ബംഗളൂരു. സിനിമ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ പിടികൂടി. തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൌസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം. പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ. പാർട്ടിയിലേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്. സ്നിപ്പർ നായകളുമായി നടത്തിയ പരിശോധനയിലാണ് MDMA യും കൊക്കെയിനും പിടികൂടിയത്
തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലായെന്നാണ് വിവരം. ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതിൽ ഉൾപ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു
ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍.
ഇബ്രാഹീം റെയ്സിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരും മരണമടഞ്ഞതായി ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ ഇറാന്‍ ടെലിവിഷനിലൂടെ അറിയിച്ചു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. ഹെലികോപ്റ്ററില്‍ ഒമ്ബത് പേര്‍ ഉണ്ടായിരുന്നതായും ആരേയും ജീവനോടെ കണ്ടെത്താനായിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട സ്ഥലം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു.
മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്‌സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.
അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിറിയ, റഷ്യ, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളും സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. തിരയല്‍ ശ്രമങ്ങളെ സഹായിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ദ്രുത പ്രതികരണ മാപ്പിംഗ് സേവനം പോലും സജീവമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. സെയ്ദ് ഇബ്രാഹിം റൈസിയുടെ ദാരുണമായ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാന്‍ ജനതയ്ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു,” പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.
കൊച്ചി: സംസ്ഥാനത്ത് അവയവ കടത്തിന് വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായി വിവരം. ഇന്നലെ അയവ കടത്തിലെ ഏജൻറ് പിടിയിലായതോടെ മൂന്നുവർഷത്തിനിടെ 200ലധികം ആളുകളെ സബിത്ത് അവയവ കടത്തിനായി ഇറാനിൽ എത്തിച്ചതായി കണ്ടെത്തി. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയ്യാറാക്കിയിരുന്നു ആളുകളെ കൊണ്ടുപോകുന്നത്. അവയവം നൽകാൻ തയ്യാറായ ആളുകൾക്ക് 10 ലക്ഷം രൂപ വീതം നൽകി. ഇറാനിലെ ആശുപത്രിയിൽ ഒരാളെ എത്തിക്കുമ്പോൾ സബിത്തിന് 60 ലക്ഷം രൂപ ലഭിച്ചു. വ്യാജ മേൽവിലാസത്തിൽ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെയും കൊണ്ടുപോയിട്ടുള്ളതായാണ് വിവരം. പോയവരിൽ ചിലർ അവിടെ വെച്ച് മരണപ്പെട്ടതായും സംശയം ഉണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു ആളുകളെ കൂടുതലും കണ്ടെത്തുകയും കൊണ്ടുപോവുകയും ചെയ്തത്.
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് കടഉടമ പലവട്ടം കെഎസ്ഇബിക്ക് പരാതി നല്‍കിയിരുന്നുവെന്നും അവര്‍ അവഗണിച്ചെന്നും പരാതി.
? ഇറാൻ പ്രസിഡൻ്റ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം രക്ഷാപ്രവർത്തകർ കണ്ടെത്തി.
? ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല.
?ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ലന്ന് വിവരം
? കേരളീയം?
? തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി കാലാവസ്ഥാ വകുപ്പ്. മേയ് 31നു കേരളത്തില്‍ എത്തുമെന്നാണു പ്രതീക്ഷ. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ. അതേ സമയം കേരളത്തിലെ ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 22 വരെ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ അറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
? ഒറ്റമഴയില്‍ പെയ്ത വെള്ളത്തില്‍ മുങ്ങി തലസ്ഥാനം. സ്മാര്‍ട്ട്റോഡ് നിര്‍മാണം നടക്കുന്ന ഇടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഉള്ളൂര്‍, മുക്കോലയ്ക്കല്‍, കുളത്തൂര്‍, കുമാരപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളംകയറി. കൂടാതെ ചാലയില്‍ കടകളിലേക്ക് വെള്ളംകയറിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
? കാലാവസ്ഥാ വകുപ്പ് ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
? കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ചികിത്സാപിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. ബിജോണ്‍ ജോണ്‍സനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രന്‍ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
? ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി രാജേഷിനെ പൊലീസ് പിടികൂടി. രാജേഷിനെ കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നില്‍ നിന്നും ആണ് പിടികൂടിയത്. തിരുനല്ലൂര്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളി (42) യെയാണ് രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്.
? കണ്ണൂരില്‍ ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരക മന്ദിരം പണിയുന്നത് വിവാദമായതോടെ എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംവി ഗോവിന്ദനും, ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് അറിയിച്ചു.
? അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.
? ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപോയി. കേരളാ പൊലീസ് ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപെട്ടത്.
?കാലാവസ്ഥാ വ്യതിയാനം മൂലം തൃശൂര്‍ ജില്ലയില്‍ നെല്ലുത്പാദനം പകുതിയായി കുറഞ്ഞതായി കേരള കര്‍ഷക സംഘം. നെല്ലുത്പാദനത്തില്‍ മാത്രം 150 കോടിയിലേറെ നഷ്ടമാണ് തൃശൂര്‍ ജില്ലയില്‍ തന്നെ സംഭവിച്ചിട്ടുള്ളത്. ഇതുമൂലം വൈക്കോല്‍ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന നാട്ടിന്‍പുറങ്ങളിലെ ക്ഷീര കര്‍ഷകരും ദുരിതത്തിലായി.
? ഇടുക്കിയില്‍ 171 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികളാണ് ഇടുക്കിയിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം നാലു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 25 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്.
? അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് തിരുവല്ലയിൽ എത്തിച്ചു. ഇന്ന് രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊതുദര്‍ശനം.തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം.
? കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നില്‍ വിക്രമനാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിക്രമന്‍ ഒറ്റക്ക് ആയിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
? ശക്തമായ ഇടിമിന്നലേറ്റ് വൈക്കത്ത് ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകര്‍ന്നുവീണു .അപകടം നടന്ന മുറിയില്‍ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
? രാജ്യത്തെ 49 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഉത്തര്‍പ്രദേശിലെ 14 ഉം മഹാരാഷ്ട്രയിലെ 13ഉം പശ്ചിമ ബംഗാളിലെ 7ഉം ബീഹാറിലേയും ഒഡീഷയിലേയും 5ഉം ജാര്‍ഖണ്ഡിലെ 3ഉം ജമ്മുകാശ്മീരിലേയും ലഡാക്കിലേയും ഒന്ന് വീതവും മണ്ഡലങ്ങളിലേക്ക് ഇന്നാണ് തിരഞ്ഞെടുപ്പ്.
? എഎപിയുടെ വളര്‍ച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ പി എ ബൈഭവ് കുമാറിന്റെ അറസ്റ്റിനെതിരായി ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും താന്‍ ആദ്യം പോകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
? സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദയാധനം ഏത് സമയവും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
? എഎപി പ്രതിഷേധത്തിന് എതിരെ സ്വാതി മലിവാള്‍ എംപി. 12 വര്‍ഷം മുമ്പ് എല്ലാവരും നിര്‍ഭയക്ക് വേണ്ടി തെരുവിലിറങ്ങിയെന്നും എന്നാല്‍ ഇന്ന് തെളിവുകള്‍ നശിപ്പിച്ച ഒരു വ്യക്തിക്ക് വേണ്ടി തെരുവില്‍ ഇറങ്ങുന്നുവെന്ന് സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി. മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കില്‍ തനിക്കീ ഗതി വരില്ലായിരുന്നു എന്നും സ്വാതി മലിവാള്‍ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു.
? ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 44 ഡിഗ്രി വരെയായി ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സ്ഥിതി ഒരാഴ്ചയോളം തുടരുമെന്നും പ്രവചനമുണ്ട്.
? ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരില്‍ മുന്‍ സാര്‍പഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അനന്ത് നാഗില്‍ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
? ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെ നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദി വിടുകയായിരുന്നു.
? പാര്‍ട്ടി അധ്യക്ഷന്‍ ഖര്‍ഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനര്‍ജിക്ക് നേരെ അധിക്ഷേപം തുടര്‍ന്ന സാഹചര്യത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് കോണ്‍ഗ്രസ് താക്കീത് നല്‍കിയേക്കും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്നും മമത അവസരവാദിയാണെന്നും, വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ചൗധരി വിമര്‍ശിച്ചിരുന്നു.
? ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ രംഗം വിടുമെന്ന് കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
? മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
?? അന്തർദേശീയം ??
? ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഇന്നലെ വൈകിട്ട് 6ന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്.
? ഇറാന്‍ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണെന്ന സര്‍ക്കാര്‍ അറിയിപ്പല്ലാതെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
?പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
? യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370 ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
? സൗദി അറേബ്യയില്‍ താമസിക്കുന്ന ഉംറ വിസക്കാര്‍ക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാന്‍ കഴിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉംറ തീര്‍ഥാടകര്‍ വിസയുടെ കാലാവധി പാലിക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. അല്ലാത്തപക്ഷം നിയമനടപടി നേരിേടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
? ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായ കിര്‍ഗിസ്താനിലെ ബിഷ്‌കേക്കില്‍ സ്ഥിതി പൂര്‍ണ്ണമായും ശാന്തമായെന്ന് കിര്‍ഗ് സര്‍ക്കാര്‍ അറിയിച്ചു. നഗരത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
⚽ കായികം ?
? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി എട്ടാം തവണ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.
? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് കീഴടക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. പഞ്ചാബ് ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.
? ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത് നടക്കാനിരുന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനായുള്ള ലീഗ് ഘട്ടത്തിലെ ഈ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു.
?17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന് പിന്നിലായിപ്പോയ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തായി.
?മെയ് 22ന് നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുമായി രാജസ്ഥാന്‍ റോയല്‍സ് എറ്റുമുട്ടും. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
?ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് റിപ്പോർട്ട്. തകർന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്.
രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.
വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങള്‍ അറിയിച്ചത്.
ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്‌മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസർബൈജാനിലെ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ് ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചിരുന്നു.
ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിൽ രാജ്യത്തെ 49 ലോക്സഭാ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും . 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. . ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന്തെരഞ്ഞെടുപ്പ് നടക്കും. ആകെ 8.95 കോടി വോട്ടർമാർക്കാണ് അഞ്ചാംഘട്ടത്തിൽ സമ്മതിദാന അവകാശം. ഉത്തർപ്രദേശിലെ 14 , മഹാരാഷ്ട്രയിലെ 13, ബംഗാളിലെ 7 , ബിഹാർ 5, ഒഡീഷ 5, ജാർഖണ്ഡ് 3, ജമ്മു കശ്മീർ 1, ലഡാക്ക് 1 വീതം മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് അഞ്ചാംഘട്ടത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രിയും യുമായ ദിനേശ് പ്രതാപ് സിങും തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കോൺഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയെ നേരിടുന്നു. രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗവും പീയുഷ് ഗോയല്‍ മത്സരിക്കുന്ന മുംബൈ നോര്‍ത്തും ചിരാഗ് പാസ്വാന്‍റെ ഹാജിപൂരും ഒമര്‍ അബ്‌ദുള്ളയുടെ ബാരാമുള്ളയും അഞ്ചാം ഘട്ടത്തില്‍ ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ്.
ന്യൂഡല്‍ഹി . പുതിയ ക്രിമിനല്‍ നിയമങ്ങൾക്ക് എതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്ക് പകരം കൊണ്ടു വന്ന ക്രിമിനല്‍ നിയമങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി. ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക സുരക്ഷാ സംഹിത എന്നിവയ്ക്ക് ‘നിരവധി ന്യൂനതകളും പൊരുത്തക്കേടുകളും’ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഭൂരിഭാഗം അംഗങ്ങളും സസ്‌പെന്‍ഷനിലായിരുന്ന കാലയളവില്‍, പാര്‍ലമെന്റില്‍ കാര്യമായ ചര്‍ച്ചയില്ലാതെയാണ് നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അവധിക്കാല ബഞ്ചാണ് ഇന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക
കായംകുളം. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ക്രൂര മർദനത്തിൽ കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദിന് കേൾവിശക്തി നഷ്ടമായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് കുരുക്കിലായത്. ജില്ലാ പോലീസ് മേധാവി തന്നെ ഇടപ്പെട്ട കേസിൽ കായംകുളം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ചെന്നൈയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണ പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യിൽനിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതോടെ യുവതിക്കെതിരെ വലിയ വിമർശനവുമായി പലരും രംഗത്തെത്തി. അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
രമ്യയും 2 മക്കളും രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയി. രമ്യ ഇവർക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവർ തിരികെ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടത്.