Home Blog Page 2682

ജാതി അധിക്ഷേപം: അഡ്വ.ജയശങ്കറിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, അന്വേഷണം തുടരാം

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അഭിഭാഷകനായ എസ്. ജയശങ്കറിനെതിരെ സച്ചിൻ ദേവ് എം എൽ എ നൽകിയ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്നാൽ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ്സിൽ അന്വേഷണം തുടരാമെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെയും പരിഹസിച്ച് ജയശങ്കര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

‘നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സച്ചിന്‍ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല’, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറയുന്നത്. ഇതാണ് പരാതിക്കാധാരം.

ചവറയില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചവറ: മത്സ്യബന്ധനത്തിനിടയില്‍ വള്ളത്തില്‍ നിന്നും കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടത്തി. നീണ്ടകര സൂര്യമംഗലത്ത് വീട്ടില്‍ സെബാസ്റ്റ്യന്റെ (റിഗണി -44) മൃതദേഹമാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം ഇരവിപുരത്തിന് സമീപം കടലില്‍ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞദിവസം നീണ്ടകര ലൈറ്റ് ഹൗസിന് സമീപമാണ് അപകടം നടന്നത്. പുലര്‍ച്ചെ നീണ്ടകരയില്‍ നിന്നും മറ്റു തൊഴിലാളികളുമായി സെന്റ് ജോണ്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയി കടലില്‍ വല വലിക്കുന്നതിനിടെ ബോട്ടില്‍ നിന്നും തെന്നി കടലില്‍ വീണ് കാണാതാവുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും മറ്റു ബോട്ടിലെ തൊഴിലാളികളും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും സെബാസ്റ്റ്യനെ കണ്ടെത്താനായില്ല. നിത്യയാണ് സെബാസ്റ്റ്യന്റെ ഭാര്യ. ഒലീബിയ, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മക്കളാണ്.

മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ ഇരുമ്പ് തോട്ടി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

അഞ്ചൽ പാണയത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.ദേവികാഭവനിൽ മനോജാണ് മരിച്ചത്.മാങ്ങ പറിക്കുന്നതിനിടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. ഷോക്കേറ്റു താഴെ വീണ മനോജ് തൽക്ഷണം മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ബാറുടമകളുടെ പണപ്പിരിവ്: അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി മന്ത്രി രാജേഷ്

തിരുവനന്തപുരം:
ബാറുടമകളുടെ പണപ്പിരിവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് മന്ത്രി കത്തയച്ചത്.
കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്. ഇതിന് പിന്നാലെ സർക്കാരിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രം?ഗത്തെത്തിയിരുന്നു.

ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

ടര്‍ബോ ആദ്യദിന കളക്ഷന്‍ കലക്കി…..

മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടര്‍ബോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 6.2 കോടി രൂപയാണ് ചിത്രം ആദ്യ ദിവസത്തില്‍ വാരിയത്. ഇതോടെ ഈ വര്‍ഷം ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ടര്‍ബോ മാറി. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ റെക്കോര്‍ഡാണ് ടര്‍ബോ തകര്‍ത്തത്. 5.86 കോടിയായിരുന്നു വാലിബന്റെ ആദ്യ ദിന കളക്ഷന്‍. പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടിയാണ് നേടിയത്. ആദ്യ ഷോയില്‍ത്തന്നെ വെടിക്കെട്ട് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായി. 224 എക്‌സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്.

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി…. കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ തള്ളി

കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.
കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്റെ കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
2014 ഏപ്രില്‍ 16നാണ് നിനോ മാത്യു കാമുകി അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിന്റെ പിതാവ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കി

കൊച്ചി: റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസണ്‍ 6-ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കി പിതാവ്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ജാസ്മിനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതിനൊപ്പം അപകീര്‍ത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായി പേരെടുത്ത ജാസ്മിന്‍ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴ, എക്‌സൈസ് മന്ത്രി രാജിവയ്ക്കണം,കോണ്‍ഗ്രസ്

തിരുവനന്തപുരം. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പുറത്തുവന്ന പുതിയ ബാര്‍കോഴ വിവാദം സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴയെന്നും എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധകാരന്‍. കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ആരെങ്കിലും പണപ്പിരിവ് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇടുക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ ആവശ്യപ്പെട്ടു.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തുക പിരിച്ചുവെന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നത് കുടിശികയെന്നും കെ.സുധാകരന്‍.

ബാറുടമകളില്‍ നിന്നും കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എക്‌സൈസ് മന്ത്രി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുമെന്നും വി.ഡി.സതീശന്‍.

മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം്.ബി.രാജേഷ്. മദ്യനയത്തിന്റെ പേരില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും. ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍.കേരളത്തില്‍ നടക്കുന്ന ഡല്‍ഹിമോഡല്‍ ബാര്‍ കോഴയാണെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ അഭിഭാഷക മരിച്ചു

കോട്ടയം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ അഭിഭാഷക മരിച്ചു. മരിച്ചത് കോട്ടയം ബാറിലെ അഭിഭാഷക ഫർഹാന ലത്തീഫാണ് (24)മരിച്ചത്. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയാണ് അഭിഭാഷകയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച 6 മണിക്ക് പള്ളത്ത് വെച്ചായിരുന്നു അപകടം

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരംബില്ല് കൊണ്ടുവരാൻ തീരുമാനം

തിരുവനന്തപുരം. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരം
ബില്ല് കൊണ്ടുവരാൻ തീരുമാനം.ഓർഡിനൻസ് നിലനിൽക്കാത്തതുകൊണ്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം.ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി
ഗവർണർ ഓർഡിനൻസ് മടക്കി.സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വേഗത്തിൽ അനുമതി കിട്ടിയില്ല.
ഇതോടെയാണ് ഓർഡിനൻസിന് പകരം ബില്ലു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കാൻ ആണ് തീരുമാനം.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസിന് പകരം ബില്ല് തന്നെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.