Home Blog Page 2742

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു, ഒരു മരണം കൂടി,

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.അഞ്ച് മാസത്തിനിടെ ഏട്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ ഒൻപത് വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു.

മദ്യം ചില്ലു കുപ്പിയിൽ അല്ല.. പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ

പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബവ്കോ. വിലക്കൂടുതലും, കിട്ടാന്‍ പ്രയാസവുമായതുമാണ് തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ കാരണം. 
പ്രതിവര്‍ഷം 56 കോടി കുപ്പി മദ്യം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍ എത്തുന്നത് പരിസ്ഥിതിക്ക് ദോഷം എന്നത് കണക്കിലെടുത്താണ് ചില്ലു കുപ്പിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. കുടുംബശ്രീയും ശുചിത്വ മിഷനുമായി സഹകരിച്ച് കുപ്പികള്‍ തിരിച്ചെടുക്കാനുള്ള ചര്‍ച്ചയും ബവ്കോ നടത്തിയിരുന്നു. 
ഈ വര്‍ഷം മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില്ലു കുപ്പികളാക്കണമെങ്കില്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്നായി മദ്യ കമ്പനികള്‍. നിലവിലെ കുപ്പി മാറുമ്പോള്‍ 10 രൂപ വരെ അധികം വേണ്ടി വരും. മാത്രമല്ല വെയര്‍ഹൗസുകളിലും ചില്ലറ വില്‍പന ശാലകളിലും ഇറക്കുമ്പോള്‍ പൊട്ടുന്നവയുടെ നഷ്ടവും കമ്പനികള്‍ സഹിക്കണം . ഇതോടെയാണ് ചില്ലു കുപ്പികള്‍ പറ്റില്ലെന്ന നിലപാട് കമ്പനികള്‍ ബവ്കോയെ അറിയിച്ചത്. മാത്രമല്ല കുപ്പി ശേഖരണത്തിലെ പ്രായോഗികതയും പ്രശ്നമായപ്പോള്‍ ബവ്കോ പിന്‍മാറി.

കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതി അപ്പു എന്നു വിളിക്കുന്ന അഖില്‍ പൊലീസിന്റെ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു. തമിഴ്‌നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു.
കേസിലെ ഏഴു പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഖിലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കിരണ്‍, ഹരിലാല്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് നേരത്തെ പിടിയിലായത്.

സിനിമാതാരം ബേബി ഗിരിജ അന്തരിച്ചു

സിനിമാതാരം പി പി ഗിരിജ (83) ചെന്നൈയില്‍ അന്തരിച്ചു. 1950കളില്‍ ബേബി ഗിരിജ എന്ന പേരില്‍ മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയിരുന്നു.
ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. ജോലി ലഭിച്ചതോടെ സിനിമാ രംഗം വിട്ടു.
തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെയാണ് ബേബി ​ഗിരിജ ഏറെ പ്രശസ്തയായത്. ജീവിതനൗകയിൽ നായിക ബി എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ബേബി ​ഗിരിജ അവതരിപ്പിച്ചത്.

കരമനയിലെ ക്രൂര കൊലപാതകം: മൂന്നുപേർ കൂടി പിടിയിൽ

കരമന അഖില്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിൽ. ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഗൂഢാലോചന നടത്തിയവരാണ് പിടിയിലായത്. മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി.
അതേസമയം കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. അനീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ ക്രൂരമായി കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു.

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു.

തമിഴ്നാട് :നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തില്‍ വൃദ്ധ കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി
മാടസ്വാമിയുടെ ഭാര്യ നാഗമ്മാളാണ്(73)മരിച്ചത്. ഇന്നലെ വൈകീട്ട് വീടിന് സമീപമായിരുന്നു കാട്ടാന ആക്രമണം. ഗുരുതര പരിക്കേറ്റ നാഗമ്മാളിനെ ഉടന്‍ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചലച്ചിത്ര താരം ബേബി ഗിരിജ അന്തരിച്ചു

ചെന്നൈ:ചലച്ചിത്രനടി പി.പി.ഗിരിജ (83) ചെന്നൈയിൽ അന്തരിച്ചു .ആലപ്പുഴ സ്വദേശിയാണ്.
ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ .
1950കളിൽ ബേബി ഗിരിജ എന്ന പേരിൽ ബാലതാരമായി
തിളങ്ങി.ഐ ഒ ബി ഉദ്യോഗസ്ഥയായിരുന്നു.
സംസ്കാരം നാളെ രാവിലെ 10.30ന് ചെന്നൈ കിൽപോക്കിലെ വൈദ്യുത ശ്മശാനത്തിൽ നടക്കും.

നീന്തി വരാമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കണ്ടെടുത്തത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് യദു കനാലില്‍ ചാടിയത്. ഇതേസമയം കനാലിന്റെ മറുകരയില്‍ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞാണ് യദു കനാലില്‍ ചാടിയത്. എന്നാല്‍, പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍… ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റ് നേട്ടം മറികടക്കുമോ

ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റിനോട് വിട പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ തന്റെ 21 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തോട് വിടപറയുമെന്നാണ് ജിമ്മി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
2003 മെയ് 22ന് സിംബാബ്വെക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലോര്‍ഡ്സില്‍ തന്നെയാണ് ജിമ്മിയുടെ വിടപറയല്‍ മത്സരവും നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി മാറിയ ജിമ്മി ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റ് നേട്ടം മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന താരത്തിന് മുന്നില്‍ ഇപ്പോള്‍ സാക്ഷാല്‍ മുത്തയ്യ മുരളീധരനും (800) ഷെയ്ന്‍ വോണും മാത്രമാണ്.
20 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇംഗ്ലീഷ് ടീമിനെ ഏറെ മിസ് ചെയ്യുമെന്നും മറ്റുള്ളവര്‍ക്കും അവസരം ലഭിക്കാന്‍ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 41 കാരനായ ജെയിംസ് ആന്‍ഡേഴ്സണ്‍ 187 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോര്‍ത്തു

തൃശൂര്‍: അന്തിക്കാട് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോര്‍ത്തു. അന്തിക്കാട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകള്‍ ഇടഞ്ഞത്. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്‍കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.
കൊടുങ്ങല്ലൂര്‍ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്‍കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു. ആനപ്പുറത്ത് ഇരുന്നവര്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചു വാഹനത്തില്‍ കൊണ്ട് പോയി. നേരത്തെ ആറാട്ടുപുഴ പൂരത്തിനിടയിലും ആനകളിടഞ്ഞ് പരസ്പരം കൊമ്പ് കോര്‍ത്തിരുന്നു.