24.3 C
Kollam
Wednesday 14th January, 2026 | 02:59:44 AM
Home Blog Page 2719

പന്തീരാങ്കാവ് പീഢനം: യുവതി കസ്റ്റഡിയിൽ;നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കൊച്ചി.പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടിയെ കൊച്ചിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ പെൺകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. നാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവൻ.
സ്വന്തം യൂട്യൂബ് ചാനലിൽ പെൺകുട്ടി വീഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അതേസമയം, വിഡിയോയിലൂടെ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ഗാർഹിക പീഡന കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.

കേന്ദ്രം ഉടക്കിട്ടു;മന്ത്രി വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര മുടങ്ങി,മൃതദേഹങ്ങൾ നാളെ എത്തിക്കും

കൊച്ചി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന സർക്കാർ പ്രതിനിധിയായി കുവൈറ്റിലേക്ക് പോകാനുള്ള മന്ത്രി വീണാ ജോർജിൻ്റെ യാത്ര മുടങ്ങി. കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കാത്തതാണ് കാരണം. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാൽ യാത്ര ഉപേക്ഷിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ഏറെ നേരമായി മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു അരോഗ്യ മന്ത്രിയുടെ കുവൈറ്റ് യാത്ര തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപാ വീതവും ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചു

പ്രഥമാധ്യാപകന്‍റെ വേര്‍പാടിന്‍റെ വേദനയില്‍ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

കരുനാഗപ്പള്ളി. ആകസ്മികമായി ഉണ്ടായ പ്രഥമാധ്യാപകന്റെ മരണത്തിൻറെ ഞെട്ടലിലാണ് കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപകനായി ജോലി ചെയ്തു വന്നിരുന്ന അനിൽകുമാർ വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവനായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് രോഗബാധിതനായി ആശുപത്രിയിൽ ചികിത്സ തേടുന്നത്. വ്യാഴാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. ക്ലാപ്പന സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കൃഷ്ണപുരം കാപ്പിൽ ആണ് താമസം. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.

പേവിഷപ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പേവിഷബാധപ്രതിരോധ ദിന ബോധവൽക്കരണവുംസെമിനാറും നടത്തി.2030 ഓടെ പേവിഷബാധ നിർമ്മാർജ്ജനവും സുസ്ഥിര വികസനവും സാധ്യമാക്കുന്നതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന കലാലയ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ക്ലാസ്സ്‌. ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ ബോധവത്കരണം ബ്രൂക്ക് ഡയറക്ടർ റവ ഫാദർ. ഡോ.ജി. എബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു കൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ. സുരേഷ് കുമാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജയകുമാരി (JPHN) മേർളി സാം ( MLSP ), നിർമ്മല എന്നിവർ സന്നിഹിതരായിരുന്നു.

പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

ശാസ്താംകോട്ട. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന പട്ടികജാതി/വർഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സായ ഓ ലെവൽ (DCA) ‘ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, 2024 ജൂലായ് മാസം 1-ാം തീയതി ആരംഭിക്കുന്നു. 1.07.2024നു് 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്സ‌ിന് ചേരാവുന്നതാണ്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. ശാസ്‌താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന Keltron Centre-ൽ ആണ് കോഴ്‌സ് നടത്തുന്നത്. ഈ കോഴ്‌സിൽ ചേരുവാൻ താൽപര്യമുള്ളവർ Keltron Centre-ൽ ജൂൺ മാസം 25-ാംതീയതിക്കകം താഴെ പറയുന്ന രേഖകളുടെ കോപ്പി സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

1) SSLC, 2) Plus two, 3) വരുമാന സർട്ടിഫിക്കറ്റ്, 4) ജാതി സർട്ടിഫിക്കറ്റ്, 5) ആധാർ കാർഡ്, 6) എംപ്ലോയ്മെന്റ്റ് കാർഡ് 7) രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, 8) ബാങ്ക് പാസ്സ്ബുക്ക്, കൂടുതൽ വിവരങ്ങൾക്ക് 9995898444 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും

ന്യൂഡെല്‍ഹി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. ഡോവലിന്റെ നിയമനത്തിനുള്ള ശിപാർശ അംഗീകരിച്ചു ക്യാബിനെറ്റ് അപ്പോയിന്റ്മെന്റ് കമ്മറ്റി ഉത്തരവിറക്കി.ഇത് മൂന്നാം തവണയാണ്. 2014ൽ ഒന്നാമത് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു പി ന്നാലെയാണ് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്‌ടാവായി ഡോവൽ ചുമതലയേറ്റത്. രണ്ടാം മോദി സർക്കാറിലും ഈ സ്ഥാനത്ത് തുടർന്ന ഡോവലിന് ഇത്തവണയും കാലാവധി ദീർഘിപ്പിച്ചു നൽകി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ കാലാവധിയും ദീർഘിപ്പിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവുകളിൽ പറയുന്നു.1968 കേരള കേഡർ ഐ.പി.എസ് ഉ ദ്യോഗസ്ഥനായ അജിത് ഡോവൽ ദീർഘനാൾ രാജ്യത്തെ രഹസ്യാന്വേ ഷണ വിഭാഗത്തെ നയിച്ചിട്ടുണ്ട്. ആറുവർഷം പാകിസ്താനിലെ ഇ ന്ത്യൻ കമീഷനിൽ പ്രവർത്തിച്ചു.

ഷെമീറിന്റെ കുടുംബത്തിന് ആശ്വാസം പകർന്ന് കൊടിക്കുന്നിൽ

ശാസ്താംകോട്ട:കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്ലാറ്റിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന്റെ(30) കുടുംബത്തിന് ആശ്വാസം പകർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.വ്യാഴം രാവിലെ വയ്യാങ്കരയിലെ വീട്ടിലെത്തിയ കൊടിക്കുന്നിൽ
ഷെമീറിന്റെ പിതാവ് ഉമ്മറുദ്ദീനെയും മാതാവ് ഷെബീനയെയും ഭാര്യ സുറുമിയെയും സഹോദരൻ നിജാസിനെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.കുവൈറ്റിൽ നിന്നും മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.സബ്ബ് കളക്ടർ മുകുന്ദ് ഠാക്കൂർ,കൊല്ലം റൂറൽ
എസ്.പി കെ.എം സാബു മാത്യു എന്നിവരും ഷെമിറിന്റെ വീട്ടിലെത്തിയിരുന്നു.6 വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഷെമീർ.


കെട്ടിട നിർമ്മാണ കരാറുകാരനും ഓയൂർ സ്വദേശിയയുമായ ഉമ്മറുദ്ദീൻ
ആലപ്പുഴ താമരക്കുളം
സ്വദേശിയായ ഷെബീനയെ വിവാഹം കഴിച്ച ശേഷം നാലുമുക്കിലായിരുന്നു താമസം.15 വർഷം മുമ്പാണ് വയ്യാങ്കരയിൽ സ്വന്തമായി വീട് വച്ച് താമസം ആരംഭിച്ചത്.ഷെമീറിന്റെ ഭാര്യ സുറുമി പത്തനാപുരം സ്വദേശിനിയാണ്.തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് പഠനം നടത്തുന്ന സുറുമിയെ ഭർത്താവിന്റെ മരണം അറിയിക്കാതെ ഉമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് വയ്യാങ്കരയിൽ എത്തിച്ചത്.ഇവിടെ എത്തിയേ ശേഷമാണ് മരണ വിവരം അറിയുന്നത്.അതിനിടെ ഷെമീറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

സമരം ചെയ്ത 5 വിദ്യാർത്ഥികൾ 33 ലക്ഷം പിഴ അടക്കണം,ഞെട്ടിച്ച് എന്‍ഐടി

കോഴിക്കോട്. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന് കാണിച്ച് രജിസ്ട്രാർ നോട്ടീസ് നൽകി. മാർച്ച് 22 ന് നടന്ന രാത്രി നിയന്ത്രണ സമരവുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.

രാത്രി ക്യാമ്പസ് വിട്ട് പുറത്തു പോകുന്നത് തടഞ്ഞുള്ള ഉത്തരവിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് എൻ ഐ ടി അധികൃതരുടെ തീരുമാനം. സമരം ചെയ്ത അഞ്ചു വിദ്യാർത്ഥികളിൽ നിന്നായി 33 ലക്ഷം രൂപ ഈടാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്. മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ വിദ്യാർഥി സമരം. രാവിലെ 7.30 മുതൽ വിദ്യാർത്ഥികൾ നടത്തിയ സമരം കാരണം അധ്യാപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായ നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് രജിസ്ട്രാറുടെ നോട്ടീസ്. CCTV ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫ്സ് , മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച്, പ്രധാന ഗേറ്റ് അടച്ചുപൂട്ടിയ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ഒരാഴ്ചക്കകം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് നിയന്ത്രണം പിൻവലിക്കുകയും ചെയ്തിരുന്നു.

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റും, വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്

കൊല്ലം.ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി)
കൊല്ലം ജില്ലാ പ്രസിഡൻ്റ് രാജേഷ് കുമാറിൻ്റെ ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത് .ഒരു വാട്സാപ്പ് ഗ്രൂപ്പിൽ രാജേഷ് കുമാർ
അയച്ച മെസേജാണ് പുറത്തായത്. “ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക്
കളറടിച്ചിരിക്കും”

” കളർ വരുമെന്ന് പറഞ്ഞാൽ അത് വന്നിരിക്കും. ഒരു മാറ്റവുമില്ല “. സുഹൃത്തുക്കൾക്ക് ഇടയിൽ പറഞ്ഞ കാര്യമാണെന്നും, പാർട്ടി നിലപാട് അല്ലെന്നുമാണ് രാജേഷ് കുമാറിൻ്റെ വിശദീകരണം. ബസിൻ്റെ കളർ മാറ്റണോ എന്ന് തിരുമനിക്കേണ്ടത് സർക്കാരാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി.

പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടി ഡൽഹിയിൽ ?

കൊച്ചി. പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടി ഡൽഹിയിൽ എന്ന് സൂചന.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വിഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്ന് കണ്ടെത്തി.
ഇതോടെ പെൺകുട്ടിക്ക് ഉള്ള തിരച്ചിൽ ഡൽഹിയിലേക്കും നീങ്ങുകയാണ്.

പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവൻ.
സ്വന്തം യൂട്യൂബ് ചാനലിൽ പെൺകുട്ടി വീഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അന്വേഷണ സംഘം ഉടൻ ഡൽഹിക്ക് തിരിക്കും. അതേസമയം, വിഡിയോയിലൂടെ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ഗാർഹിക പീഡന കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം