Home Blog Page 2680

വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി.വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്

FILE PIC

നടി മീര വാസുദേവ് വിവാഹിതയായി

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. സോഷ്യൽ മീ‍ഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.

പെരിയാറിലെ മത്സ്യക്കുരുതി: പരിസ്ഥിതി നിയന്ത്രണ ബോർഡ് എഞ്ചിനിയറെ സ്ഥലം മാറ്റി

കൊച്ചി: പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തുന്നു. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും. കുഫോസിലെ വിദഗ്‌ധ സമിതിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രാസമാലിന്യം എന്താണെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. മത്സ്യ കര്‍ഷകര്‍ക്കായുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിന്‍റെ കണക്കെടുപ്പും ഏറെക്കുറെ പൂര്‍ത്തിയായി. നഷ്ട പരിഹാരത്തിന് നിയമ വഴി തേടിയ മത്സ്യകര്‍ഷകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്

വിദ്യാർത്ഥി കായലില്‍ മുങ്ങി മരിച്ചു

കരുനാഗപ്പള്ളി: ചെറിയഴീക്കല്‍ കുറ്റുംമൂട്ടില്‍ രതീഷ്-സൗമ്യ കുമാരി ദമ്പതികളുടെ മകന്‍ ജഹത്ത്‌ദേവ് (17) കായലില്‍ മുങ്ങി മരിച്ചു. ഇന്നലെ 11 മണിയോടു കൂടി കൂട്ടുകാരുമായി കായലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറിയഴീക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തി ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ…

ചെന്നൈ: ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങൾക്ക് അവസാനം. ക്വാളിഫയർ മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 36 റൺസിന് രാജസ്ഥാനെ തോൽപ്പിച്ചു. സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ എത്തിയത്. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഷഹബാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും രാജസ്ഥാനെ വിജയതീരമണക്കാനായില്ല. എളുപ്പം മറികടക്കാമെന്ന് തോന്നിച്ചൊരു വിജയലക്ഷ്യത്തിന് മുന്നിൽ സഞ്ജുവും സംഘവും കളി മറക്കുന്ന കാഴ്ചയാണ് ആരാധകർ ചെപ്പോക്കില്‍ കണ്ടത്. ഓപ്പണറുടെ റോളിലെത്തിയ കാഡ്‌മോർ പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ ഏറെ വിഷമിച്ചു. 16 പന്തിൽ 10 റൺസെടുത്ത കാഡ്‌മോറിനെ നാലാം ഓവറിൽ പുറത്താക്കി പാറ്റ് കമ്മിൻസാണ് രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമിട്ടത്. എന്നാൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിന്നും ഫോമിലായിരുന്നു. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിനെ ഷഹബാസ് അഹ്‌മദ് അബ്ദുസ്സമദിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ രാജസ്ഥാൻ പരുങ്ങലിലായി.
പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റിയാൻ പരാഗിനേയും ഷഹബാസ് തന്നെയാണ് മടക്കിയത്. പിന്നീടെത്തിയ ധ്രുവ് ജുറേൽ രക്ഷാ ദൗത്യം ഏറ്റെടുത്തെങ്കിലും ജുറേലിനൊപ്പം രാജസ്ഥാൻ ഇന്നിങ്‌സ് പടുത്തുയർത്താൻ ആരുമുണ്ടായിരുന്നില്ല. ഷിംറോൺ ഹെറ്റ്‌മെയർ നാല് റൺസെടുത്ത് പുറത്തായപ്പോൾ എലിമേനറ്റിലെ ഹീറോ റോവ്മാൻ പവൽ ആറ് റൺസിന് വീണു. ഒടുവില്‍ അവസാന ഓവര്‍ എറിയും മുമ്പേ ഹൈദരാബാദ് വിജയമുറപ്പിച്ചു. 

നേരത്തേ  ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.അർധ സെഞ്ച്വറി കുറിച്ച ഹെൻഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

കോന്നിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട :കോന്നി പയ്യനാമണ്ണിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം സ്വദേശി ആശിഷാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ആശിഷ് പലപ്പോഴായി മർദിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് ആര്യ മരിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.

രണ്ട് ദിവസമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് കേസെടുത്തിരിക്കുന്നത്.

സ്വരധാര സ്കൂൾ ഓഫ് മ്യൂസിക്ക് 20-ാം വാർഷികം ആഘോഷിച്ചു

വെള്ളറട: സ്വരധാര സ്ക്കൂൾ ഓഫ് മ്യൂസിക്കിൻ്റെ 20-ാമത് വാർഷീകാഘോഷം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ കുമാർ അധ്യക്ഷനായി. കേരളാ സംഗീത നാടക അക്കാഡമി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് സർവ്വേശ്വരൻ മുഖ്യാതിഥി ആയിരുന്നു.

കാനക്കോട് സാൽവേഷൻ ആർമി കോർ ഓഫീസർ ലെഫ്.സാം പി വർഗ്ഗീസ്, അനിൽകുമാർ (എഫ് എഫ് സി എ വെള്ളറട ) ഗ്രാമ പഞ്ചാത്ത് അംഗം നളിനകുമാർ, സംസ്കൃതി റസിഡൻ്റസ് അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ.രാജു ,ശ്രീകണ്ഠൻ (മ്യൂസിക്ക് കമ്യൂൺ തിരുവനന്തപുരം)
സ്വരധാര മാനേജിംഗ് ഡയറക്ടർ ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.
സ്വരധാരയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു.
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

മുതുപിലാക്കാട്ട് മരം കടപുഴകി വീണ് വീട് തകർന്നു

ശാസ്താംകോട്ട:ശക്തമായ മഴയിൽ മുതുപിലാക്കാട്ട് മരം കടപുഴകി വീണ് വീട് തകർന്നു .മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീവിലാസം വീട്ടിൽ വനജകുമാരിയുടെ വീടാണ് തകർന്നത്.വെള്ളി രാവിലെയാണ് മരം കടപുഴകി വീടിന് മുകളിലേക്ക് വീണത്.മേൽക്കൂരയ്ക്കും ഭിത്തികൾക്കും നാശനഷ്ടം സംഭവിച്ചു.വീട്ടിൽ ആളില്ലാതിരുന്ന സമയത്താാണ് സംഭവം.ഏകദേശം 1,25000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

ശാസ്താംകോട്ട കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി കോളേജിൽ ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള, ബന്ധപ്പെട്ട വിഷയത്തിൽ പി.ജി,നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 28ന് രാവിലെ 10.30 ന് കോളേജിൽ
ഇന്റർവ്യൂവിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മാങ്ങ പറിയ്ക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

അഞ്ചല്‍: മാങ്ങ പറിയ്ക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. ഏരൂര്‍ പാണയം മനോജ്ഭവനില്‍ മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടുപുരയിടത്തിലെ മാവില്‍ ഇരുമ്പ് ഏണിവച്ച് കയറി ഇരുമ്പ് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതിയതു മൂലം തോട്ടി സമീപത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് മനോജിന് ഷോക്കേറ്റത്. ഷോക്കേറ്റുവീണ മനോജ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ഏരൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: ദേവിക, ഗോകുല്‍.