Home Blog Page 2684

വാർത്താനോട്ടം

2024 മെയ് 24 വെള്ളി

BREAKING NEWS

?ഹരിയാനയിൽ ബസ്സപകടം 7 പേർ മരിച്ചു.20 പേർക്ക് പരിക്ക്

? നീലേശ്വരത്ത് നങ്കൂരമിട്ട ബോട്ട് കാറ്റിൽ തകർന്നു.

?സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; 9 ജില്ലകളിൽ യല്ലോ അലർട്ട്.

? പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ വാരാപ്പുഴയിൽ ഇന്ന് യോഗം.

? ലോക്സഭാ തെരഞ്ഞെടുപ്പ്: പഞ്ചാബിൽ ഇന്ന് രണ്ടിടത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ

? കൊച്ചിയിലെ വെള്ളക്കെട്ട്: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

? കേരളീയം ?

? കേരള തീരത്തിന് അരികിലായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ മഴ ശക്തമാകുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടി നാളത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തി.

? സംസ്ഥാനത്ത് പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യത. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

? മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.നമ്പര്‍: 0471 2317 214.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

? സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് കോംപൗഡിന്റെ ഭരണം തഹസില്‍ദാര്‍ ഏറ്റെടുത്തു. സമാധാന അന്തരീക്ഷത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

? സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ട്ടേഴ്സുളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളു. 18 വര്‍ഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം.

? പെരിയാറിലെ മത്സ്യക്കുരുതിയില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് . പെരിയാറില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തൊടിങ്ങയതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

? ജിഎസ്ടി വകുപ്പിന്റെ ഓപ്പറേഷന്‍ പാംട്രീയിലൂടെ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ആക്രികച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയത്.

? പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിയില്‍ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി.

? കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. അലൈന്‍സ് എയറിന്റെയും ഇന്‍ഡിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്.

?? ദേശീയം ??

? ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

? മഹാരാഷ്ട്ര ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനo. വന്‍സ്ഫോടനത്തില്‍ 8 മരണം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും അറുപത് പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്.

? പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിയ അജ്ഞാത സന്ദേശം മധ്യപ്രദേശില്‍ നിന്നാണെന്നാണ് സൂചന.

? പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക് 5 പ്രധാനമന്ത്രിമാരെ നിശ്ചയിക്കണോ എന്നാണ് ഇന്ത്യാ മുന്നണി ചര്‍ച്ച ചെയ്യുന്നതെന്ന് മോദി പരിഹസിച്ചു.

? പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

? ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ ‘
? പശ്ചിമ ബംഗാളിലെ സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവര്‍ത്തകയായ 38 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് സംഘമാണ് തങ്ങളുടെ പ്രവര്‍ത്തകയെ കൊന്നതെന്നും നിരവധിപ്പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കുണ്ടെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.

? മഹാരാഷ്ട്ര അഹമ്മദ് നഗറില്‍ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയില്‍ കാണാതായവര്‍ക്കായുളള തിരച്ചിലിനിടയിലാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടത്തില്‍ പെട്ടത്.

? കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുത്തച്ഛന്‍ എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, നിയമം നിയമത്തിന്റെ വഴിക്ക് പോകും, അതിനെ അനുസരിക്കണം.

? ബൈഭവ് കുമാര്‍ തന്നെ ആക്രമിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മലിവാള്‍. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും താന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാതി പറഞ്ഞു.

? തന്റെ മാതാപിതാക്കളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്രിവാള്‍. ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ അപേക്ഷ.

? സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ ട്രൈ ജംഗ്ഷനായ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

?? അന്തർദേശീയം ??

? ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്‌കാരച്ചടങ്ങിനോടനുബന്ധിച്ചുള്ള വിലാപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. റഈസിയുടെ ജന്‍മനഗരമായ മഷാദിലെ ഇമാം റെസ വിശുദ്ധപള്ളിയിലാണ് ഖബറടക്കം. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ് പ്രാര്‍ഥനയക്ക് നേതൃത്വം കൊടുത്തത്.

കായികം ?

? കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ നിയമിച്ചു. പതിനേഴു വര്‍ഷത്തോളം പരിശീലനത്തില്‍ അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി സ്റ്റാറേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

? ഇന്ന് നടക്കുന്ന ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ മെയ് 26 ന് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.

ഹരിയാനയിൽ വാഹന അപകടം 7 പേർ മരിച്ചു

ചണ്ഡീഗഡ്. ഹരിയാനയിൽ വാഹന അപകടം. 7 പേർ മരിച്ചു. 25 ഓളം പേർക്ക് പരുക്ക്.അംബാല-ഡൽഹി-ജമ്മു ദേശീയ പാതയിൽ ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ബസിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

മണർക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം. മണർക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും.കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തി .

മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലും നിയന്ത്രണമുണ്ട് .കൂടാതെ 1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ 9 മരണം

ജയ്പൂര്‍.ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ 9 മരണം. നാല് വീതം പേർ ബലോട്ര ,ജലോര്‍ ജില്ലകളിലും ഒരാൾ ജയ്സാല്‍മറിലും ആണ് മരിച്ചത്. പടിഞ്ഞാറൻ രാജസ്ഥാനിലെ പല ഇടങ്ങളിലും താപനില 49 ഡിഗ്രി വരെ ഉയർന്നു. പൻചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഉയർന്ന താപനില 45 ഡിഗ്രിയ്ക്ക് മുകളിൽ.

ഉഷ്ണതരംഗം വരുന്ന 5 ദിവസ്സം എൻകിലും ഇതേ കാഠിന്യത്തിൽ തുടരും എന്ന് കാലവസ്ഥ നിരിക്ഷണ കേന്ദ്രം . രാജസ്ഥാൻ പൻചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് തുടരും.

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും
മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.
മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.നാളെ ഏഴു ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം
സംസ്ഥാനത്ത് 18% അധിക വേനൽ മഴ ലഭിച്ചു. മാർച്ച്‌ 1 മുതൽ മെയ്‌ 23 വരെയുള്ള മഴകണക്കാണിത്. ഇടുക്കി (-28%), കൊല്ലം ( -1%) ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ നിലവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്‌, മലപ്പുറം, കോട്ടയം ജില്ലകളിൽ ഈ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയെക്കാൾ കൂടുതൽ ലഭിച്ചു. വിരലിൽ എണ്ണാവുന്ന ദിവസം കൊണ്ടാണ് സംസ്ഥാനത്ത് ഇത്രയധികം മഴ പെയ്തത്

ലോക്സഭ, ആറാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ ആണ് നാളെ വോട്ടെടുപ്പ് നടക്കുക.
മനോഹർലാൽ ഘട്ടാർ,മെഹബൂബ മുഫ്തി,മേനക ഗാന്ധി,ധർമ്മേന്ദ്രപ്രദാൻ, സംബിത് പാത്ര, ബാൻസുരിസ്വരാജ്, അഭിജിത്ത് ഗംഗോപാധ്യായ,സോം നാഥ് ഭാരതി, കനയ്യ കുമാർ തുടങ്ങിയ പ്രമുഖർ അടക്കം 889 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.അതേ സമയം അവസനഘട്ട മേഖലകളിൽ പ്രചരണം സജീവമാക്കുകയാണ് ഇരു മുന്നണികളും.പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ മണ്ഡി യിലും ഷിംലയിലും പ്രചരണം നടത്തും.

പഞ്ചാബിലെ ഗുരുദാസ് പൂരിലും, ജലന്ധറിലും പ്രധാനമന്ത്രി ഇന്ന് റാലി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പട്യാലയിലെ റാലിയിൽ കർഷകർ പ്രതിഷേധവുമായി എത്തിയ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ റാലികൾ ഒന്നും നിശ്ചയിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ജാർഖണ്ഡിലെ ദേവ് ഘറിൽ വാർത്ത സമ്മേളനം നടത്തും, ഗോഡ്ഡയിലെ പ്രചാരണ റാലിയിലും കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കും.

പിണറായി@79

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79 ആം പിറന്നാൾ. പതിവുപോലെ ഇത്തവണത്തെ പിറന്നാൾ ദിനത്തിനും മുഖ്യമന്ത്രിക്ക് ആഘോഷങ്ങൾ ഒന്നുമില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെടെ വിവാദങ്ങളിൽ പെട്ടതിന് ശേഷമുള്ള ആദ്യ പിറന്നാളാണ് ഇതെന്നതും പ്രത്യേകതയാണ്.

പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി തലസ്ഥാന ജില്ലയിൽ ഉണ്ടാവും. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല. മന്ത്രിസഭായോഗമാണ് ഇന്നത്തെ പ്രധാന പരിപാടി. ചില പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഉൾപ്പെടെ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പിറന്നാൾ ദിനം. മകളെ ഉന്നം വച്ചുള്ള മാസപ്പടി വിവാദത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതിന്റെ ആശ്വാസം മുഖ്യമന്ത്രിക്ക് ഉണ്ട്. എന്നാൽ കുടുംബവും ഒന്നിച്ചുള്ള വിദേശയാത്രയുടെ വിവാദത്തെ ചൊല്ലിയുള്ള പൊല്ലാപ്പ് അവസാനിച്ചിട്ടില്ല. വിവാദങ്ങൾ ഒരു വശത്ത് തുടരുമ്പോഴും അതിന് ചെവി കൊടുക്കാത്ത രീതിയാണ് മുഖ്യമന്ത്രിക്ക്.

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയൻ്റെ പിറന്നാൾ. 1947 മെയ് 24നാണ് യഥാർത്ഥ ജന്മദിനം എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടുവർഷം പൂർത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി,അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാസര്‍കോട് .റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സർക്കാർ നല്‍കിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. പ്രതികൾ പാസ്പോർട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി.

പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നും ഇത് പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടതായും സര്‍ക്കാര്‍ ആരോപിക്കുന്നു. ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാർച്ച് 30നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വെറുതെ വിട്ടത്.

നിനോയുടെ വധശിക്ഷ,അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ആറ്റിങ്ങല്‍ ഇരട്ടക്കൊല അപ്പീലില്‍ ഇന്ന് വിധി

കൊച്ചി. ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വിധി പ്രസ്താവിക്കുന്നത്. അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.

2016 ഏപ്രില്‍ പതിനാറിനായിരുന്നു ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാന്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സ്വന്തം മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണ് എന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. 50 ലക്ഷം രൂപ വീതമാണ് രണ്ട് പ്രതികൾക്കും വിചാരണ കോടതി പിഴശിക്ഷ വിധിച്ചത്

ജി എസ് ടി വെട്ടിപ്പ്: സംസ്ഥാന വ്യാപക റെയ്ഡ്; 1,170 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് 1,170കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോർട്ട്.

കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായി ഒരേ സമയം റെയ്ഡ് നടന്നു.തൊഴിൽ വാഗ്ദാനം ചെയ്ത് തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്തതായും കണ്ടെത്തൽ.

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീ എന്ന പേരിലാണ് റെയ്ഡ് നടന്നത്.