Home Blog Page 2683

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ്. ബന്തടുക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക സ്വദേശി രതീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സ്വന്തം വർക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലിൽ രതീഷിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. വർക്ഷോപ്പിന് സമീപം ഇയാളുടെ സ്‌കൂട്ടർ ചരിഞ്ഞു വീണ നിലയിൽ കണ്ടെത്തി. വാഹനം നിർത്തുന്നതിനിടയിൽ കാൽ വഴുതി ഓവ് ചാലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസറഗോഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് , നിർണായകമായത് ഒരു ഫോൺ കാൾ

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് .
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. കുടക് സ്വദേശിയായ 35 വയസുകാരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമൂലം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
ഭാര്യയെ മറ്റൊരാളുടെ ഫോണില്‍ നിന്ന് പ്രതി വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇന്ന് രാത്രിയോടെ പ്രതിയുമായി പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്‌സോ,പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഇത്!

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് ഇപ്പോഴും പലർക്കും ആശയക്കുഴപ്പമാണ്. ചിലർ രാവിലെകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സൗകര്യം നോക്കി വൈകുന്നേരവും രാത്രികളും തെരഞ്ഞെടുക്കുന്നു.

ശരീരം അനങ്ങിയാൽ പോരെ അതിനും സമയം ഉണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എങ്കിൽ ഉണ്ട്, എന്നാണ് ഉത്തരം. കാരണം വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ താപനില ഉയരാനും ഹൃദയമിടിപ്പ് വർധിക്കാനും കാരണാകും. കൂടാതെ ശരീരത്തിലെ അഡ്രിനാലിൻ, എൻഡോർഫിൻ ഹോർമോണുകൾ വ്യായാമം ചെയ്യുമ്പോൾ ഉൽപാദിക്കപ്പെടുന്നു. രാത്രി വൈകിയുള്ള വർക്ക്ഔട്ട് കഴിഞ്ഞ് വന്ന് നേരെ കട്ടിലിലേക്ക് കിടുന്ന ശീലം നിങ്ങളെ കൂടുതൽ രോഗി ആക്കും എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നമ്മളുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം വിപരീതമായാണ് പ്രവർത്തിക്കുന്നത്. രാത്രിസമയത്ത് സ്വാഭാവികമായി നമ്മുടെ ശരീരത്തിലെ താപനില താഴുന്നു. ഇതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന നൽകുന്നത്. വൈകുന്നേരമാണ് വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങൾ പറയുന്നു. ഈ സമയത്ത് പേശികളുടെ പ്രവർത്തനവും ശരീര താപനിലയും ഏറ്റവും ഉയർന്ന നിലയിലായതിനാലാണിത്. എന്നാലും രാവിലെ വ്യായാമം ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ഒരു ദിവസം മുഴുൻ ഊർജ്ജ നിലയും മെറ്റബോളിസവും വർധിപ്പിക്കുന്നത് പോലെയുള്ള ഗുണങ്ങളുമുണ്ട്.

കൊട്ടാരക്കരയിൽ പെട്ടിക്കടയില്‍ മോഷണം

കൊട്ടാരക്കര: സദാനന്ദപുരം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പെട്ടിക്കടയില്‍ മോഷണം. 2000 രൂപയും വില്‍ക്കാന്‍ വച്ചിരുന്ന സാധങ്ങളും മോഷണം പോയതായാണ് പരാതി. സദാനന്ദപുരം ഹൈസ്‌കൂള്‍ ജങ്ഷനില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി ശാന്തമ്മ എന്ന സ്ത്രീ നടത്തി വന്ന പെട്ടിക്കടയിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.
രാവിലെ കട തുറക്കാനെത്തിയപ്പോള്‍ കട കുത്തിതുറന്ന് നശിപ്പിക്കുകയും സാധനങ്ങളും പണവും മോഷണം പോയ നിലയിലും കാണപ്പെടുകയായിരുന്നു. വാളകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൊല്ലത്തെ ബൈക്ക് മോഷണം; പ്രതികള്‍ പിടിയിലായതായി സൂചന

കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ പേ പാര്‍ക്കിങ്ങില്‍ നിന്നുള്‍പ്പെടെ ബൈക്കുകള്‍ മോഷണം പോയെന്ന പരാതിയിന്മേല്‍ ഏഴ് പേര്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായതായി സൂചന. കൊല്ലം സ്വദേശികളും സ്ഥിരം ബൈക്ക് മോഷ്ടാക്കളുമാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായവരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ മാസം 30ന് ആണ് പേ പാര്‍ക്കിങ്ങില്‍ നിന്നുംമറ്റും നിരവധി ബൈക്കുകള്‍ മോഷണം പോയത്. നഗരപരിധിയില്‍ ബൈക്ക് മോഷണങ്ങള്‍ വര്‍ധിച്ചിട്ടും പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

കാസർകോട് 10 വയസുകാരിയെ തട്ടികൊണ്ട് പോയി പീഢിപ്പിച്ച കേസ്സിലെ പ്രതി പിടിയിൽ

കാസർകോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. ആന്ധ്രയിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്‍റിലായിരുന്നു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നേരത്തെ ജയിലിൽ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും കേസിൽ നിർണ്ണായകമായി.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: 49 പ്രതികള്‍ കോടതിയിൽ ഹാജരായി

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകട ദുരന്ത കേസില്‍ 49 പ്രതികള്‍ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. 30-ാം പ്രതി കമ്പക്കെട്ട് തൊഴിലാളിയായ അനു എന്ന അനുരാജ് ഒഴികെയുള്ളവരാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ മുമ്പാകെ ഹാജരായത്. ആകെ 59 പ്രതികളുള്ളതില്‍ ഒമ്പത് പേര്‍ മരണപ്പെട്ടു. ബാക്കിയുള്ള 49 പേരില്‍ 44 പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120ബി (ക്രിമിനല്‍ ഗൂഡാലോചന), 188 (ഉദ്യോഗസ്ഥരുടെ നിയമാനുസൃത നിര്‍ദേശങ്ങളെ ധിക്കരിക്കല്‍), 324 (ആയുധങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ അപകടകരമായി മുറിവേല്പിക്കല്‍), 326 (ഗുരുതരമായി പരിക്കേല്പിക്കല്‍) എന്നിവയ്ക്ക് പുറമെ പൊലീസ് ആക്ടിലെ സെക്ഷന്‍ 39 (പൊലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിയമാനുസൃതമായ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍), സ്ഫോടകവസ്തു നിയമത്തിലെ 91 (ബി) (നിര്‍ദേശത്തിന് വിരുദ്ധമായി സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയോ കൈവശം വയ്ക്കുകയോ എത്തിക്കുകയോ ചെയ്യുക) തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും.
പുറ്റിങ്ങൽ സ്പെഷ്യൽ കോടതിയിലെ കമ്പ്യൂട്ടർവൽക്കരണവും ഇലക്ട്രിക്കൽ പ്രവൃത്തികളും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൂടി പൂർത്തിയായാൽ സ്പെഷ്യൽ കോടതിയിലേക്കു കേസ് മാറ്റും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രനാണ് ഹാജരാകുന്നത്.

വീടിന്റെ ഭിത്തി ഭാഗികമായി തകർന്നു

ഓയൂർ: ശക്തമായ മഴയിൽ വീടിന്റെ ഭിത്തികൾ തകർന്നു. പൂയപ്പള്ളി കാറ്റാടി പള്ളിതാഴതിൽ വീട്ടിൽ വിജയമ്മയുടെ വീടിന്റെ ഭിത്തി മഴയിൽ ഭാഗികമായി തകർന്നു. ഏകദേശം 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൂയപ്പള്ളി വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

ബാർ കോഴക്ക് നീക്കം: മദ്യനയത്തിൽ ഇളവ് ലഭിക്കാൻ പണം നൽകണമെന്ന് ശബ്ദരേഖ; ഗുഢാലോചനയെന്ന് സംസ്ഥാന പ്രസിഡൻ്റ്

കൊച്ചി:
മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം.

രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്ന് അനിമോൻ പറയുന്നുണ്ട്.

ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്ന് അനിമോൻ പറയുന്നുണ്ട്. അതേസമയം പണപ്പിരിവിന് നിർദേശം നൽകിയിട്ടില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന പ്രസിഡന്റ് വി സുനിൽകുമാർ പ്രതികരിച്ചു

.