സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയം ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടാനാണ് ആലോചന.ഇതിനായി ഓർഡിനൻസ് പുറത്തിറക്കിയേക്കും.
941 ഗ്രാമപഞ്ചായത്തുകളിലായി 1300 വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്.
നിലവിൽ 15,962 വാർഡുകളാണ് ഉള്ളത്.കൊച്ചി കോർപ്പറേഷനിൽ രണ്ടു വാർഡും,തിരുവനന്തപുരം,തൃശ്ശൂർ, കോഴിക്കോട് കണ്ണൂർ കോർപ്പറേഷനുകളിൽ ഓരോ വാർഡും വർദ്ധിച്ചേക്കും.ബ്ലോക്ക് പഞ്ചായത്തുകളിൽ 157 ഉും,ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടിയേക്കും.പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയം ,മന്ത്രിസഭായോഗം പരിഗണിച്ചേക്കും
മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി ഉടൻ രേഖപ്പെടുത്തും
തിരുവനന്തപുരം.കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി
മജിസ്ട്രേറ്റ് കോടതി ഉടൻ രേഖപ്പെടുത്തും.
കൻറോൺമെൻറ് പോലീസ് നൽകിയ അപേക്ഷയിലാണ് കോടതി നടപടി.വാഹനം തടഞ്ഞതല്ല ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്യുകയായിരുന്നു എന്ന് നേരത്തെ മേയർ പ്രതികരിച്ചിരുന്നു.അതേസമയം കേസന്വേഷണത്തിൽ നിർണായക തെളിവാകേണ്ടിയിരുന്ന ബസിനുള്ളിലെ കാമറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇപ്പോഴും കാണാമറയത്താണ്. മെമ്മറി കാർഡ് നഷ്ടമായൽ കണ്ടക്ടറെയും യദുവിനെയും ചോദ്യം ചെയ്തെങ്കിലും ഒരു സൂചനയും കിട്ടിയില്ല.കോടതി നിർദേശത്തെ തുടർന്ന് മേയർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന ആരോപണവും ശക്തമാണ്. ഈ കേസുകളിൽ മേയറുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തിൽ ksrtc നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇത് വരെ ഗതാഗത മന്ത്രിക്ക് സമർപ്പിച്ചിട്ടില്ല.
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിൽ കീഴടങ്ങി.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാൾ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു.
തമിഴ് നാട്ടിലെ നാല് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്
തമിഴ് നാട്ടിലെ നാല് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെങ്കാശി, തേനി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലാണ് റെഡ് അലർട്ട്. രണ്ടു ദിവസവും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. ഇന്ന് 13 ജില്ലകളിലും നാളെ 15 ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ ധർമപുരി, മധുര, കോയമ്പത്തൂർ, തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ മേഖലകളിൽ വ്യാപകമായി മഴപെയ്തു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണസേനയുടെ 90 അംഗങ്ങൾ തിരുനെൽവേലിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും; ഡ്രൈവിംഗ് സ്ക്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കിട്ടി, നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പൂർണതോതില്‍ പുനരാരംഭിക്കും.
ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.
സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.
അതിനിടെ
ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്യാൻ ഡ്രൈവിങ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.
നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണം. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. എന്‍റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ, മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി.
ഒരേസമയം കൂടുതൽ ഡ്രൈവിങ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കും. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിനു നാണക്കേടാണ്. റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല.
ഡ്രൈവിങ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്‍റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി താക്കീത് നൽകി
ജിഷ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി
പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. വധ ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.
വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബാലാത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.
എന്നാൽ താൻ നിരപരാധിയാണെന്നു ഇയാൾ ഹർജിയിൽ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനായിരുന്ന ജിഷ മരിച്ചത്.
പെരുമ്പാവൂർ ജിഷ വധം: പ്രതി നൽകിയ അപ്പീലിൽ വിധി ഇന്ന്
കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്. ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലും ഹൈകോടതി ഇന്ന് വിധി പറയും.
കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.
2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്.
അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡൻ്റിനേയും, വിദേശകാര്യ മന്ത്രിയും കണ്ടെത്താനായില്ല
അസര്‍ബൈജാന്‍: അപകടത്തിൽപ്പെട്ട് 13 മണിക്കൂർ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഇനിയും കണ്ടെത്താനായില്ല. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6നായിരുന്നു മോശം കാലാവസ്ഥയെ തുടർന്ന് അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഉസി ഗ്രാമത്തിൽ മൂടൽമഞ്ഞുള്ള പ്രദേശത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കിയത്.
അസർബൈജാനിൽ 3 ദിവസത്തെ സന്ദർശനത്തിനും അണക്കെട്ട് ഉദ്ഘാടനത്തിനും ശേഷം മടങ്ങി വരവേയായിരുന്നു അപകടം.
ഇറാൻ വിദേശകാര്യ മന്ത്രിയും ഉണ്ടെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
40 സംഘങ്ങൾ രക്ഷാ പ്രവർത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായിട്ടില്ല. ടെഹ്റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.
പ്രധാനമന്ത്രിക്കൊപ്പം മറ്റ് രണ്ട് ഹെലികോപ്റ്റർ ഉണ്ടായിരുന്നു. അവ സുരക്ഷിതമായി തിരിച്ചെത്തി.
രക്ഷപ്രവർത്തനത്തിന് റഷ്യയും തുർക്കിയും സഹായം പ്രഖ്യാപിച്ചു.
ഇറാൻ പ്രസിഡൻ്റ് അപകടത്തിൽപ്പെട്ട ഹെലികോപ്പ്റ്ററിൽ ഇറാൻ വിദേശകാര്യ മന്ത്രിയും
അസര്‍ബൈജാന്‍: അപകടത്തിൽപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഇറാൻ വിദേശകാര്യ മന്ത്രിയും ഉണ്ടെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഉസി ഗ്രാമത്തിൽ മൂടൽമഞ്ഞുള്ള പ്രദേശത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. 40 സംഘങ്ങൾ രക്ഷാ പ്രവർത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായിട്ടില്ല. ടെഹ്റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.
പ്രധാനമന്ത്രിക്കൊപ്പം മറ്റ് രണ്ട് ഹെലികോപ്റ്റർ ഉണ്ടായിരുന്നു’ അവ സുരക്ഷിതമായി തിരിച്ചെത്തിയതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.
ഇറാൻ പ്രസിഡൻ്റിനുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.പ്രസിഡിറ്റിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും നരന്ദ്ര മോദി ‘എക്സിൽ ‘കുറിച്ചു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി
തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടറുടെ നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദേശിച്ചത്. സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകും.



































