Home Blog Page 2716

വയനാട്ടിൽ പ്രിയങ്ക…? തീരുമാനം നാളെ

പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴി തെളിയുന്നു. രാഹുൽ ഗാന്ധി രാജിവയ്ക്കുന്ന വയനാട്ടിലോ റായ്ബറേലിയോ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും. വയനാടാണോ  റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും. പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും. 

ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച  സാധ്യമാക്കുന്നതിനും രാഹുൽ  റായ്ബറേലി നിലനിർത്തണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ  ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം, ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.

കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.
കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മനാമയിലെ തീപിടിത്തം: മരണസംഖ്യ മൂന്നായി; കത്തിനശിച്ചത് 25 കടകൾ

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ മൂന്നായി. മനാമ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ശൈഖ് അബ്ദുള്ള റോഡിലെ ബ്ലോക്ക് 432 മാക്‌സ് ഷോപ്പിന് പിന്നിലുള്ള ഷോപ്പുകളിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്

തീപിടിത്തത്തിൽ പരുക്കേറ്റ ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വസ്ത്രഷോപ്പുകളും ചെരുപ്പുകടകളും പെർഫ്യൂം ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 25 കടകൾ കത്തിനശിച്ചു.

ഭരണിക്കാവില്‍ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയ വയോധികന് ദാരുണാന്ത്യം

ശാസ്താംകോട്ട. ഇരുചക്രവാഹനക്കാരുടെ അതിക്രമ യാത്ര ,ഭരണിക്കാവില്‍ ഇടിയേറ്റുവീണ വയോധികന് ദാരുണാന്ത്യം. ഇന്നലെ ഉച്ചക്ക് ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ ഇടിച്ചിട്ട പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖരകുറുപ്പ്(70)ആണ് കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇടിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍


ഭരണിക്കാവ് ചക്കുവള്ളി റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തെറ്റായ വശത്തുകൂടി വെടിയുണ്ടപോലെ പാഞ്ഞുവന്ന ഇരു ചക്രവാഹനം സോമശേഖരകുറുപ്പിനെ ഇടിച്ചു വീഴ്ത്തിയത്. മലര്‍ന്നുവീണ ആള്‍ പിന്നീട് എഴുന്നേറ്റതേയില്ല. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു. താലൂക്കാശുപത്രിയിലും ഇവിടുത്തെ സ്വകാര്യാശുപത്രിയിലും കാണിച്ചശേഷം കൊല്ലത്തേക്ക് കൊണ്ടുപോയ ആള്‍ ഇന്ന് ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍കോളജിലേക്ക് മാറ്റി.


അലക്ഷ്യമായി പായുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ദിവസമെന്നോണമാണ് കാല്‍നട.യാത്രക്കാര്‍ ഇരയാകുന്നത്. സ്‌കൂളിലേക്കും പുറത്തേക്കും കുട്ടികള്‍ പോകുന്ന സമയത്തും തിരക്കുള്ള സായാഹ്ന സമയത്തും ഭ്രാന്തെടുത്ത് പായുന്ന മാനസികരോഗികളെക്കൊണ്ട് ജനം പൊറുതിമുട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല. എത്രശ്രദ്ധിച്ചാലും അപകടമുണ്ടാകും എന്നതാണ് നില. ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. നേരത്തേ ഭരണിക്കാവില്‍ തിരക്കുള്ള സമയത്ത് പൊലീസുണ്ടാകുമായിരുന്നു. ഇപ്പോഴതില്ല. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരക്കാരെ പിടികൂടുന്നത് നിര്‍ത്തി. പരാതിപ്പെടാന്‍ മിക്കവര്‍ക്കും നമ്പര്‍ ഉണ്ടാകില്ല. ഹെല്‍മെറ്റ് വച്ചിരിക്കും. വാഹനം ഇടിച്ചു തെറിപ്പിച്ച് പോകുന്നത് ഒരു പതിവുകാഴ്ചയാണ് ഇപ്പോള്‍.

കുവൈത്ത് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് അഗ്നിരക്ഷാ സേന

കുവൈത്ത് സിറ്റി: മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷ വകുപ്പ്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നും പാചക വാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കുവൈത്ത് അഗ്നിരക്ഷാ സേന അറിയിച്ചു.
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയടക്കം പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ളാറ്റിനുള്ളിൽ മുറികൾ തിരിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കി. ഈ വസ്തുക്കൾ കത്തിയത് വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾ നിലയിലേക്ക് പടർന്നു

ആറ് നില കെട്ടിടത്തിലെ 24 ഫ്‌ളാറ്റുകളിലെ 72 മുറികളിലായി 196 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഇവിടേക്ക് കയറാനായില്ല. അപകടമുണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎ സ്ഥാനം രാജിവെച്ചു

സിക്കിം :മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടുത്ത ദിവസം തന്നെ എംഎൽഎ സ്ഥാനം രാജിവെച്ചു. കൃഷ്ണകുമാരിയുടെ രാജി സ്പീക്കർ എഎൻ ഷെർപ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സീറ്റുകളിൽ 31 സീറ്റിലും പ്രേം സിംഗ് തമാങിൻരെ സിക്കിം ക്രാന്തികാരി മോർച്ചയാണ് വിജയിച്ചത്. നാംചി-സിംഗിതാങ് സീറ്റിലാണ് കൃഷ്ണകുമാരി ജയിച്ചത്. ആദ്യമായി മത്സരിച്ച ഇവർ 5302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
റാജ്യയുടെ രാജി പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്ന് പ്രേം സിംഗ് അറിയിച്ചു. പാർട്ടിയുടെ അഭ്യർഥന മാനിച്ചാണ് കൃഷ്ണകുമാരി മത്സരിച്ചത്. പാർട്ടിയുടെ ക്ഷേമത്തിന് വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിക്കിമിൽ കനത്ത മഴയിൽ ആറ് മരണം; 2000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

സിക്കിം : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. 2000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിനോട് ചേർന്നുള്ള നേപ്പാളിലെ തപ്ലെജങ് ജില്ലയിൽ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേർ മരിച്ചു

ഗ്യാങ്‌ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന മംഗാൻ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി സർക്കാർ അറിയിച്ചു. 36 മണിക്കൂറായി നിർത്താതെ തുടരുന്ന മഴയിൽ വടക്കൻ സിക്കിമിലേക്കുള്ള റോഡുകൾ തകർന്നു. ജില്ലയുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു

കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്ന് മംഗാൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചേത്രി അറിയിച്ചു. ഇവരിൽ 11 പേർ വിദേശ പൗരൻമാരാണ്. നാശനഷ്ടങ്ങൾ കാരണം ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഎം അറിയിച്ചു

എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും

എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവന് സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.
ഇതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലായി സ്വർണവില വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 52,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6590 രൂപയാണ് വില.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5490 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്‌

കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ള, ഇ ഡി

കൊച്ചി.കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് ഇ ഡി ഹൈക്കോടതിയിൽ .
രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണത്.ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിശദീകരണം.
2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചു.
51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു.
പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ കരുവന്നൂരിലെ രേഖകൾ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ഹർജി പി.എം.എൽ.എ കോടതി തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.