത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി. ജമ്മു കശ്മീര്‍ സ്വദേശി ജഹാന്‍ജെബ് സാമിയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാമിക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും ഹിന ബഷീറിന് 14 വര്‍ഷം ശിക്ഷയും വിധിച്ചു.

?? അന്തർദേശീയം ??

? ഈ വാരാന്ത്യത്തില്‍ സൂര്യനില്‍ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്നും സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്നും യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവക്കും ഭീഷണി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ അത്യപൂര്‍വമായ സംഭവവികാസമാണിതെന്നും സൂര്യന്റെ അന്തരീക്ഷത്തില്‍ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനില്‍ക്കുമെന്നും ഭൂമിയില്‍ ഏകദേശം 60 മുതല്‍ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

? കായികം ?

? ഇന്ത്യന്‍ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്.

? ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 231 റണ്‍സെടുത്തു.

?232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

? വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്തി ഡല്‍ഹി റൌസ് അവന്യൂ കോടതി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട് . മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

? മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി തങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണെന്നും ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും ഗുസ്തി താരം സാക്ഷി മാലിക്ക്

കൊല്ലം ചിതറയിൽ വൻ തീപിടിത്തം:തടി ഫാക്ടറി പൂർണമായി കത്തി നശിച്ചു

ചിതറയിൽ വൻ തീപിടിത്തത്തിൽ
തടി ഫാക്ടറി പൂർണമായി കത്തി നശിച്ചു.
മിനി ഇൻഡസ്ട്രിയലിനകത്തെ തടി മില്ലാണ് പൂർണമായി കത്തി നശിച്ചത്.
രാവിലെ നാലു മണിയോടെയാവാം തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.
കടയ്ക്കൽ പുനലൂർ വിതുര വെഞ്ഞാറമൂട് തുടങ്ങി നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു
സർക്കാർ ഉടമസ്ഥതയിലുളള സ്ഥാപനമാണ് കത്തി നശിച്ചത്.

ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

ബംഗളൂരു: ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ലൈംഗികാതിക്രമ പരാതിയിലാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്ഐടി അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.
ലൈംഗികപീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് ദേവരാജ് ഗൗഡ നേരത്തേ പറഞ്ഞിരുന്നു.
അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നുമാണ് ദേവരാജ് ഗൗഡ വ്യക്തമാക്കിയത്. പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തികിന്റെ അഭിഭാഷകനാണ് ദേവരാജ് ഗൗഡ.ഹാസനിലെ ക്രിമിനൽ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കത്തില്ല. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കൻമാരെയും അറിയിച്ചു. എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കും. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണും ദേവരാജ് ഗൗഡ പറഞ്ഞിരുന്നു.