Home Blog Page 2670

നരേന്ദ്ര മോദി മന്ത്രിസഭയിൽ കുടുംബവാഴ്ച; പട്ടിക പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി :
നരേന്ദ്രമോദി മന്ത്രിസഭയിൽ കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുലിന്റെ പരിഹാസം. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും രാഹുൽ എക്‌സിൽ പങ്കുവെച്ചു.

പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ സർക്കാർ കുടുംബങ്ങളിലേക്ക് അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്രമോദി എന്ന് വിളിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി, മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, റിൻചിൻ ഖാരുവിന്റെ മകൻ കിരൺ റിജിജു, എക്‌നാഥ് ഷിൻഡെയുടെ മകൾ രക്ഷാ ഖഡ്‌സെ, ചൗധരി ചരൺ സിംഗിന്റെ ചെറുമകൻ ജയന്ത് ചൗധരി, റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ജയശ്രീ ബാനർജിയുടെ മരുമകൻ ജെപി നഡ്ഡ, ഓം പ്രകാശ് പാസ്വാന്റെ മകൻ കമലേഷ് പാസ്വാൻ തുടങ്ങി മോദി മന്ത്രിസഭയിലെ 20 നേതാക്കളുടെ പട്ടികയാണ് രാഹുൽ പങ്കുവെച്ചത്.

പ്ലസ് വണ്‍ പ്രവേശനം; രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10 മുതല്‍ 13 വൈകിട്ട് അഞ്ച് മണി വരെ പ്രവേശനം നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 13ന് വൈകീട്ട് അഞ്ചിന് മുമ്പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ല: ഉപഭോക്താവിന് പണവും നഷ്ടപരിഹാരവും

കൊല്ലം: എടിഎമ്മില്‍ നിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിനത്തില്‍ 5000 രൂപയും ഉള്‍പ്പെടെ 40,000 രൂപ ഉപഭോക്താവിന് നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി.
കൊല്ലം പോലീസ് വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ വി. സുപ്രഭ 2019 ഏപ്രില്‍ 12-ന് ഇരവിപുരം കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 10,000 രൂപ മാത്രമാണ് ലഭിച്ചത്.
ഇവരുടെ കൊല്ലം സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20,000 രൂപ കുറവ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബാങ്കിലും ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നല്‍കിയെങ്കിലും അവ തള്ളുകയുണ്ടായി.
തുടര്‍ന്നാണ് സുപ്രഭ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ വിചാരണ നടത്തിയ ശേഷമാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. സി. പദ്മകുമാരന്‍ നായര്‍ കമ്മീഷനില്‍ ഹാജരായി.

ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെങ്കിൽ ‘പാട് ‘പെടണം;ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ വലഞ്ഞ് രോഗികൾ

ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ അപ്രഖ്യാപിത മാറ്റങ്ങളും പരിഷ്കാരങ്ങളും രോഗികളെ വലയ്ക്കുന്നു.ഒ.പി ടിക്കറ്റ്
കൊടുക്കുന്ന കൗണ്ടറിൽ ഏത് വഴി എത്തണമെന്നോ ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറുടെ അടുത്തേക്ക് ഏത് വഴി പോകണമെന്നോ രോഗികൾക്ക് യാതൊരു നിശ്ചയവുമില്ല.കൗണ്ടറിന്റെ ഇടതു ഭാഗത്തെ മതിലിനു സമീപമുള്ള ചെറിയ നടവഴിയിലൂടെ പ്രയാസപ്പെട്ടാൽ മാത്രമേ ഡോക്ടറുടെ അടുത്തേക്ക് എത്താൻ സാധിക്കൂ.മതിലിന്റെ നടുവിൽ വളവിലായി തലയിൽ മുട്ടുംവിധം ഇലക്ട്രിക് കേബുകളടക്കം കടന്നു പോകുന്നു.പ്രായമായതും അവശരായവരുമടക്കമുള്ളവർ ഈ ഭാഗത്തുകൂടി കടന്നു പോകണമെങ്കിൽ തല കൂനിച്ച് നുഴഞ്ഞ് കയറണം.തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇടുങ്ങിയ ഈ വഴി.ഇതിനാൽ ഭയപ്പാടോടെയാണ്
രോഗികൾ അടക്കമുളളവർ യാത്ര ചെയ്യുന്നത്.ആശുപത്രിയുടെ പ്രധാന കവാടത്തോട് ചേർന്നാണ് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറെ കാണുന്നതിന് വലതു ഭാഗത്ത് നിർമ്മാണം നടക്കുന്ന മാതൃ -ശിശു ബ്ലോക്കിന് സമീപത്തു കൂടിയുള്ള നടവഴിയിലൂടെയാണ് നാളുകളായി രോഗികൾ സഞ്ചരിച്ചിരുന്നത്.എന്നാൽ മഴ ശക്തമായതോടെ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഈ വഴി അടയ്ക്കുകയായിരുന്നു.എന്നാൽ മറ്റൊരു വഴി സാധ്യമാക്കാനോ,വഴി അടച്ച വിവരവും ഏത് വഴി പോകണമെന്ന് അറിയിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കാത്തതാണ് വിനയായത്.തിരക്കേറിയ തിങ്കളാഴ്ച എണ്ണൂറോളം രോഗികളാണ് ഒ.പി യിൽ മാത്രമെത്തിയത്.കൂടെ എത്തിയവരും അത്രത്തോളം വരും.എന്നാൽ വഴി അറിയാതെ,ദിക്കറിയാതെ രോഗികൾ വലഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് ആക്ഷേപമുണ്ട്.

ശാസ്താംകോട്ട കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട:കെ.എസ്.എം.ഡി.ബി കോളേജിൽ ഇക്കണോമിക്സ്, സംസ്കൃതം (വേദാന്തം),മലയാളം, ഗണിത ശാസ്ത്രം.ബോട്ടണി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്.
യുജിസി,സർവ്വകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ ജൂൺ 25ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും,രേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.ഫോൺ:0476-2830323,9497440754.

കാട്ടുപന്നിയുടെ ആക്രമണത്തിൽ കൃഷി നശിച്ചു

കുന്നത്തൂർ:കാട്ടുപന്നിയുടെ ആക്രമണത്തിൽ നേന്ത്ര വാഴ,മരച്ചീനി ഉൾപ്പെടെയുള്ള കൃഷി നശിച്ചു.കുന്നത്തൂർ കണ്ണാണി ഏലായിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ കിഴക്ക് പുത്തൂരഴികത്ത് വീട്ടിൽ കുന്നത്തൂർ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടുപന്നി കുലയ്ക്കാറായ നിരവധി വാഴകളടക്കം കുത്തിമറിച്ചത്.ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് നശിച്ചത്.കുന്നത്തൂർ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടം വിലയിരുത്തി.കല്ലടയാറിന്റെ തീരപ്രദേശമായ കുന്നത്തൂരിൽ കാട്ടുപന്നിയുടെ ആക്രമണം വ്യാപകമായിട്ടും പരിഹരിക്കാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പൂയപ്പള്ളി: പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റില്‍കര, മാരായമുട്ടം, രാഹുല്‍ ഭവനില്‍ ഗോകുല്‍ (24)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയ ഗോകുല്‍ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതും, ഫോണ്‍ വിളിക്കുന്നതും പതിവായി. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്സമീപത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ല എന്ന് അധ്യാപകര്‍ രക്ഷകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്‌കൂള്‍ വിടുന്ന സമയത്ത് മടങ്ങി എത്തി. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങള്‍ മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഗോകുലിനെ റിമാന്റ് ചെയ്തു.

ഓട്ടം വിളിച്ചു ഞെട്ടിക്കുന്ന അക്രമം,വനിതാ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊച്ചി. വൈപ്പിൻ പള്ളത്താംകുളങ്ങര സ്റ്റാൻഡിലെ വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചവര്‍ ആക്രമിച്ചു ഗുരുതരനിലയില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രി ഓട്ടം വിളിച്ചവരാണ് ചാത്തങ്ങാട് ബീച്ചിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. നട്ടെല്ലിനും വാരി എല്ലിനും പൊട്ടൽ സംഭവിച്ച ജയയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി ഞാറക്കൽ പോലീസ് പറഞ്ഞു

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണണമെന്ന് പറഞ്ഞ് ഒരാൾ ജയയുടെ ഓട്ടോയിൽ കയറിയത്. പോകുംവഴി രണ്ടുപേരെ കൂടി ഓട്ടോറിക്ഷയിൽ കയറ്റി. വൈപ്പിനിലെ ആശുപത്രിയിൽ പോയ സംഘം പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോയി. തുടർന്ന് ഇവരുടെ വാഹനം ചാത്തങ്ങാട് ബീച്ചിൽ ഉണ്ട് എന്ന് പറഞ്ഞ് അങ്ങോട്ടു പോകാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയശേഷം ആയിരുന്നു ജയ ക്രൂരമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾവിവരമറിഞ്ഞ് അവിടെ എത്തുമ്പോൾ ജയ ഗുരുതരമായ പരിക്കുകളുടെ കിടക്കുകയായിരുന്നു എന്നാണ് സാക്ഷി മൊഴി

അക്രമത്തിൽ ജയയുടെ ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടൽ ഏറ്റു. നട്ടെല്ലിനും ഗുരുതരമായ പരിക്കുപറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയ ഐസിയുവിലാണ് കഴിയുന്നത്. എന്തിനാണ് ജയയെ ആക്രമിച്ചതെന്ന് അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു

ജയ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ജയയുടെ കുടുംബം മുന്നോട്ടു പോയിരുന്നത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ ആവശ്യപ്പെട്ട പള്ളത്താംകുളങ്ങരയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.

നീറ്റ് പരീക്ഷ ക്രമക്കേട് വിവാദം, സുപ്രിം കോടതിയുടെ നിർണായക ഇടപെടൽ

ന്യൂഡെല്‍ഹി.നീറ്റ് പരീക്ഷ ക്രമക്കേട് വിവാദത്തിൽ സുപ്രിം കോടതിയുടെ നിർണായക ഇടപെടൽ.പരീക്ഷയുടെ പരിപാവനതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് രണ്ടംഗ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.MBBS കോഴ്സിലേക്കുള്ള കൗൺസലിംഗ് നടപടികൾ സ്റ്റേ ഇല്ല.

നീറ്റ് പരീക്ഷ ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥിനിയായ ശിവാംഗി മിശ്ര സമർപ്പിച്ച ഹരജിയിൽ ആണ് സുപ്രിം കോടതിയുടെ നിർണ്ണായക ഇടപെടൽ. നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

പരീക്ഷയുടെ പരിപാവനതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.വിഷയത്തിൽ എൻ.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നു ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.MBBS അടക്കമുള്ള കോഴ്സു കളിലേക്കുള്ള പ്രവേശനത്തിന്റെ കൗൺസിലിങ് നടപടികൾ തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.